X

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവ ഇടതുപക്ഷത്തിന് സമയമായെന്ന് മുല്ലപ്പള്ളി, രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ കൂടിയെന്ന് ഉമ്മന്‍ ചാണ്ടി

ബിജെപിയെ വളര്‍ത്തിയതിന്റെ ചരിത്രപരമായ ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജെപിയെ വളര്‍ത്തിയതിന്റെ ചരിത്രപരമായ ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനാധിപത്യ-മതേതര പാളയത്തില്‍ വിള്ളല്‍ വീഴ്ത്തിയത് എല്‍ഡിഎഫാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ബിജെപിയുടെ വേരോട്ടം തടയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവ ഇടതുപക്ഷത്തെപ്പറ്റി ചിന്തിക്കാന്‍ സമയമായെന്നും മുല്ലപ്പള്ളിയെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിക്കറ്റ് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസിന്റെ ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.

അതിനിടെ, നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്യാഗത്തെ പ്രകീര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് പാര്‍ട്ടിക്ക് കുറച്ചു ബുദ്ധിമുട്ടായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്യാഗം ചെയ്തതു വഴി വലിയ ജന പിന്തുണ നേടാന്‍ കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Also Read: ഗീതാ ഗോപി എംഎല്‍എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് ‘ശുദ്ധം വരുത്തി’ യൂത്ത് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിച്ച് വീടുകള്‍ കയറുകയാണ് ഇപ്പോള്‍ സിപിഎം നേതാക്കളെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, അക്രമ രാഷ്ട്രീയവും ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെ തിരിഞ്ഞതും ജനങ്ങളെ മറന്നുള്ള ഭരണവുമാണ് അവരെ തോല്‍പ്പിച്ചതെന്ന് ഏത് കൊച്ചു കുട്ടികള്‍ക്കുമറിയാം എന്നും കൂട്ടിച്ചേര്‍ത്തു. യുണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച കാര്യത്തിലുള്ള പരാതി പരിശോധിക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

Read Azhimukham: യൂണിവേഴ്‌സിറ്റി കോളേജിനു പിന്നാലെ മഹാരാജാസും; യൂണിയന്‍ ഓഫീസിന്റെ പൂട്ടു തകര്‍ക്കലും അഭിമന്യു സ്മൃതിമണ്ഡപവും എസ്എഫ്ഐയെ വീണ്ടും വിവാദത്തിലാക്കുന്നു