X

ആന്തൂർ: എംവി ഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജെയിംസ് മാത്യു; ശ്യാമളയ്ക്കെതിരായ ജയരാജന്റെ നിലപാട് തള്ളി സംസ്ഥാനസമിതി

താൻ കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച കാര്യം എംവി ഗോവിന്ദൻ സമ്മതിച്ചതായാണ് അറിയുന്നത്.

ആന്തൂരില്‍ സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ധർമ്മശാലയിലെ പൊതുയോഗത്തിൽ പ്രസംഗിച്ച ജയരാജന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. പികെ ശ്യാമളയെ വേദിയിലിരുത്തിയാണ് വിഷയത്തിൽ പാർട്ടിയുടെ നടപടിയുണ്ടാകുമെന്ന് ജയരാജൻ പ്രസ്താവിച്ചത്. എന്നാൽ ശ്യാമളയുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന നിലപാടാണ് പാർട്ടിക്ക്. സംസ്ഥാന സമിതി വിഷയത്തിൽ നടപടിയെടുക്കുമെന്ന് പ്രസംഗിച്ചപ്പോൾ അത് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതായി കോടിയേരി സംസ്ഥാന സമിതിയിൽ പറഞ്ഞുവെന്ന് മാതൃഭൂമി പോർട്ടൽ റിപ്പോർ‌ട്ട് ചെയ്യുന്നു.

‘പിജെ ആർമി’യെന്ന പേരിൽ ഫേസ്ബുക്കിൽ ചില പേജുകൾ ഉണ്ടാക്കി അതുവഴി ജയരാജൻ പാർട്ടി നിലപാടുകൾക്ക് നിരക്കാത്ത പ്രചാരണങ്ങൾ നടത്തുന്നുവെന്ന ആരോപണത്തിന്മേലും സെക്രട്ടറിയുടെ ഭാഗത്തു നിന്നും പരാമർശങ്ങളുണ്ടായെന്നാണ് വിവരം. പാർട്ടിയുമായി യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാം. അവ പാർട്ടി വേദികളിലാണ് പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജയരാജൻ സോഷ്യൽ മീഡിയ ഉപയോഗിച്ച് പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിർത്തുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നതാണ്. ഇതിനു പിന്നാലെ തന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജുകൾ താൻ വിചാരിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ഫേസ്ബുക്കിൽ ജയരാജൻ പരാതി ഉന്നയിക്കുകയും ചെയ്തു.

സാജന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ എംവി ഗോവിന്ദനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാട് എംഎൽഎ ജയിംസ് മാത്യൂ സ്വീകരിച്ചതായും റിപ്പോർട്ട് പറയുന്നുണ്ട്. താൻ സാജനെക്കൊണ്ട് മന്ത്രിക്ക് നിവേദനം നൽകി നടപടിയെടുപ്പിക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ എംവി ഗോവിന്ദൻ വിളിക്കുകയും അത് തടയുകയും ചെയ്തെന്ന ഗുരുതരമായ ആരോപണമാണ് ജയിംസ് മാത്യൂ ഉന്നയിച്ചത് കെടി ജലീലിനാണ് സാജൻ നിവേദനം നൽകിയത്. മന്ത്രി സ്ഥിതിഗതികളന്വേഷിക്കാൻ സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കൾ തമ്മിലുള്ള ഈഗോ പ്രശ്നമാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്തൂർ ഉൾപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ എംഎൽഎയാണ് ജയിംസ് മാത്യൂ.

താൻ കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച കാര്യം എംവി ഗോവിന്ദൻ സമ്മതിച്ചതായാണ് അറിയുന്നത്.

This post was last modified on June 26, 2019 8:51 pm