X

ഒബാമയില്ല, സാദിക് ഖാനില്ല, ഇ എം എസ്സോ ആന്റണിയോ ഇല്ല

ടീം അഴിമുഖം

 

തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപ്രക്രിയയിലെ അങ്ങേയറ്റം പ്രധാനപ്പെട്ട ഒരനുഷ്ഠാനം തന്നെയാണ്. എന്നാല്‍ നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളിലെ ശരികേടുകളുടെ ദയനീയ ആവര്‍ത്തനമാകുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍. ജനാധിപത്യമാകുന്ന വസന്തത്തെ സ്വാര്‍ത്ഥതയുടെ വെയിലില്‍ കരിയാന്‍ വിടുന്ന പതിവ് കേരളത്തിലെ സമ്മതിദായകര്‍ ഇത്തവണയും തെറ്റിച്ചില്ല എന്നു പറയേണ്ടി വരും. 

 

പൊള്ളയായ, ആഴത്തിലിറങ്ങാത്ത, ഭീഷണിയുടെ സ്വരമുള്ള, വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ വെറും രാഷ്ട്രീയത്തിനാണ് നാം പല ദശകങ്ങളായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുത എല്‍‌ഡി‌എഫിന്‍റെ വിജയാഹ്ലാദത്തിലും മറന്നുകൂടാത്തതാണ്. ഫ്ലെക്സ് ബോര്‍ഡുകളും കോര്‍പ്പറേറ്റുകള്‍ ഒഴുക്കുന്ന പണവും മാത്രമേ നമ്മുടെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉയര്‍ത്തിക്കാണിക്കാന്നുള്ളു.

 

നമുക്കു മുന്നിലുള്ള അനേകമനേകം വെല്ലുവിളികളെ ഭരണത്തിലേറുന്ന എല്‍‌ഡി‌എഫ് ആത്മവിശ്വാസത്തോടെ നേരിടുമെന്ന് കരുതുന്നത് രാഷ്ട്രീയ നിഷ്കളങ്കതയാവും. നെഗറ്റീവ് പൊളിറ്റിക്സിന്‍റെ ചളിക്കുണ്ടില്‍ നിന്നു പുരോഗമന രാഷ്ട്രീയത്തിന്‍റെ പുതിയ കാലഘട്ടത്തിലേയ്ക്ക് കേരളം കടക്കുമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരത്തില്‍ കുറഞ്ഞ ഒന്നുമല്ലതാനും.

 

വൃദ്ധ നേതാക്കള്‍, അധികാരവും നിയന്ത്രണവും കയ്യിലൊതുക്കുന്ന ഒരു ചെറുവിഭാഗം രാഷ്ട്രീയക്കാര്‍, അര്‍ത്ഥമില്ലാത്ത വാക്പയറ്റുകള്‍- ഇങ്ങനെ പ്രതികൂല രാഷ്ടീയത്തിന്‍റെ എല്ലാ ദോഷങ്ങളും ഇനിയും നമ്മള്‍ സഹിക്കേണ്ടി വരുമെന്ന് ഉറപ്പ്. 

 

ഇന്ത്യന്‍ ജനാധിപത്യത്തില്‍ വ്യത്യസ്ഥത അവകാശപ്പെടുന്നവരാണ് കേരള ജനത: ആഗോള നിലവാരമനുസരിച്ചുപോലും  മെച്ചപ്പെട്ട ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡെക്സ്, നരേന്ദ്ര മോദിയുടെ സൊമാലിയ താരതമ്യത്തെ പരിഹസിച്ചു പുറംതള്ളുന്ന മനോഭാവം, പുരോഗമന മതേതര നിലപാടുകളെപ്പറ്റി ഉച്ചത്തില്‍ നടത്തുന്ന അവകാശവാദങ്ങള്‍, പ്രബുദ്ധരായ വോട്ടര്‍മാര്‍.

 

എന്നാല്‍ മേല്‍പ്പറഞ്ഞ നേട്ടങ്ങളെ ഒന്നും പുതിയ കണക്കുകള്‍ പിന്തുണയ്ക്കുന്നില്ല. ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡെക്സ് ഇപ്പോള്‍ ഒരു പഴയകാല നേട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ നേതാക്കന്മാര്‍ക്ക് ആ ആക്കം നിലനിര്‍ത്താനാവുന്നില്ല എന്നുമാത്രമല്ല അത്തരം മുന്നേറ്റങ്ങളെ ആവുംപോലെ അവര്‍ പരാജയപ്പെടുത്തുന്നുമുണ്ട്. 

 

മഹത്തായ രാഷ്ട്രീയ പാരമ്പര്യമുണ്ട് കേരളത്തിന്. എന്നാല്‍ സമകാലീന രാഷ്ടീയ സ്ഥിതിഗതികള്‍ ഒട്ടും മതിപ്പുളവാക്കുന്നില്ല. പ്രൌഡവും സ്വതന്ത്രവും ധീരവുമായ, ദീനാനുകമ്പയുള്ള ഒരു രാഷ്ട്രീയ ചിന്താധാരയും കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ഉയര്‍ന്നു വന്നതായി നമ്മള്‍ കണ്ടിട്ടില്ല.  ഇ‌എം‌എസ് നയിച്ച ആദ്യ തലമുറ കമ്യൂണിസ്റ്റുകാരുടെ പ്രഭാവത്തിനൊപ്പമെത്തുന്നതില്‍, അല്ലെങ്കില്‍ എ കെ ആന്‍റണിയെ പോലെയുള്ളവര്‍ മുന്നിട്ടിറങ്ങി ജനങ്ങളില്‍ ഉണര്‍ത്തിയ അസ്വസ്ഥതയെ അടുത്ത തലത്തിലേക്കെത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. 

 

ഒരു ബറാക് ഒബാമയേയോ സാദിക് ഖാനെയോ സൃഷ്ടിക്കാന്‍ കേരള രാഷ്ട്രീയത്തിനാവുന്നില്ല. നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള ദു:ഖകരമായ വിശദീകരണമാണത്.

 

ഒബാമ പറഞ്ഞതുപോലെ സത്യസന്ധമായ വാക്കുകള്‍ നമ്മള്‍ എന്നാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന്‍ അവസാനമായി കേട്ടത്? അദ്ദേഹം പറഞ്ഞു, “ഇങ്ങനെയൊരു ദിവസം ഒരിക്കലും വരില്ല എന്നവര്‍ പറഞ്ഞു.” അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്, “വിചിത്രമായ പേരുള്ള ഒരു ചടച്ച പയ്യന്‍,” എന്നായിരുന്നു. “ഞാന്‍ പണത്തിന്‍റെയോ ഗ്ലാമറിന്‍റെയോ സ്ഥാനാര്‍ത്ഥിയല്ല, അങ്ങനെയൊരു അവകാശവാദവുമില്ല.”

 

ആഗോളതലത്തില്‍, യു‌എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പോലും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പതിവായ ഇക്കാലത്ത് ആത്മാഭിമാനത്തോടെ ഒരു സ്ഥാനാര്‍ത്ഥി ഉയര്‍ന്നുവന്ന് നിലവാരമുള്ള ചര്‍ച്ചകള്‍ നടത്തുന്നതും ജനക്ഷേമമാണ് തന്‍റെ പ്രാഥമിക കര്‍ത്തവ്യമെന്ന് മറക്കാതിരിക്കുന്നതും നമ്മള്‍ കണ്ടിട്ട് എത്ര നാളായിക്കാണും? ലണ്ടനിലെ പുതിയ മേയറായ സാദിക് ഖാന്‍റെ രാഷ്ട്രീയ രീതികളും പെരുമാറ്റവും നമുക്കിന്നും ഒരു വിദൂരക്കാഴ്ചയാണ്. കേരളത്തില്‍ ഉടനെയൊന്നും അതൊരു സാധ്യതയല്ല. 

 

പല കാരണങ്ങള്‍ക്കൊണ്ട്, പ്രത്യേകിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍, കേരളത്തിലെ പാഴായിപ്പോയ തെരഞ്ഞെടുകളിലൊന്നായി ഇതും. പ്രതീക്ഷകളുടെ അഹങ്കാരമാണ് കണ്ടത്, വ്യക്തികളുടെ നിശ്ചയദാര്‍ഡ്യമല്ല. സത്യസന്ധരല്ലാത്ത വൃദ്ധ നേതാക്കളുടെ നടനമായി അത്.

 

പാഠപുസ്തകങ്ങളിലും പുരാവസ്തു മ്യൂസിയങ്ങളിലുമൊതുങ്ങുന്നതല്ല തങ്ങളുടെ മഹത്തായ ചരിത്രം, അത് ദൈനംദിന രാഷ്ട്രീയത്തിലെ ഓരോ നിമിഷത്തിലും ഓരോ കാല്‍വെയ്പ്പിലും തെളിഞ്ഞു കാണാവുന്ന ജീവനുള്ള യാഥാര്‍ത്ഥ്യമാണെന്ന് തങ്ങളെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം വിളിച്ച് പറയുന്ന കാലം അധികം വൈകാതെ ഉണ്ടാവട്ടെ എന്നു പ്രതീക്ഷിക്കാം. 

 

This post was last modified on May 19, 2016 3:25 pm