X

എന്തുകൊണ്ട് വിഎസ് മുഖ്യമന്ത്രി ആകണം?

ഡി ധനസുമോദ്

വടക്ക് നിന്ന് തെക്കോട്ട്‌ നടത്തിയ വി എസിന്റെ പ്രചാരണമാണ് സത്യത്തിൽ ഉമ്മൻചാണ്ടിയുടെ സര്ക്കാരിനെ തെക്കോട്ട്‌ എടുത്തത് . ഉമ്മൻചാണ്ടിയുടെ പേരിലെ കേസുകൾ എണ്ണി പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്നായിരുന്നു ആദ്യ ഭീഷണി. ഈ കേസ് ബുമറാങ്ങ് പോലെ ഉമ്മൻചാണ്ടിക്കെതിരെ തിരിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹർജി കോടതി ചവറ്റു കോട്ടയിലേക്കു തള്ളിയപ്പോൾ  ഇടതു പക്ഷത്തിനു പ്രചരണത്തിൽ മേൽക്കൈ നേടുകയായിരുന്നു. ഇടതുപക്ഷ പ്രചരണത്തിലെ നായകനായി വി എസ് എത്തിയത് മുതൽ പ്രതിനായകൻ ഉമ്മൻചാണ്ടി ആയി മാറി. 

സമീപകാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ കാംപയിനർ എ .കെ ആന്റണിയാണ് . ഇത്തവണ ആന്റണി ഇറങ്ങിയപ്പോൾ തന്നെ ഹെലികോപ്റ്റർ അഴിമതി ആകാശത്ത്‌ വട്ടം ചുറ്റി തുടങ്ങി. ഇതോടെ ബിജെപി യെ ആക്രമിക്കാനാണ് ആന്റണി സമയം ചിലവഴിച്ചത്. യുപിഎ അഴിമതിയുടെ മുന്നിൽ ആറാട്ട്മുണ്ടൻ ആയിരുന്നു എന്ന് പറഞ്ഞു ആന്റണിയുടെ ഇമേജിൽ വിഎസ് നേരത്തെ കരിനിഴൽ വീഴ്ത്തിയിരുന്നു. ഇത്തവണ പ്രചരണം നയിച്ച ഉമ്മൻചാണ്ടി വിഎസിന്റെ പരിഹാസ ശരങ്ങൾ കൊണ്ട് വിഷമിച്ചു.

തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് മാത്രം സോഷ്യൽ മീഡിയയിൽ സജീവമായ വിഎസ് കേരളത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതി മൗസ് ക്ലിക്കുകളിലൂടെ നിയന്ത്രിക്കുകയായിരുന്നു.വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റിനായി മാധ്യമങ്ങൾ കാത്തിരുന്നു. രാഷ്ട്രീയത്തോട് താല്പര്യമില്ലാത്ത ഒരു വിഭാഗം ടെക്കികളെയും ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ കഴിഞ്ഞത് അടുത്ത നേട്ടമായി.

വളരണം ഈ നാട് തുടരണം ഈ ഭരണം എന്ന യുഡിഎഫ് മുദ്രാവാക്യം പ്രചരിച്ചു തുടങ്ങിയപ്പോൾ ബദൽ നിർദേശം വി എസ് അച്യുതാനന്ദൻ മുന്നോട്ടു വച്ചു. “തടയണം ഈ കൊള്ളസംഘത്തെ ,രക്ഷിക്കണം ഈ നാടിനെ” 93 വയസിൽ ഒരു ദിവസം 200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വി.എസ് പ്രചരണം നടത്തിയത്. എഴുതി വായിക്കുക ആയിരുന്നില്ല അലറിവിളിച്ചു ഉമ്മൻചാണ്ടിയെയും കൂട്ടരെയും രാഷ്ട്രീയമായി നേരിടുകയാണ് വി എസ് ചെയ്തത് . പ്രായത്തിന്റെ പേര് പറഞ്ഞു ഇദ്ദേഹത്തെ പടിക്ക് പുറത്തിരുത്താൻ കഴിയില്ലെന്ന് സാരം. 

മലമ്പുഴയിൽ വിഎസ്  നേടിയ വിജയത്തിൽ കള്ളവോട്ടിന്റെ ദുർഗന്ധമല്ല മറിച്ച്   ജനങ്ങളുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും സുഗന്ധം കൂടിയാണ്. വി എസിനെ ഒരു നോക്ക് കാണാൻ തിങ്ങി കൂടിയവരിൽ ഏറെയും ചെറുപ്പക്കാരായിരുന്നു. വി എസിന് ഭൂരിപക്ഷം കൂടിയാൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കുമെന്ന് പോലും വെള്ളാപ്പള്ളി പറഞ്ഞു . ബിജെപി യോട് ചേർന്ന് ബിഡിജെഎസ് ഉണ്ടാക്കാൻ സാധ്യത ഉണ്ടായിരുന്ന നേട്ടത്തെ തടയാൻ കഴിഞ്ഞത് വി എസിന്റെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റം തന്നെ ആയിരുന്നു. വെറുതെ സംസാരിച്ചു മെനക്കെടാതെ രാഷ്ട്രീയ എതിരാളികളുടെ അഴിമതി കോടതിയിലൂടെ ചോദ്യം ചെയ്യുന്ന രീതി ജനങ്ങളിൽ ഏറെ വിശ്വാസം സൃഷ്ട്ടിച്ചു. വെള്ളാപ്പള്ളിക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ട്ടിച്ചത് മൈക്രോ ഫിനാൻസിന്റെ പേരിൽ വി എസ് നൽകിയ കേസ് തന്നെ ആയിരുന്നു. അണികൾക്കിടയിൽ വി എസിന് ഏറെ സ്വാധീനമുള്ള തൃശൂർ ,കൊല്ലം ജില്ലയിൽ പൂർണമായും യുഡി എഫി ന്റെ കോട്ടയായ എറണാകുളത്തു വിള്ളൽ വീഴ്ത്താനും കഴിഞ്ഞു. 

കേരളം അങ്ങോളം ഇങ്ങോളം വി എസ് ഇഫ്ഫക്റ്റ്‌ കണ്ട് തുടങ്ങിയതോടെ ഇടതു തരംഗം ആഞ്ഞു വീശുകയായിരുന്നു . ഈ വിജയ ശിൽപ്പിയെ മാറ്റി നിർത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താൻ ഇനി പാർട്ടിക്ക് കഴിയില്ല . ഉരുക്ക് മുഷ്ടി കൊണ്ട് ജനഹിതം അടിച്ചമർത്താൻ ശ്രമിച്ചാൽ,  ജയിച്ചു കഴിഞ്ഞു വിഎസിനെ തഴയും എന്ന വെള്ളാപ്പള്ളിയുടെ പ്രവചനം അടിവരയിടുന്നതായിരിക്കും. വെള്ളാപ്പള്ളി ജയിക്കുമ്പോൾ തോൽക്കുന്നത് വി എസ് മാത്രമല്ല കേരളം കൂടിയാണ്. 

പിന്നിൽ കുത്ത് : പ്രത്യേക അറിയിപ്പ് : നാളെ സൂര്യൻ പടിഞ്ഞാറ് ഉദിച്ചു കിഴക്ക് അസ്തമിക്കും . വി എഎസിനു ഭൂരിപക്ഷം കൂടി. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

This post was last modified on May 19, 2016 3:02 pm