X

പരാജയപ്പെട്ടത് ഉമ്മന്‍ ചാണ്ടിയുടെ വികസന വീരവാദം; സി ആര്‍ നീലകണ്ഠന്‍

സി.ആര്‍ നീലകണ്ഠന്‍

അഴിമതിക്കെതിരെയുള്ള ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായത്. അഴിമതിക്കാരായ മന്ത്രിമാരില്‍ പലരും തോറ്റു. കെ.എം മാണി മാത്രമാണ് നേരിയ വിജയം നേടിയത് . കെ.ബാബു, കെ പി മോഹനന്‍ എന്നിവര്‍ ദയനീയമായി പരാജപ്പെട്ടു. രാഷ്ട്രീയ വോട്ടുകള്‍ യുഡിഎഫിന് എതിരായാണ് വീണത്. രണ്ട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചുനില്‍ക്കാനായത്. ജാതി, മത പരിഗണനകളാണ് അവിടെ യു.ഡി.എഫിനെ തുണച്ചത്. 

കല്ല്യാണത്തിനും മരണാനന്തരചടങ്ങുകളിലും പങ്കെടുക്കുന്നത് വഴി ലഭിക്കുന്ന ജനകീയത വോട്ടായി മാറില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ വന്‍തോതില്‍ വികസനം നടപ്പാക്കിയെന്ന് അവകാശപ്പെട്ടവര്‍ പരാജയപ്പെട്ടു. വികസന വീരവാദം ജനങ്ങള്‍ സ്വീകരിക്കുന്നില്ലെന്നതിന് തെളിവാണ് സിറ്റിംഗ് എം എല്‍ എ മാരുടെ തോല്‍വി. പ്രതീക്ഷയ്ക്ക് വിരുദ്ധമായി ബിഡിജെഎസ്സിന്റെ സാന്നിധ്യം ഇടതുപക്ഷത്തെയാണ് സഹായിച്ചത്. എസ് എന്‍ ഡി പിക്ക് മുന്‍തൂക്കമുള്ള തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ എല്‍ ഡി എഫ് നേടിയ വിജയം ഇത് തെളിയിക്കുന്നു. സെക്കുലര്‍ വോട്ടുകള്‍ എല്‍ ഡി എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. 

പാര്‍ട്ടികള്‍ക്ക് വോട്ടവകാശം തീറെഴുതുന്ന കാലം അസ്തമിച്ചതായി വെളിപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. നോണ്‍പൊളിറ്റിക്കല്‍ ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ജാതിമത പരിഗണനകള്‍ ഉണ്ടെങ്കിലും. കക്ഷികളുടെ ചേരിമാറ്റം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന സൂചനയും ഫലം നല്‍കുന്നു. ജനാധിപത്യ കേരളകോണ്‍ഗ്രസ്സും ആര്‍ എസ് പി യും തകര്‍ന്നടിഞ്ഞത് ഇതിന് തെളിവാണ് വ്യക്തികളുടെ സ്വഭാവശുദ്ധിയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു ബിജെപിയുടെ വിജയം മാത്രമല്ല രാജഗോപാലിന്റേത്. ശിവന്‍കുട്ടിയോടുള്ള ജനങ്ങളുടെ അപ്രിയം കൂടിയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും വിഡി സതീശന്റെയും വിജയവും വിഷ്ണുനാഥിന്റെ പരാജയവും ഇവിടെ പ്രസക്തമാണ്. ഉമ്മന്‍ചാണ്ടി നേരിട്ട അഴിമതി ആരോപണങ്ങളെ മാധ്യമങ്ങളില്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയതിന്റെ ഫലം കൂടിയാണ് വിഷ്ണുനാഥിന്റെ വീഴ്ച്ച. നേരേവാ, നേരേ പോ നിലപാടുള്ള പി സി ജോര്‍ജ്ജിന്റെ വിശ്വാസ്യതയെ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് പൂഞ്ഞാറിലെ വിജയം. പിണറായി വിജയനെ വെല്ലുവിളിക്കാനും വി എസ്സിനോട് ആഭിമുഖ്യം പ്രകടിപ്പിക്കാനും തയ്യാറായ പി.സി ജോര്‍ജ്ജിനെ പൂഞ്ഞാറിലെ സമ്മതിദായകര്‍ക്ക് ഇഷ്ടമായി. പ്രവചനാതീതമാണ് കേരളത്തിലെ വോട്ടര്‍ മനസ്സെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 

(തയ്യാറാക്കിയത് എം കെ രാമദാസ്)

This post was last modified on May 19, 2016 4:38 pm