X

ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി – പാര്‍ലമെന്റ് സസ്‌പെന്‍ഷന്‍ സുപ്രീം കോടതി റദ്ദാക്കി

പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത നടപടി നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വീണ്ടും തിരിച്ചടി. പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ തടയുന്നതിനായി ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ടോറി ഗവണ്‍മെന്റിന്റെ നടപടി യുകെ സുപ്രീ കോടതി റദ്ദാക്കി. പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത നടപടി നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി പറഞ്ഞു.

ഒക്ടോബര്‍ 31നകം ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ പറഞ്ഞിരുന്നു. എംപിമാരെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്ന് കോടി വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് നടപടികളെ എതിര്‍ക്കാന്‍ എംപിമാര്‍ക്കുള്ള സമയം കുറയ്ക്കുകയായിരുന്നു പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തതിലൂടെ ബോറിസ് ജോണ്‍സണ്‍ ലക്ഷ്യമിട്ടത്. പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ജോണ്‍സണ്‍ ഗവണ്‍മെന്റ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

സുപ്രീം കോടതി വിധിയോടെ പാര്‍ലമെന്റില്‍ എംപിമാര്‍ വീണ്ടുമെത്തും. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനാധിപത്യത്തെ അവഹേളിച്ചതായി വ്യക്തമായിരിക്കുകയാണ് എന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍ പറഞ്ഞു. ബോറിസ് ജോണ്‍സണ്‍ രാജി വയ്ക്കണമെന്നും നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള നീക്കം ഉപേക്ഷിച്ച് നിയമം അനുസരിക്കണമെന്നും ജെറിമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സന്റെ നീക്കത്തെ പ്രതിപക്ഷ എംപിമാരും ലേബര്‍ പാര്‍ട്ടിയുടെ വിമത എംപിമാരും ചേര്‍ന്ന് പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയിരുന്നു. ബ്രെക്‌സിറ്റ് കരാര്‍ ബില്‍ മൂന്ന് തവണ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതിനെ തുടര്‍ന്നാണ് നേരത്തെ മുന്‍ പ്രധാനമന്ത്രി തെരേസ മേ രാജി വയ്ക്കുകയും തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാവുകയും ചെയ്തത്.

This post was last modified on September 24, 2019 7:07 pm