X

ബീഫ് വിവാദം കേരളത്തില്‍ വേണ്ട; മോദിയും അമിത് ഷായും പങ്കെടുത്ത യോഗത്തില്‍ സി കെ ജാനുവിന്റെ മുന്നറിയിപ്പ്

ബീഫ് നിരോധനത്തോട് യോജിപ്പില്ലെന്ന് പിസി തോമസും

ഉത്തരേന്ത്യയില്‍ ബിജെപി മുഖ്യായുധമാക്കുന്ന ബീഫ് കേരളത്തില്‍ ഉപയോഗിക്കേണ്ടെന്ന മുന്നറിയിപ്പുമായി സി കെ ജാനു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ തന്നെയാണ് ജാനു ഈ കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാനു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഊരുവികസന മുന്നണി എന്‍.ഡി.എയില്‍ അംഗമായിരുന്നു. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ പ്രവാസി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരും അടക്കം പങ്കെടുത്തിരുന്നു.

ബീഫ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ ഇടയ്ക്കിടെ പറയുന്നതൊഴിവാക്കണമെന്നും ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രഖ്യാപിച്ച പദ്ധതികളുടെ പ്രയോജനം അവര്‍ക്ക് എത്തിച്ചുകൊടുക്കണമെന്നും ജാനു യോഗത്തില്‍ പറഞ്ഞു. മലയാളത്തില്‍ സംസാരിച്ച ജാനുവിന്റെ പ്രസംഗം പി സി തോമസ് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. തോമസിന്റെ കേരള കോണ്‍ഗ്രസ് (റ്റി) എന്‍.ഡി.എയുടെ ഘടകകക്ഷിയാണ്.

മലപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബിജെപിക്കു തിരിച്ചടിയായ വിഷയമാണ് ബീഫ്. ജയിച്ചാല്‍ മണ്ഡലത്തില്‍ എങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരമാര്‍ശവും അതിനെതുടര്‍ന്നുണ്ടായ വിവാദവും ഒടുവില്‍ സംസ്ഥാന നേതാക്കള്‍ തന്നെ വിഷയത്തില്‍ ഇടപെടേണ്ടി വന്നതും പാര്‍ട്ടിക്കു ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാലെ കേരളത്തില്‍ ഒരിടത്തും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന കെ സുരേന്ദ്രന്റെ വെല്ലുവിളിയും ബിജെപിക്കു തിരിച്ചടി തന്നെയാണു നല്‍കിയത്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന തരത്തില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ബിജെപി ബീഫിന്റെ പേരില്‍ മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണു ജാനുവിന്റെ മുന്നറിയിപ്പും.

യോഗത്തില്‍ പറഞ്ഞില്ലെങ്കിലും ബീഫ് സംബന്ധിച്ച വിഷയത്തില്‍ പിസി തോമസിനും സമാനമായ അഭിപ്രായമാണ്. ഭരണഘടണയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ ബീഫ് നിരോധനം അടക്കമുള്ളവ തള്ളിക്കളയുന്നുവെന്ന് തോമസ്‌ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഭരണഘടനാ നിര്‍മാതാക്കള്‍ ഇത്തരം വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന് വിടുകയാണ് ചെയ്തിട്ടുള്ളത്. അവിടെ ജീവിക്കുന്ന സമൂഹത്തിന്റെ ശീലങ്ങളും താത്പര്യങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കഴിയുക. ഓരോ സമൂഹത്തിന്റെയും താത്പര്യങ്ങള്‍ ബഹുമാനിക്കപ്പെടണമെന്നും അതിനാല്‍ അത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും തോമസ്‌ പറഞ്ഞു.

 

This post was last modified on April 12, 2017 9:12 am