അഴിമുഖം പ്രതിനിധി
കേരള കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിമത വിഭാഗം ഇടതുമുന്നണിയിലേക്ക് തന്നെയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ വിമത നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പ്രസ്താവന ഇറക്കും.
നിലപാട് വ്യക്തമാക്കിയാല്‍ മാത്രമേ സഹകരിപ്പിക്കാന്‍ ആകൂവെന്ന സിപിഐഎമ്മിന്റേയും എല്‍ഡിഎഫിന്റേയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് അറിയിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇന്ന് മാധ്യമങ്ങളെ കാണുന്നത്.
ഇടതു മുന്നണിയോട് കൂറു പ്രഖ്യാപിക്കുന്നതിനോടൊപ്പം വിമതര്‍ മാണിയുടെ നേതൃത്വത്തെ തള്ളിപ്പറയുമെന്നാണ് അറിയുന്നത്. കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് സ്‌കറിയ തോമസുമായി യോജിച്ചാണോ വിമത വിഭാഗം നീങ്ങുകയെന്ന കാര്യത്തില്‍ ഇനിയും തീര്‍ച്ച കൈവന്നിട്ടില്ല. ഒരു കേരള കോണ്‍ഗ്രസിനെ മാത്രമേ മുന്നണിയില്‍ സ്വീകരിക്കൂവെന്ന കടുത്ത നിലപാടാണ് എല്‍ഡിഎഫിനും സിപിഐഎമ്മിനും ഉള്ളത്.
ഇടതു മുന്നണിയില്‍ തുടരുന്ന പി സി ജോര്‍ജ്ജ് ഇല്ലാത്ത സ്‌കറിയാ തോമസിന്റെ കേരള കോണ്‍ഗ്രസ് സെക്യുലറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്‌ട്രേഷന്‍ ഉണ്ട്. ആ നിലയ്ക്ക് സ്‌കറിയ തോമസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആയിരുന്നു സിപിഐഎം ആദ്യം മുന്നോട്ടു വച്ച നിര്‍ദ്ദേശം.
ഇടഞ്ഞു നില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കോതമംഗലം സീറ്റ് വച്ചു നീട്ടി അനുനയിപ്പിക്കാനുള്ള പി ജെ ജോസഫിന്റെ ശ്രമത്തിന് തടയിട്ടത് കെ എം മാണി തന്നെയാണ്. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും സംഘവും ഇടതുപക്ഷവുമായി സഹകരിക്കാന്‍ ഒരുങ്ങുന്നത്.
ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം പഴയ കുട്ടനാട് എംഎല്‍എയും മന്ത്രിയുമായിരുന്ന ഡോക്ടര്‍ കെസി ജോസഫും മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ആന്റണി രാജവും ഇടതു ചേരിയിലേക്ക് നീങ്ങും. ഇതോടെ മധ്യ കേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥിതി തീര്‍ത്തും പരിതാപകരമാകും എന്നു തന്നെ വേണം കരുതാന്‍.
This post was last modified on December 27, 2016 3:49 pm
Leave a Comment