X

എടപ്പാള്‍ സംഭവം: രാഷ്ട്രീയ മുതലെടുപ്പെന്ന് സിപിഎം, ഒതുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; ബാലവേലയ്ക്ക് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം

നാടോടിബാലികയ്ക്ക് വൈകിയാണ് ചികിത്സ ലഭിച്ചതെന്നും പരാതിയുണ്ട്. ബാലികയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ഏഴു മണിക്കൂറുകള്‍ക്കു ശേഷമാണെന്നാണ് റിപ്പോര്‍ട്ട്

എടപ്പാളില്‍ 10 വയസുകാരിയായ നാടോടി ബാലികയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും, വട്ടംകുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി രാഘവനെതിരെ (60) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഎം ആരോപിക്കുമ്പോള്‍ വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

സിപിഐഎം എടപ്പാള്‍ ഏരിയാകമ്മിറ്റി വിഷയത്തില്‍ പ്രതികരിച്ച് നടത്തിയ പ്രസ്താവന:   ‘സിപിഐഎം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സ: സി രാഘവന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും സ്‌ക്രാപ്പ് സാധനങ്ങള്‍ നിരന്തരമായി മോഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. അതിനിടയിലാണ് ഇന്ന് രാവിലെ നടോടി സ്ത്രീകള്‍ തന്റെ കെട്ടിടത്തില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബഹളമുണ്ടാക്കി ഇവരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഈ വ്യഗ്രതയില്‍ കുടെയുണ്ടായിരുന്ന കുട്ടി താഴെ വീഴുകയുമാണുണ്ടായത്. കുട്ടി വിണ് മുറിവേറ്റത് കാണാനോ ആശുപത്രിയിലെത്തിക്കാനോ കഴിയുന്നതിന് മുമ്പ് നാടോടി സ്ത്രീകള്‍ കുട്ടിയുമായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. പിന്നിട് അവര്‍ ഗവ: ആശുപത്രിയില്‍ ഡോ:നിമ വേണുഗോപാലിനെ കണ്ട് ചികിത്സ തേടിയപ്പോഴും വീണ് പരിക്കേറ്റതാണ് എന്നാണ് പറഞ്ഞത്. പിന്നീട് യുഡിഎഫ് നേതാക്കളും ചാനലുകരും എടപ്പാള്‍ പെരുമ്പറമ്പില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തിരുന്ന രമേശ് ചെന്നിത്തലയും ഇടപെട്ടാണ് വിഷയം മാറ്റിമറിച്ചതും സിപിഐഎം നേതാവിന്റെ ക്രൂരകൃത്യമായി ചിത്രകരിച്ചതും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള തെറ്റായ പ്രചരണങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയണം’ എന്നാണ്.

സിപിഎം എടപ്പാള്‍ ഏരിയ സെക്രട്ടറി മുസ്തഫ വിഷയത്തില്‍ അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത്, ‘ഇത് തിരഞ്ഞെടുപ്പുമായിട്ടുണ്ടായ പ്രശ്‌നങ്ങളല്ലേ.. ഇവര്‍ (നാടോടി ബാലികയും സ്ത്രീകളും) എടപ്പാളിലെ പല വീടുകളിലും പോയി സാധനങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന പതിവുണ്ട്. ഇത് ഇടയ്ക്കിടെ ഇങ്ങനെ സംഭവിക്കുന്നതാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസവും ഇത് ആവര്‍ത്തിച്ചത്. ഇവര്‍ സ്ക്രാപ്പ് എടുക്കുന്നതിനിടയില്‍ സി രാഘവനെ കണ്ടപ്പോള്‍ ഓടുന്നതിനിടയില്‍ സംഭവിച്ചതാണ്. സാധനങ്ങള്‍ പെറുക്കുന്ന ഒരു ചാക്കില്ലേ.. അതില്‍ ഇരുമ്പിന്റെ കഷ്ണങ്ങളും പൈപ്പുകളും ഒക്കെയുണ്ടായിരുന്നു. ഓടുന്നതിനിടയില്‍ കുട്ടി വീഴുകയും ചാക്കിന്റെ പുറത്ത് തലയിടിക്കുകയുമായിരുന്നു. അപ്പോ തന്നെ ഞങ്ങള്‍, അവര്‍ (നാടോടി ബാലികയും സ്ത്രീകളും) സാധനങ്ങള്‍ കൊടുക്കുന്ന കടയുടമയേയും കൂട്ടി കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീടാണ് വിഷയം മാറുന്നത്. തിരഞ്ഞെടുപ്പ് അല്ലേ.. ചെന്നിത്തല തൊട്ടടുത്തുള്ള പ്രദേശത്തുണ്ടായിരുന്നു. മാധ്യമങ്ങളുമുണ്ടായിരുന്നു. അവരെല്ലാം കൂടിയാണ് വിഷയം ഇങ്ങനെയാക്കിയത്. അവര്‍ക്കൊക്കെ കുട്ടിയോടുള്ള സ്‌നേഹത്തിനപ്പുറം രാഷ്ട്രീയമായി തിരഞ്ഞെടുപ്പില്‍ മുതലെടുക്കുകയെന്നതാണ്. അതിനപ്പുറം ഒന്നുമില്ല. എടപ്പാളിലുള്ളവര്‍ക്ക് ഇതിന്റെ വസ്തുത അറിയാം..

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു ആദ്യം കുട്ടി ഉണ്ടായിരുന്നത്. ചെന്നിത്തലയും ചാനലുകാരുമൊക്കെ വന്ന് അവിടെ നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. ചെന്നിത്തലയും മാധ്യമങ്ങളും പോയതോടെ കുട്ടിയെ കൊണ്ടുപോയ കോണ്‍ഗ്രസുകാരെ പിന്നെ അവിടെ കാണാനില്ല. കുട്ടിയെയും അവരുടെ കൂടെയുള്ള സ്ത്രീകളെയും കാണാനില്ല. ഏറെ നേരം കാണാതായ അവരെ പിന്നെ കണ്ടെത്തുന്നത്, അവര്‍ ആക്രി സാധനങ്ങള്‍ കൊടുക്കുന്ന സ്ഥാപനത്തില്‍ നിന്നാണ്. അവരെ അവിടെ നിന്ന് പോലീസാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ആവശ്യം കഴിഞ്ഞപ്പോള്‍ അവരെ ഒഴിവാക്കി. കുട്ടിയെ സംരക്ഷിക്കാനോ കുട്ടിക്ക് ചികിത്സ കൊടുക്കാനോ ഒന്നും, കുട്ടിയോട് പെട്ടെന്ന് സ്‌നേഹം കാണിച്ചവരെയൊന്നും കണ്ടില്ല. അത്രയുള്ളൂ താല്‍പര്യങ്ങള്‍ ഒക്കെ. ആ വാര്‍ത്തയും ഒക്കെ വന്നു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു അവര്‍ (കോണ്‍ഗ്രസ്)” എന്നാണ്.

അതേ സമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും എടപ്പാള്‍ സ്വദേശിയുമായ രാജീവ് ആരോപിക്കുന്നത് വിഷയത്തില്‍ ഉള്‍പ്പട്ടവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമം നടത്തിയത് എന്നാണ്. “സംഭവം അറിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിനെ വിവരം ധരിപ്പിച്ച് ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ സിപിഎമ്മിന്റെ നേതാക്കന്മാര്‍ അവിടെ ഉണ്ടായിരുന്നു. സാമ്പത്തികവും അധികാരവും ഉപയോഗിച്ച് ഒതുക്കാന്‍ ശ്രമിച്ച വിഷയം പ്രതിപക്ഷ നേതാവ് ഇടപെട്ടതുകൊണ്ട് മാത്രം അത് ഒരു കേസായി മാറി. ആംബുലന്‍സിലും പോലീസ് ജീപ്പിലുമാണ് ആശുപത്രിയിലേക്ക് പോകുന്നത്. പ്രതിപക്ഷ നേതാവ് പോയതിന് ശേഷം അഞ്ച് മിനിട്ട് വൈകിയതിന് ശേഷമാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. അവിടെ എത്തുമ്പോള്‍ കുട്ടിയെയും സ്ത്രീയെയും കാണാനില്ല. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞത് അവരുടെ ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യമില്ലെന്നാണ്. അതുകൊണ്ട് അവര്‍ പോയി എന്ന്.

എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രിയാണെന്ന് പറഞ്ഞ് മന്ത്രി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതാണ്. അവിടെയാണ് അഞ്ച് മിനിട്ടുകൊണ്ട് സൗകര്യമില്ലെന്ന് പറഞ്ഞ് അവരെ പറഞ്ഞുവിട്ടത്. പോലീസ്, ആശുപത്രിയില്‍ ആ കുട്ടിയെ എത്തിച്ച ശേഷം മടങ്ങിപ്പോവുകയും ചെയ്തു. കുട്ടിയും കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ പിന്നെ അവരെ തിരക്കി ചെല്ലുമ്പോള്‍ കാണുന്നത് നാടോടി കുട്ടിയും സ്ത്രിയും സാധനങ്ങള്‍ കൊടുക്കുന്ന ആക്രി കടയില്‍ കുട്ടിയെ മൂടിവച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. കൂടാതെ അവിടെ സിപിഎം നേതാക്കള്‍ അവരെ അവിടെ നിന്ന് മാറ്റാനുള്ള ശ്രമം നടത്തുകയുമായിരുന്നു. പിന്നെ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് അവരെ വീണ്ടും ആശുപത്രിയിലെത്തിച്ചു. ഈ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കാത്തതിന്റെ ജാള്യതയും മന്ത്രി തലത്തില്‍ ഉള്‍പ്പെട്ടിട്ടും വിഷയം ഒതുക്കി തീര്‍ക്കാന്‍ സാധിക്കാത്തതും കാരണം സിപിഎം കഥകള്‍ പടച്ചുവിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്”, രാജീവ് പറഞ്ഞു.

നാടോടിബാലികയ്ക്ക് വൈകിയാണ് ചികിത്സ ലഭിച്ചതെന്നും പരാതിയുണ്ട്. ബാലികയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ഏഴു മണിക്കൂറുകള്‍ക്കു ശേഷമാണെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 9.30-ഓടെയാണ് കുട്ടിക്ക് നെറ്റിയില്‍ ആഴത്തിലുള്ള മുറിവേറ്റത്. എടപ്പാള്‍ നഗരത്തില്‍ പട്ടാമ്പി റോഡിലള്ള ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെ സ്ഥലമുടമയായ സി രാഘവന്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ ബാലികയെ ആദ്യം എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും തുന്നലിടുകപോലും ചെയ്യാതെ പ്രാഥമിക ചികിത്സ മാത്രം നല്‍കി മുറിവ് കെട്ടി വിടുകയായിരുന്നു. മുറിവ് തലയ്ക്കായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് അവിടെ നിന്ന് ചെയ്തത്. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആശുപത്രിയില്‍ നിന്ന് ഇവരെ കാണാതായത് പരിഭ്രാന്തി പടര്‍ത്തി.

കുട്ടിയെയും ബന്ധുവിനെയും ഒരുസംഘം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി എന്ന വാര്‍ത്ത പരന്നതോടെ പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. കൂട്ടത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും തിരച്ചില്‍ നടത്തി. ഒടുവില്‍ മൂന്നുമണിയോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വീണ്ടും എടപ്പാള്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഇവരെ എത്തിച്ചു. ശിശു സംരക്ഷണ സമിതിയുടെയും ബാലാവകാശ കമ്മിഷന്റെയുമെല്ലാം ഇടപെടലിനെത്തുടര്‍ന്ന് അഞ്ചുമണിക്കാണ് കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. അതുവരെയും നെറ്റിയില്‍ ആഴത്തിലുള്ള മുറിവുമായി കുട്ടി പോലീസിന്റെയും മറ്റധികൃതരുടെയും കൂടെയായിരുന്നു. ഈ കുട്ടിയുടെ താഴെയുള്ള കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരിടപെട്ട് മഞ്ചേരിയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കുട്ടികള്‍ക്ക് നേരേ വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കി.

കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുകയും മതിയായ സംരക്ഷണം നല്‍കാതിരിക്കുകയും ചെയ്തതായി തെളിഞ്ഞ സാഹചര്യത്തില്‍ പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്തേക്കാനും സാധ്യതയുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് കുറ്റകരമാണ്. കുപ്പിയും പാട്ടയും പെറുക്കാന്‍ കുട്ടികളെയുമായി പോയത് കുറ്റകരമാണെന്നും അതുകൊണ്ടാണ് കുട്ടിക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നതുമെന്നുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിഗമനം.

This post was last modified on April 8, 2019 8:21 pm