X

മിണ്ടാപ്രാണിയോടുള്ള ക്രൂരത ഇങ്ങനെയും; ചികിത്സയുടെ പേരില്‍ ആനയുടെ കാല് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു

വനംവകുപ്പ് കേസെടുത്തു

തൃശ്ശൂരിൽ അശാസ്ത്രീയമായ ചികിത്സയ്ക്കിടെ തിളച്ച എണ്ണയൊഴിച്ച് ആനയുടെ കാലുകൾ പൊള്ളിച്ചതായി പരാതി. കൊച്ചിൻ ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിലുള്ള ബലരാമൻ എന്ന 70 വയസ്സുള്ള ആനയാണ് പീഡനത്തിന് ഇരയായത്. ഊരകത്തെ ഒരു പറമ്പിൽ കെട്ടിയിരിക്കുന്ന ആനയുടെ ഒരു കാലിന്റ്റെ മുട്ടിനുതാഴേക്ക് പൊള്ളിയ നിലയിലാണ്.

കഴിഞ്ഞ ഒക്ടോബർ മുതൽ ആന മദപ്പാടിലായിരുന്നു എന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. മദപ്പാടിനെ തുടർന്ന് കെട്ടിയിട്ടിരുന്ന ആന കുഴഞ്ഞുവീഴുകയും എഴുന്നേൽക്കാൻ സാധിക്കാതെ വരികയുമായിരുന്നു. ആനയെ എഴുന്നേൽപ്പിക്കാനാണ് ഇങ്ങനെ ഒരു ചികിത്സാരീതി സ്വീകരിച്ചത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ആനയെ ചികിത്സിച്ചതിൽ അപാകതയുണ്ടെന്ന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ ബി മോഹനൻ അഴിമുഖത്തോട് പ്രതികരിച്ചു. “മദപ്പാടിൽ കെട്ടിയിട്ടിരുന്ന ആന കഴിഞ്ഞ ജനുവരി 15 നാണ് കുഴഞ്ഞു വീണത്. തുടർന്ന് ഗ്ലൂക്കോസ് കയറ്റി ആനയുടെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിച്ചിരുന്നു. ഒരു കാലിന്റെ മുട്ടിനു മുകളിലായിട്ടാണ് ആന കിടന്നിരുന്നത്. ആ ഭാഗം ചൂടാക്കാനുള്ള ശ്രമത്തിനിടയിലാണ് ആനയ്ക്ക് പൊള്ളലേറ്റതെന്നാണ് പ്രാഥമിക നിഗമനം. ദേവസ്വത്തിന്റെ ഡോക്ടറോടൊപ്പം ആനവൈദ്യനും ആയുർവേദ ചികിത്സകനുമായ മഹേശ്വരൻ നമ്പൂതിരിപ്പാടും ചികിത്സയ്ക്ക് നേതൃത്വം കൊടുത്തിരുന്നു. ഇപ്പോൾ ആനയെ താങ്ങു കൊടുത്ത് എണീപ്പിച്ചു നിർത്തിയിരിക്കുകയാണ്. കാലുകൾ ഏതാണ്ട് നിലത്തു കുത്താൻ കഴിയുന്ന അവസ്ഥയായിട്ടുണ്ട്”. പൊള്ളൽ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും ചികിത്സയിൽ അനാസ്ഥയുണ്ടായിട്ടുണ്ടോ എന്നത് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ പറയാൻ സാധിക്കു എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

എന്നാൽ വ്യാജ ആയുർവേദ ചികിത്സയുടെ പേരിൽ ആനയെ ദ്രോഹിച്ചതിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം, നാട്ടാന പരിപാലന നിയമം എന്നിവയിലെ വകുപ്പുകൾ ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് വനം വകുപ്പധികൃതർ വ്യക്തമാക്കി. ഒന്നാംപാപ്പാൻ വി പ്രസാദ്, രണ്ടാംപാപ്പാൻ ശ്രീകുമാർ, മൂന്നാം പാപ്പാൻ പി പി ശശി, വിരമിച്ച പാപ്പാന്മാരായി സേതു മനോഹരൻ, കൊച്ചിൻ ദേവസ്വം ബോർഡ് ലൈവ് സ്റ്റോക്ക് മാനേജർ കെ കെ ഷൈജു, സെക്രട്ടറി വിഎ ഷീജ എന്നിവരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.

*ചിത്രം: representational purpose only

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

This post was last modified on January 25, 2019 8:39 am