X

‘ഞങ്ങള്‍മടങ്ങുന്നു.. മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും: കവളപ്പാറയില്‍ ഫയര്‍ ഫോഴ്‌സ് യാത്രാമൊഴി നല്‍കി

"തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്... ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ.."

നിലമ്പൂര്‍ കവളപ്പാറ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കേരള ഫയര്‍ഫോഴ്‌സ് അവസാനിപ്പിച്ചു. മണ്ണിടിഞ്ഞ മുത്തപ്പന്‍കുന്നിന് അഭിമുഖമായി നിന്ന് മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ.മൂസാ വടക്കേതിലിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ യാത്രാമൊഴി നല്‍കി. ഇനിയും പതിനൊന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ട്. 18 ദിവസത്തെ തിരച്ചിലിനൊടുവില്‍ മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചുകൊണ്ടായിരുന്നു ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പിരിഞ്ഞത്.

കേരള ഫര്‍ഫോഴ്‌സിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഞങ്ങള്‍മടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര്‍പ്രണാമം……

മനുഷ്യപ്രയത്‌നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായര്‍!
അന്‍പത്തൊമ്പത് പേരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി
എന്ന ചാരിതാര്‍ത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു.
ഇമ്പിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം, കാര്‍ത്തിക് ,കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍

മുത്തപ്പന്‍ കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും !
ഞങ്ങളുടെ പാീ പുസ്തകളില്‍ നിന്നും പ്രകൃതി കീറിയെടുത്ത പാഛങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ
കണ്ണീര്‍ പ്രണാമം..”

ചിത്രം – മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ശ്രീ.മൂസാ വടക്കേതിലിന്റെ നേതൃത്വത്തില്‍ യാത്രാമൊഴി.(കടപ്പാട് :- അബ്ദുള്‍ സലിം.E.K)

Read: മോദി തുടങ്ങി, ഞങ്ങള്‍ തീര്‍ക്കും എന്ന് പാക് മന്ത്രി ഫവാദ് ഹുസൈന്‍; ഇന്ത്യയുമായുള്ള വ്യോമാതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ഇമ്രാന്‍ ഖാന്‍