X

എന്നിട്ടും ഉമ്മന്‍ ചാണ്ടി ഭരിച്ചുകൊണ്ടേയിരിക്കുന്നു

ശരത് കുമാര്‍

മുഖ്യമന്ത്രിക്കും ഓഫീസിനും ബന്ധുക്കള്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനുമെതിരെ അഴിമതി ആരോപണം; മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന ധനമന്ത്രിക്കെതിരെ നേരിട്ടുള്ള അഴിമതി ആരോപണം; സര്‍ക്കാരിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെയുള്ള അഴിമതി അന്വേഷണത്തിന്റെ മുനനീളുന്നത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിക്ക് നേരെ; വിവിധ കോടതികള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനെതിരെ നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. പക്ഷെ സര്‍ക്കാരിന് ജനാധിപത്യ വിശ്വാസം, നാണം തുടങ്ങിയവ ഇല്ലാത്തതിനാല്‍ ഒരു കുലുക്കവുമില്ലാതെ നമ്മെ അനന്തമായി, അന്തസ്സായി ഭരിച്ചുകൊണ്ടേയിരിക്കുന്നു.

സാധാരണഗതിയില്‍ ഇത്തരം രൂക്ഷമായ ആരോപണങ്ങള്‍ നേരിടുന്ന ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ തുടരില്ല. കേരളത്തിന്റെ ചരിത്രം വച്ച് ഇവിടെ സമരവേലിയേറ്റങ്ങള്‍ തന്നെ നടക്കേണ്ടതാണ്. പ്രത്യേകിച്ചും സിപിഎമ്മും എല്‍ഡിഎഫും പ്രതിപക്ഷത്തിരിക്കുന്ന സമയത്ത്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്. വിചിത്രമായ സമരരീതികള്‍ പ്രഖ്യാപിക്കുകയും അതെല്ലാം പരാജയപ്പെടുകയും ചെയ്യുന്ന ഒരു ദുരഃവസ്ഥ കേരളത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള പാര്‍ട്ടിയായ സിപിഎം നയിക്കുന്ന എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. മാത്രമല്ല, ഓരോ ആരോപണങ്ങളും വരുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് നിരക്കാത്ത തരത്തിലുള്ളതോ അല്ലെങ്കില്‍ പഴുതുകളുള്ളതോ ആയ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ആരോപണവിധേയരെ പരോക്ഷമായോ പ്രത്യക്ഷമായോ രക്ഷിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതില്‍ സഹികെട്ടാവണം, മാണി ബാര്‍കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന സമരങ്ങള്‍ ‘അഡ്ജസ്റ്റ്‌മെന്റ്’ സമരങ്ങളാണെന്ന് തുറന്നടിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ പ്രേരിപ്പിച്ചത്. ഏതായാലും ഇതിനകം തന്നെ ഒത്തുതീര്‍പ്പ് സമരങ്ങള്‍ നടന്നിരിക്കുന്നു എന്ന് പന്ന്യന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

1986 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയ്ക്കതിരെ ഡിവൈഎഫ്‌ഐ നടത്തിയ വഴി തടയല്‍ സമരമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. അതുള്‍പ്പെടെ നിരവധി സമരങ്ങള്‍ കേരളത്തില്‍ നടത്തിയ സംഘടനയാണ് സിപിഎമ്മിന്റെ യുവജന വിഭാഗം. എന്നാല്‍ ഇപ്പോള്‍ അവര്‍ എവിടെ പോയി എന്ന് മഷിയിട്ടു നോക്കേണ്ടിയിരിക്കുന്നു.

ഇടതു, വലതുപക്ഷങ്ങള്‍ നടത്തുന്നു എന്ന് ജനം വിശ്വസിക്കുന്നതിനപ്പുറത്ത്, ഒരിക്കലും ഭരണത്തിലേറാന്‍ കഴിഞ്ഞിട്ടില്ലാത്ത ബിജെപി പോലും വഴിപാട് സമരങ്ങളിലേക്ക് പോകുന്നു. പാര്‍ട്ടി വക്താക്കള്‍ ചാനലുകളില്‍ വന്നു നടത്തുന്ന കാടടച്ചുള്ള വെടിവെപ്പുകള്‍ക്കപ്പുറം ഇത്രയും ലജ്ജാകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രത്യക്ഷസമരങ്ങള്‍ വഴിപാടുകള്‍ക്കപ്പുറത്തേക്ക് വളര്‍ത്താനോ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കിയെടുക്കാനോ അവര്‍ക്കും കഴിയുന്നില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം 

സി.പി.ഐ പറയുന്നതിലും കാര്യമുണ്ട്; സി.പി.എം പറയാത്തതിലും
സോളാര്‍ വഴിയേ ബാറും; ഇവരുടെ ഒത്തുതീര്‍പ്പുകള്‍ക്ക് നമ്മള്‍ നല്‍കുന്ന വില
മാണിസാറിന്റെ അനുഭവ സമ്പത്ത് അഴിമതി നടത്തുന്നതിലും അത് മൂടി വയ്ക്കുന്നതിലുമാണ് – പി.സി തോമസ്‌ തുറന്നു പറയുന്നു
മാണിയുടെ ചിറകരിഞ്ഞത് ചാട്ടത്തിന്റെ ലാസ്റ്റ് ലാപ്പിൽ
സോളാര്‍ : ഉമ്മന്‍ ചാണ്ടി ജനങ്ങളോട് ചെയ്യുന്നത്

എന്താണ് ശരിക്കും കേരള സമൂഹത്തിന് സംഭവിക്കുന്നത്? എല്ലാ കാലത്തും അഴിമതി ഇവിടെ നിലനിന്നിരുന്നു. എന്നാല്‍ ഇത്രയും ലജ്ജാകരവും പ്രത്യക്ഷവുമായ അഴിമതി ആരോപണങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മുമ്പുണ്ടായിരുന്ന അഴിമതി ആരോപണങ്ങളില്‍ ഏറെയും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ പേരിലായിരുന്നു. ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരിക സാധാരണമായിരുന്നു. ഇപ്പോള്‍ സംജാതമായിരിക്കുന്ന സ്ഥിതി അതല്ല. നിലവില്ലില്ലാത്തതോ അല്ലെങ്കില്‍ അംഗീകരമില്ലാത്തതോ ആയ ഒരു സ്ഥാപനത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും കാശ് പിരിക്കാന്‍ രണ്ട് വ്യക്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്യുന്നു എന്ന ആരോപണം ഉയര്‍ന്നു വരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ അറസ്റ്റിലാവുന്നു. അതായത് മുഖ്യമന്ത്രിയുടെ ഓഫീസ് വെറും പണപ്പിരിവ് കേന്ദ്രമായി അധഃപതിക്കുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന ആള്‍ സ്വന്തം ഭൂമിയില്‍ അന്തിയുറങ്ങിയരുന്നവരെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുന്നു. പട്ടാപ്പകല്‍ തെരുവില്‍ വണ്ടി തടഞ്ഞു നിര്‍ത്തി ആളുകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. എന്നിട്ടും ആ മുഖ്യമന്ത്രി കേരളം ഭരിച്ചുകൊണ്ടേയിരിക്കുന്നു. മന്ത്രിസഭയിലെ പ്രമുഖനും ധനമന്ത്രിയുമായ ആള്‍ കോഴ ചോദിച്ചു വാങ്ങി എന്ന ആരോപണം പരസ്യമായി ഉന്നയിക്കപ്പെടുന്നു. പ്രാഥമിക വിജിലന്‍സ് അന്വേഷണം എന്ന എന്തോ കാട്ടിക്കൂട്ടുന്നതിനിടയില്‍ എന്തൊക്കെയോ ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രീതിയില്‍ ആരോപണം ഉന്നയിച്ചവരുടെ വാമൂടുന്നു.

ഇപ്പോഴിതാ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരെ വന്‍ അഴിമതിക്ക് തെളിവ് ലഭിക്കുകയും അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. ഏതായാലും ഉന്നതതലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും നാള്‍ ഇത്ര വലിയ അഴിമതികള്‍ നടത്തിയിട്ടും അത് നമ്മുടെ ഭരണനേതൃത്വമോ വകുപ്പ് ഭരിച്ചിരുന്ന മാറി മാറി വന്ന മന്ത്രിമാരോ അറിഞ്ഞില്ല എന്ന് പറയുന്നത് തീര്‍ച്ചയായും വിശ്വാസയോഗ്യമല്ല. മാത്രമല്ല, വൃത്തികെട്ട രാഷ്ട്രീയ കളികളുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ ഈ അന്വേഷണം വിവരം വെളിപ്പെടുന്നതെന്നും വിചാരിക്കേണ്ടിയിരിക്കുന്നു.

വ്യക്തിപരമായ ആരോഹണങ്ങള്‍ക്ക് വേണ്ടി ഭരണഘടനാപരമായ സ്ഥാനങ്ങള്‍ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആയി ഇത്തരം സംഭവങ്ങള്‍ മാറുമ്പോള്‍ അഴിമതി ആരോപിതര്‍ മാത്രമാണോ കുറ്റക്കാരാവുന്നത്? കാര്യങ്ങള്‍ വ്യക്തമായി അറിയാമെങ്കിലും അത് സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉതകുന്ന സമയത്ത് മാത്രം പുറത്ത് വിടുകയും അതുവരെ ഇത്തരക്കാരെ അഴിമതി തുടരാന്‍ അനുവദിക്കുന്നവരും തുല്യ കുറ്റവാളികളല്ലെ? തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്വന്തം മകളുടെ പഠനാവശ്യത്തിന് മാത്രമായി ഔദ്യോഗിക വാഹനങ്ങളില്‍ ഒന്ന് എറണാകുളത്ത് സ്ഥിരമായി ഇട്ടിരിക്കുന്നത് നമ്മുടെ ഭരണകര്‍ത്താക്കളും വിജിലന്‍സും മാധ്യമങ്ങളും ഒന്നും അറിയാത്തതാണോ? ഒമ്പത് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഐഎഎസ് ഉന്നതന്‍ കേരളത്തിലുണ്ടെന്ന് ആരും അറിയാതെ പോകുന്നത് എന്തുകൊണ്ട്? ഉന്നത ഉദ്യോഗസ്ഥന്റെ പട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ജീവനക്കാര്‍ പിറന്നാള്‍ സമ്മാനങ്ങളുമായി പോയി എന്ന് ഫേസ്ബുക്കില്‍ പ്രചരിക്കുമ്പോള്‍ അത് അതിശയോക്തിയായി കാണേണ്ട കാര്യമുണ്ടോ?

അപ്പോള്‍, ഭരിക്കുന്നവരും ഉദ്യോഗസ്ഥരും പ്രതിപക്ഷവും എല്ലാം ചേര്‍ന്ന് ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്ന് വേണം വിചാരിക്കാന്‍. പക്ഷെ ഇവരാരും ഈ സമൂഹത്തിന് പുറത്തുള്ളവരല്ല എന്ന യാഥ്യാര്‍ത്ഥ്യം നിലനില്‍ക്കുകയും ചെയ്യുന്നു. ധനസമ്പാദനം മാത്രമാണ് ജീവിതലക്ഷ്യം എന്ന് മലയാളി സമൂഹം വിശ്വസിക്കാന്‍ തുടങ്ങിയത് ആഗോളീകരണത്തിന്റെ കാലം തൊട്ടായിരിക്കണം. എന്ത് വൃത്തികേട് കാണിച്ചായാലും ആര്‍ക്ക് കൈക്കൂലി നല്‍കിയായാലും നമ്മള്‍ ജീവിക്കുന്ന ഭൂമിക്ക് എന്ത് സംഭവിച്ചാലും പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമുള്ള ഒരു സമൂഹത്തില്‍ ഇങ്ങനെ ഒക്കെ സംഭവിക്കാതെ തരമില്ല.

അങ്ങനെ വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന പണം മുടക്കി മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐടി വിദഗ്ധന്‍മാരും കമ്പോളത്തില്‍ വിലയുള്ള മറ്റ് ഉദ്യോഗസ്ഥരുമാക്കാന്‍ സ്വാശ്രയ കോളേജുകളിലേക്ക് അയയ്ക്കുന്നു. അവരുടെ പ്രതിഭയോ ഭാവനയോ താല്‍പര്യങ്ങളോ ഒന്നുമല്ല നമ്മുടെ മുന്നിലെ പ്രശ്‌നം. പഠനം കഴിഞ്ഞാല്‍ ഉടന്‍ നല്ല ശമ്പളം അല്ലെങ്കില്‍ കിമ്പളം കിട്ടുന്ന ജോലി. അതിലൂടെ പഠനത്തിനായി മുടക്കിയ മുതല്‍ എത്രയും പെട്ടെന്ന് തിരികെ പിടിക്കുക. ഈ പാച്ചിലില്‍ കുട്ടികളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടാലോ സമൂഹമാകെ ഭൂതാവിഷ്ടരായാലോ ആര്‍ക്കും പ്രശ്‌നമില്ല. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും വരെ പണസമ്പാദനത്തിന്റെ കേന്ദ്രങ്ങളായി മാറുമ്പോള്‍ പിന്നെ ഭരണവര്‍ഗത്തെ മാത്രം കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥം?

മഹദ്വചനം: ‘അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ വലിയ സ്വത്താണ് ടി ഒ സൂരജ് ഉണ്ടാക്കിയിരിക്കുന്നത്,’ എന്ന് കെ മുരളീധരന്‍ എംഎല്‍എ. അതില്‍ ഒരു അസൂയയുടെ ചുവയുണ്ടോ?

 

*Views are Personal

This post was last modified on November 24, 2014 11:38 am