X

കേരളം വര്‍ഗ്ഗീയ കലാപത്തിന് പാകമായോ? വാട്സാപ്പ് ഹര്‍ത്താല്‍ നല്‍കുന്ന അപകട സൂചനകള്‍

അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ മതേതര അന്തരീക്ഷം വെല്ലുവിളി നേരിടുന്നുവെന്ന് വ്യക്തമാകും

വിഷുദിനത്തിന്റെ പിറ്റേന്ന് കേരളം കണ്ട അപ്രഖ്യാപിത വാട്സാപ് ഹര്‍ത്താലാണ് ഇന്ന് സംസ്ഥാന ആഭ്യന്തര വകുപ്പും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയ സംഘടിച്ചാലും ഇവിടെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാകുമെന്നും ഇക്കഴിഞ്ഞ ജനുവരിയില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരത്തില്‍ നിന്നും വ്യക്തമായതാണ്. അനുജന്‍ ശ്രീജീവിന്റെ പോലീസ് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് 750ലേറെ ദിവസങ്ങളായി നടത്തി വന്നിരുന്ന ഒറ്റയാള്‍ സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ജനകീയ പ്രക്ഷോഭമായി മാറിയത്. അതോടെ ശ്രീജിത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയും അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സംഘടിക്കുന്നതിലെ അപകടമാണ് അപ്രഖ്യാപിത ഹര്‍ത്താലിലൂടെ കേരളം കണ്ടത്. അജ്ഞാതര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചു മലപ്പുറത്തും കോഴിക്കോടും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമവുമുണ്ടായി. ജമ്മു കാശ്മീരിലെ കത്വയില്‍ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയ്ക്ക് നീതി ആവശ്യപ്പെട്ടാണ് കേരളത്തില്‍ ഏപ്രില്‍ 16ന് ഹര്‍ത്താല്‍ നടത്തിയത്. ബ്രാഹ്മണര്‍ താമസിക്കുന്ന മേഖലയില്‍ താമസിക്കുന്ന നാടോടികളായ മുസ്ലിം വിഭാഗത്തിനെ ഭയപ്പെടുത്തി ഓടിക്കാനാണ് ഈ ക്രൂരത നടന്നതെന്നതിനാല്‍ തന്നെ ജനരോഷം സംഘപരിവാറിനും ബിജെപിയ്ക്കും എതിരായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ ബിജെപിയ്ക്കും ആര്‍എസ്എസിനും എതിരെന്ന് തോന്നിയ ഹര്‍ത്താല്‍ അന്ന് നടന്ന അക്രമ സംഭവങ്ങളിലൂടെയാണ് ആഭ്യന്തര വകുപ്പിന് തലവേദനയാകുന്നത്. മുസ്ലിം അനുകൂല സംഘടനകളാണ് ഹര്‍ത്താലിനും അതിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ക്കും പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിക്കുകയും കേരളത്തിലെ പൊതുസമൂഹം ആദ്യഘട്ടത്തില്‍ അത് വിശ്വസിക്കുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന വാര്‍ത്തകള്‍ ബിജെപിയെയും പ്രതിക്കൂട്ടിലാക്കുന്നതായി.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് വാട്‌സ്ആപ്പ് സന്ദേശങ്ങളയച്ചതിന് അറസ്റ്റിലായവരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുമുണ്ടെന്ന് വാര്‍ത്ത വന്നതോടെയാണ് ഇത്. ഇന്നലെ അറസ്റ്റിലായ അഞ്ച് പേരില്‍ നാല് പേര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണെന്ന് വന്നതോടെ മുസ്ലിം അനുകൂല സംഘടനകള്‍ മാത്രമല്ല, മറ്റ് പലരും ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന സംശയമാണ് ഉയരുന്നത്. വാട്‌സ്ആപ്പിലൂടെ ആദ്യം പ്രചരിച്ച സന്ദേശങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന അന്വേഷണമാണ് പോലീസിനെ കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരില്‍ എത്തിച്ചത്. ഇവരെ പോലീസ് ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്. വോയിസ് ഓഫ് ട്രൂത്ത്, വോയിസ് ഓഫ് സിസ്റ്റേഴ്‌സ് തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനുകളാണ് അറസ്റ്റിലായവര്‍ എന്നാണ് അറിയുന്നത്. ഈ ഗ്രൂപ്പുകളിലൂടെയായിരുന്നു ഹര്‍ത്താലിനുള്ള ആഹ്വാനമുണ്ടായത്. ഈ ഗ്രൂപ്പുകള്‍ രൂപീകരിച്ച അമര്‍നാഥ് ബൈജു എന്ന പത്തൊമ്പതുകാരനാണ് ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഇയാള്‍.

ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രിതമായി എസ്ഡിപിഐ, മുസ്ലിംലീഗ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ ഇത്തരമൊരു സന്ദേശം പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അഞ്ച് പേര്‍ പിടിയിലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. തീവ്രമുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ച്‌ സംസ്ഥാനത്ത് ഹിന്ദു, മുസ്ലിം ചേരിതിരിവ് സൃഷ്ടിച്ച് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യമെന്നും ആരോപണം ഉയരുന്നു. ഹര്‍ത്താലിന് പിന്നിലെ ലക്ഷ്യം വര്‍ഗ്ഗീയ കലാപമായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് സ്ഥിരം എന്‍ഐഐ ക്യാമ്പ് വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പട്ടാള ക്യാമ്പ് വേണമെന്ന് കേന്ദ്രനിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും ആവശ്യപ്പെട്ടത് കൂടി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുമ്പോള്‍ തന്നെ അതിന്റെ പേരില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ട് അധികകാലമായില്ല. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് സ്ഥാപിക്കാന്‍ അവര്‍ ഏറെ നാളായി ശ്രമിക്കുന്നുമുണ്ട്. ഹര്‍ത്താലിനെക്കുറിച്ച് ബിജെപി ആരംഭിച്ച വ്യാജപ്രചരണം എസ്ഡിപിഐയും മറ്റ് സംഘടനകളും ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ തെളിയിക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ വിവിധ ചര്‍ച്ചകളില്‍ പറയുന്നു.

എന്നാല്‍ എസ്ഡിപിഐ സംസ്ഥാന നേതൃത്വം ഇത്തരം ഒരു ഹര്‍ത്താലിന് ആഹ്വാനം നടത്തിയിട്ടില്ലെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ അഴിമുഖത്തോട് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടന്ന ഹര്‍ത്താല്‍ ആഹ്വാനം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി ചെറുപ്പക്കാര്‍ ഏറ്റെടുത്തിരുന്നു. ഹര്‍ത്താലില്‍ പങ്കെടുത്തതിന്റെ പേരില്‍ 25ല്‍ താഴെ എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രാദേശിക തലത്തില്‍ തന്നെ അവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. മുഖ്യമന്ത്രി പോലും കത്വയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് ഉപയോഗിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നിട്ടും ഈ കേസില്‍ പോക്‌സോ ചുമത്തിയത് ഏറെ വിഷമമുണ്ടാക്കുന്നുവെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.

താനൂര്‍, തിരൂര്‍ മേഖലകളില്‍ ആണ് കൂടുതല്‍ ആക്രമണം നടന്നത്. ഇത് ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളാണ്. സിസിടിവി ദൃശ്യങ്ങളിലും ആക്രമണം നടത്തുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1992ല്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. അത് അവര്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനമാണ്. അതും ഞങ്ങളുടെ പേരില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നിരുന്നു. അതുപോലെ ഈ കേസും എസ്ഡിപിഐയ്‌ക്കെതിരെ കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇസ്മയില്‍ ആരോപിക്കുന്നു.

അതേസമയം ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരായ ഹര്‍ത്താലില്‍ ബിജെപിക്കാര്‍ എങ്ങനെ പങ്കെടുക്കുമെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി സുരേഷ് ചോദിക്കുന്നത്. അറസ്റ്റിലായവരില്‍ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും എസ്ഡിപിഐക്കാരുമുണ്ടെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരും തന്നെയുണ്ടെന്ന് പോലീസ് ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് സുരേഷിന്റെ വാദം. കൂടാതെ ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് പറഞ്ഞിട്ടില്ലെന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബഹ്രയും മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലും ജനം ടിവിയോട് പ്രതികരിച്ചിട്ടുണ്ടെന്നും സുരേഷ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മുസ്ലിം തീവ്രവാദികളെ പ്രകോപിതരാക്കാന്‍ പല കോണുകളില്‍ നിന്നും ഉയരുന്ന കുപ്രചരണം മാത്രമാണ് ഇത്. ഹിന്ദു നാമധാരികളായ സിപിഎം പ്രവര്‍ത്തകരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ബിജെപിക്കാരാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും സുരേഷ് ആരോപിക്കുന്നു.

സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ഇത്തരം കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുവെന്ന് പറയുമ്പോള്‍ അത് മതേതരത്വം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അധഃപതനത്തിന്റെ തെളിവാണെന്നും സുരേഷ് പറയുന്നു. ആ തൊഴുത്തില്‍ ബിജെപിയെയും കെട്ടാനാണ് ശ്രമം നടത്തിയത്. എന്നാല്‍ അത് തുടക്കത്തില്‍ തന്നെ പൊളിഞ്ഞുവെന്നതാണ് വസ്തുത. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്ന വിധത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതിനെതിരായ പ്രചരണങ്ങളും ഇവിടെ സജീവമായിട്ടുണ്ട്. പൊന്നാനി, തിരൂര്‍ പോലുള്ള സ്ഥലങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ മോശം വാക്കുകള്‍ എഴുതി വയ്ക്കുകയും കേരളത്തിലാകമാനം പോപ്പുലര്‍ ഫ്രണ്ടിന്റെയും സിപിഎമ്മിന്റെയും പേരില്‍ ഹിന്ദുക്കളെ അവഹേളിക്കുന്ന വിധത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുകയും ചെയ്ത് ഇവിടെ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സുരേഷ് ആരോപിക്കുന്നുണ്ട്. കൂടാതെ മലപ്പുറം ജില്ലയില്‍ ഹിന്ദു നാമധാരികളുടെ (അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരുടെയായാലും) കടകള്‍ നോക്കി ആക്രമിക്കുകയും ചെയ്തത് വര്‍ഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സുരേഷ് പറയുന്നു.

ദേബേഷ് കുമാര്‍ ബഹ്രയുടെയും ജലീല്‍ തോട്ടത്തിലിന്റെയും ഇത്തരത്തിലൊരു പ്രതികരണം ഇതുവരെയും ജനം ടിവിയില്‍ മാത്രമാണ് വന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മറ്റ് മാധ്യമങ്ങളൊന്നും ഈ വിവരം അറിഞ്ഞിട്ട് പോലുമില്ല. ഇതില്‍ നിന്നും ആര്‍ എസ് എസ് പങ്കാളിത്തം പോലീസ് നിഷേധിച്ചു എന്ന വാദം സ്ഥിരീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അപ്രഖ്യാപിത ഹര്‍ത്താലിനെക്കുറിച്ച് ഈ ദിവസങ്ങളില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്. അല്ലാത്ത പക്ഷം കേരളത്തിനെ വര്‍ഗ്ഗീയ കലാപത്തിലേക്ക് എടുത്തെറിയാന്‍ എസ്ഡിപിഐയോ സംഘപരിവാറോ എന്നല്ല ഒരു പത്തൊമ്പതുകാരന്‍ വിചാരിച്ചാല്‍ പോലും സാധിക്കുമെന്നതിന്റെ സൂചനയാണ് അപ്രഖ്യാപിത ഹര്‍ത്താല്‍ നല്‍കുന്നത്.

അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ സംഘപരിവാര്‍ നേതാക്കളും: അഞ്ചുപേര്‍ അറസ്റ്റില്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on April 22, 2018 2:32 pm