X

ഒരു നാടിനെ മുഴുവന്‍ കത്തിക്കാന്‍ പോന്ന കലാപശ്രമമാണ്‌ മലപ്പുറത്ത് ജനം ഒറ്റക്കെട്ടായി ഇല്ലാതാക്കിയത്

ഹിന്ദു, മുസ്ലീം വിശ്വാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ക്ഷേത്രത്തില്‍ അക്രമം നടന്നത് ഇന്നലെ പുലര്‍ച്ചെയായിരുന്നു

ഇന്നലെ പുലര്‍ച്ചെ വില്ല്വത്ത് മഹാദേവക്ഷേത്രത്തില്‍ അക്രമം നടന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു പൂക്കോട്ടുംപാടം ഗ്രാമം കേട്ടത്. ഹിന്ദു, മുസ്ലീം വിശ്വാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെങ്കിലും ഇതുവരെയും വര്‍ഗീയ പ്രശ്‌നങ്ങളും മറ്റും ഉണ്ടായിട്ടില്ലാത്ത ഇടം കൂടിയാണ് മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം (അമരമ്പലം പഞ്ചായത്ത്). ഇവിടെയുള്ള വില്ല്വത്ത് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠകളാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ക്കപ്പെട്ടത്.

ശിവനും വിഷ്ണുവിനും തുല്യം പ്രാധാന്യമുള്ള അപൂര്‍വക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ പ്രതിദിനം ആയിരക്കണക്കിന് ഭക്തര്‍ ഇവിടേക്കെത്തിച്ചേരാറുമുണ്ട്. ഭക്തരുടെ കണക്കെടുക്കുമ്പോള്‍ ഒരു പ്രത്യേകത കൂടിയുണ്ട്. ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ലെങ്കിലും ഇതരമതക്കാരും വഴിപാടുകളും മറ്റും നടത്താനായി ദിവസേന ക്ഷേത്രാങ്കണത്തില്‍ എത്താറുണ്ടത്രെ. ഒരു പക്ഷേ നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാലത്ത് എടുത്തുപറയേണ്ട ഒന്നുതന്നെയാണ് മതസൗഹാര്‍ദ്ദത്തിന്റെ ഈ പാഠം.

എന്നിട്ടും ശനിയാഴ്ച ഏതാനും മണിക്കൂര്‍ നേരത്തേക്കെങ്കിലും പൂക്കോട്ടുംപാടത്തിന്റെ മനസ്സുകളില്‍ വിള്ളലുണ്ടായി. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്നപോലെ തകര്‍ന്നത് വിഗ്രഹമെങ്കില്‍ തകര്‍ത്തത് മുസ്ലീങ്ങള്‍ തന്നെ എന്ന രീതിയില്‍ ചൂടേറിയ ചര്‍ച്ചകളും പടയൊരുക്കവും നടന്നു. വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ ആര്‍എസ്എസും ബിജെപിയും പോഷക സംഘടനകളും കച്ചകെട്ടിയിറങ്ങുകയും ചെയ്തു. ഏതുനിമിഷവും എന്തും സംഭവിക്കാമെന്നു തോന്നിച്ചിടത്തുനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയ വാര്‍ത്ത അവിടെ പരക്കുന്നത്. പിടിയിലായത് ഇതരമതക്കാരനല്ലെന്നറിഞ്ഞതോടെ തന്നെ ഒരു വിഭാഗം പിന്‍വലിയുകയും ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ശ്വാസഗതി പഴയപടിയാവുകയുമായിരുന്നു.


ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടത് എന്നതാണ് വിവരം. ‘ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രി 10.30 വരെ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ പരിപാടികള്‍ കഴിഞ്ഞ 11.30-ഓടെയാണ് കമ്മിറ്റിക്കാരും മറ്റും പോകുന്നത്. ഇതിനുശേഷമാണ് അക്രമം ഉണ്ടായിട്ടുള്ളത്’ എന്നാണ് ക്ഷേത്രകമ്മറ്റി ഭാരവാഹിയായ അരവിന്ദന്‍ എന്നയാള്‍ പറയുന്നത്. 5.30-ഓടെ മേല്‍ശാന്തി ശിവപ്രസാദ് ക്ഷേത്രത്തിനുള്ളില്‍ കടന്നപ്പോഴാണ് വിഗ്രഹങ്ങള്‍ തകര്‍ന്നുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെട്ടതല്ലാതെ വിലപിടിപ്പുള്ള വസ്തുക്കളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, ‘ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ വാതിലിനു സമീപം ഓടിളക്കിയാണ് പ്രതി അകത്തുകടന്നത്. ഇതുവഴി ചുറ്റമ്പലത്തിന് അകത്തുകയറുകയായിരുന്നു. പുറംവാതിലിനുസമീപം ചുമരില്‍ പതിച്ചിരുന്ന ചിരാതില്‍ ചവിട്ടിയാണ് മുകളിലേക്ക് കയറിയിട്ടുള്ളത്. ഏതാനും ചിരാതുകള്‍ പൊട്ടിയിട്ടുണ്ട്. ഉത്സവത്തിന് ഉപയോഗിക്കുന്ന പന്തക്കാലും ഇതിനുസമീപം കിടക്കുന്നുണ്ട്. അമ്പലത്തിലെ വിറകുപുരയില്‍ ഉണ്ടായിരുന്ന മഴു ഉപയോഗിച്ചാണ് ശ്രീകോവിലുകളുടെ വാതിലുകള്‍ തുറന്നിട്ടുള്ളത്. വിഷ്ണുവിഗ്രഹത്തിന്റെ കാലിന്റെ ഭാഗം പൊട്ടി ഒരുവശത്തേക്ക് ചെരിഞ്ഞു കിടക്കുന്ന നിലയിലും ശിവവിഗ്രഹം ഇടിയുടെ ആഘാതത്തില്‍ പാതി പിളര്‍ന്ന് ശിവലിംഗത്തിന്റെ ഗോളകത്തിന്റെ ഒരുഭാഗം പ്രതിഷ്ടാ പീഠത്തില്‍നിന്നും ഇളകി വീണ നിലയിലുമാണ് ഉണ്ടായിരുന്നത്. ശ്രീകോവിലിന് സമീപമുള്ള നിര്‍മാല്യക്കല്ല് ഇളക്കിയെടുത്ത് ഇതുപയോഗിച്ചാണ് വിഗ്രഹങ്ങള്‍ തകര്‍ത്തിരിക്കുന്നതെന്നാണ് കരുതുന്നത്. നിര്‍മാല്യക്കല്ല് വിഗ്രഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്ക് ചുറ്റുമുള്ള പ്രഭാവലയങ്ങള്‍ക്കോ മറ്റ് പൂജാവസ്തുക്കള്‍ക്കോ കേടുപാടുകളില്ല. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങളും യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. ആറിലധികം ഭണ്ഡാരങ്ങള്‍ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. എന്നാല്‍ ഇവയും തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളില്ല-‘ പോലീസ് പറയുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്നലെ രാവിലെ മുതലേ പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തുന്നുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ നാടിന്റെ നഷ്ടപ്പെട്ട സാഹോദര്യവും പരസ്പരവിശ്വാസവും വീണ്ടെടുക്കാന്‍ മിന്നിട്ടിറങ്ങിയ ഒരു വിഭാഗം മതേതരമനസുകളുടെ ഇടപെടലുകളാണ് പ്രദേശത്തെ ഒരു കലാപഭൂമിയാക്കി മാറ്റാതിരുന്നത്. രാവിലെ വിവരമറിഞ്ഞെത്തിയ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനു നേരെയും, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയുമെല്ലാം ഒരുവിഭാഗം ആളുകള്‍ ആക്രോശവുമായെത്തിയോടെയാണ് പൂക്കോട്ടുംപാടം നിവാസികള്‍ ഒരു നിമിഷത്തേക്ക് കെട്ടുപൊട്ടിയ പരസ്പര വിശ്വാസം വീണ്ടെടുത്ത് കൈകോര്‍ക്കുന്നത്. ‘വിഗ്രഹം തകര്‍ത്തത് ആരായാലും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇവിടുത്തെ സ്വൈര്യ ജീവിതമാണ്. അതുണ്ടായിക്കൂടാ, അവരെ പിടികൂടുക തന്നെവേണം‘- ക്ഷേത്രത്തിലെത്തിയ പലവിശ്വാസികളും പുറത്തുള്ളവരും പങ്കുവച്ചത് ഈ ആശയമായിരുന്നു.

‘വര്‍ഷങ്ങളായി ഞാന്‍ ഈ ക്ഷേത്രത്തിനു മുന്നില്‍ കച്ചവടം നടത്തുന്നു. ഇന്നുവരെയും ഇവിടെ ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായിട്ടില്ല. ഇത് ചെയ്തവര്‍ ആരായാലും പിടിക്കപ്പെടണം. ഞങ്ങള്‍ക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കേണ്ടതാണ്-‘ ക്ഷേത്രത്തിനു മുന്നില്‍ കച്ചവടം നടത്തുന്ന നസീര്‍ എന്ന വ്യാപാരി പറയുന്നു. സമാധാനത്തോടെ ജീവിക്കണമെന്നത് പൂക്കോട്ടുംപാടത്തിന്റെ പൊതുവികാരമായി ഉയര്‍ന്നതോടെയാണ് ഏതുനിമിഷവും കലാപത്തിലേക്ക് നീങ്ങുമെന്ന അവസ്ഥയിലായിരുന്ന പ്രദേശം വീണ്ടും ശാന്തമാകുന്നത്. മിന്നല്‍ ഹര്‍ത്താലും റോഡുപരോധവുമെല്ലാമായി എത്തിയവര്‍ പതിയെ പിന്‍മാറി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി രാഷ്ട്രീയ, വ്യാപാരി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ പുനര്‍നിര്‍മാണത്തിനും മറ്റും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന തീരുമാനം ജനങ്ങള്‍ ഒന്നടങ്കം ഉള്‍ക്കൊണ്ടതോടെയാണ് പൂക്കോട്ടുംപാടം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയത്.

വൈകുന്നേരത്തോടുകൂടി പ്രതി പോലീസിന്റെ പിടിയിലായ വാര്‍ത്തയറിഞ്ഞതോടെ ഏറെ ആശ്വസമായത് പ്രദേശവാസികള്‍ക്ക് തന്നെയാണ്. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്നയാളാണ് പിടിയിലായത്. 9 വര്‍ഷത്തോളമായി ഇയാള്‍ മലപ്പുറം മമ്പാട് പഞ്ചായത്തിലാണ് താമസം. താന്‍ വിഗ്രഹാരാധനയ്ക്ക് എതിരാണെന്നും ഇതിനാലാണ് ക്ഷേത്രത്തില്‍ കയറി വിഗ്രഹങ്ങള്‍ തകര്‍ത്തതെന്നും പോലീസിനോട് പറഞ്ഞതായാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍. പൂക്കോട്ടുംപാടത്തിനടുത്ത് വാണിയമ്പലം ക്ഷേത്രത്തിലെ വിഗ്രഹം മാസങ്ങള്‍ക്കുമുന്‍പ് തകര്‍ത്തതും താനാണെന്ന് ഇയാള്‍ സമ്മതിച്ചതായാണ് അറിയുന്നത്.

(രാജാറാം മോഹന്‍ദാസ് പോറ്റി)

അതിനിടെ, ബിജെപി പ്രാദേശിക നേതൃത്വം പുതിയ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജാറാം മോഹന്‍ എന്നയാള്‍ സിപിഎം അനുഭവിയാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മുസ്ലീം സംഘടനയുമായി ബന്ധപ്പെടുകയും മതം മാറുകയും ചെയ്തയാളാണെന്ന് പറയപ്പെടുന്നു എന്നാണ് ബിജെപി നിലമ്പൂര്‍ എന്ന ഫേസ്ബുക്ക് പേജിലെ പ്രസ്താവന. ഇയാൾ ഏകദൈവ വിശ്വാസത്തിന്റെ വക്താവും സെമറ്റിക്ക് ചിന്താഗതിയോട് അങ്ങേയറ്റം ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന ക്രിമിനലാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍.

സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹ്‌റയും, ഡോഗ് സ്‌കോഡ്, വിരലടയാള വിദഗ്ദര്‍ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശ്രീകോവിലിന്റെ വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ച മഴുവില്‍ നിന്നും മണം പിടിച്ച് പോലീസ് നായ റിങ്കൊ ക്ഷേത്രത്തിനു മുന്‍വശത്തുകൂടി പൂക്കോട്ടുംപാടം അങ്ങാടിയിലെത്തുകയും ഏതാനും കടകള്‍ക്കുമുന്നില്‍ എത്തി മണം പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ച ചന്ത നടക്കുന്നിടത്തെത്തുകയും ഏതാനും കടകള്‍ക്കുമുന്നില്‍ നില്‍ക്കുകയും ചെയ്തു. ഇവിടെനിന്നും രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് പാറക്കപ്പാടം റോഡിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് പഞ്ഞംപാടത്തെ റബര്‍ തോട്ടത്തില്‍ എത്തുകയായിരുന്നു. ഇവിടെനിന്നും പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ് വിഭാഗത്തിലെ ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് ദിനേശന്‍, ഫിംഗര്‍ പ്രിന്റ് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, എസ് മധു, സൈന്റിഫിക് അസിസ്റ്റന്റ് ഡോ. അനി തുടങ്ങിയവരും ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും പരിശോധന നടത്തി.

പ്രദേശം സംഘര്‍ഷഭരിതമാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. നോര്‍ത്ത് സോണ്‍ ഐജി അജിത് കുമാര്‍, എസ് പി ദെബേഷ് കുമാര്‍ ബെഹ്ര, തൃശ്ശൂര്‍ റെയ്ഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി ശശിധരന്‍, എ സി പി എസ് സുജിത് ദാസ്, പെരിന്തല്‍മണ്ണ ഡി വൈ എസ് പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി ഐ കെ എം ദേവസ്യ, വണ്ടൂര്‍ സി ഐ എം ജെ ജോണ്‍സണ്‍, എടക്കര സി ഐ സന്തോഷ്, എസ് ഐ മാരായ ജ്യോതീന്ദ്രകുമാര്‍, സുനില്‍ പുളിക്കല്‍, ടി പി ശിവദാസന്‍ തുടങ്ങിയവരും എംഎസ്പി ക്യാമ്പില്‍ നിന്നുള്ള മുന്നൂറോളം പോലീസുകാരും പ്രദേശത്തെത്തിയിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 28, 2017 2:08 pm