X

ഉടമസ്ഥാവകാശം തെളിയിക്കാനായില്ല; ജോയ്സ് ജോർജിന്റെ പേരിലുള്ള കൊട്ടക്കാമ്പൂരിലെ 28 ഏക്കർ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി

ഉടമസ്ഥാവകാശം തെളിയിക്കാൻ പലവട്ടം ജോയ്സിന് കളക്ടർ നോട്ടീസ് നൽകുകയുണ്ടായി.

കൊട്ടക്കാമ്പൂർ ഭൂമിയിടപാടിൽ മുൻ എംപി ജോയ്സ് ജോർജിന് തിരിച്ചടി. അദ്ദേഹത്തിനും കുടുംബത്തിനും ഭൂമിയിന്മേലുണ്ടായിരുന്ന ഉടമസ്ഥാവകാശം റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. പട്ടയവും റദ്ദാക്കിയിട്ടുണ്ട്. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന് സബ് കളക്ടർ ആവശ്യപ്പെട്ടിരുന്നു. ഇത് സാധിക്കാത്തതിനെ തുടർന്നാണ് നടപടി.

ജോയ്‌സ് ജോര്‍ജ്, ഭാര്യ, ജോയ്‌സ് ജോര്‍ജിന്റെ അമ്മ, സഹോദരങ്ങള്‍ എന്നിവരടക്കമുള്ളവരുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. ഏകദേശം മുപ്പതോളം ഏക്കർ ഭൂമിയുണ്ടിത്. നീലക്കുറിഞ്ഞി സാങ്ച്വറിയുടെ ഭാഗമായ 58-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ട അഞ്ച് തണ്ടപ്പേരിലുള്ള സ്ഥലമാണ് മുൻ ഇടത് എംപി തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്നത്.

ഉടമസ്ഥാവകാശം തെളിയിക്കാൻ പലവട്ടം ജോയ്സിന് കളക്ടർ നോട്ടീസ് നൽകുകയുണ്ടായി. നേരിട്ട് ഹാജരാകാൻ ഇദ്ദേഹം തയ്യാറാകുകയുണ്ടായില്ല. ആകെയുള്ള 32 ഏക്കർ സ്ഥലത്തിൽ 28 ഏക്കറിന്റെ പട്ടയമാണ് റദ്ദാക്കിയിരിക്കുന്നത്.

പൊലീസ് അന്വേഷണം ഇതിന്മേൽ നടന്നിരുന്നെങ്കിലും ജോയ്സിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. കൊട്ടകാമ്പൂരിൽ താമസക്കാരായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നും ജോയ്സിന്റെ പിതാവ് ഈ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശമാക്കി എന്നാണ് കളക്ടർക്ക് പരാതി ലഭിച്ചത്.

This post was last modified on September 8, 2019 9:51 pm