X

ശബരിമലയിലെത്തുന്ന യുവതികളെ തടയുമെന്ന്: സുധാകരനുള്ളപ്പോള്‍ ആര്‍എസ്എസിന് മറ്റൊരു തില്ലങ്കേരിയെന്തിന്‌?

സുധാകരന്റെ വാക്കുകള്‍ക്ക്‌ കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ബിജെപി നേതാക്കളുടെ വാക്കുകളുമായി ഏറെ അടുപ്പമുണ്ടെന്നല്ല, അതുതന്നെയാണെന്നാണ് പറയേണ്ടത്

മറ്റന്നാള്‍ ആരംഭിക്കുന്ന മണ്ഡലക്കാലത്ത് ശബരിമലയിലെത്താന്‍ ശ്രമിക്കുന്ന പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ യുവതികളെയും തടയുമെന്നാണ് ഇന്നലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനം മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളായ മോസ്‌കുകളെയും പള്ളികളെയും കൂടി ബാധിച്ചേക്കാവുന്ന ക്യാന്‍സറായി മാറുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിഷേധവുമായി കോണ്‍ഗ്രസും ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പമ്പയിലും നിലയ്ക്കലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിന്യസിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം യുവതികളെ തടയുകയെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് സുധാകരനോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും വിധി റദ്ദാക്കിയിട്ടില്ലെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങരുതെന്നുമാണ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തത്. ശബരിമലയിലും നാട്ടിലും കലാപം ഒഴിവാക്കാനുള്ള പക്വമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ ആദ്യ പ്രതികരണം. യുവതീ പ്രവേശനം റദ്ദാക്കാത്ത വിധി പൂര്‍ണമായും മനസിലാകാതെയാണ് മുല്ലപ്പള്ളിയുടെ ഈ പ്രതികരണമെന്ന് വ്യക്തമാണ്. നിയമസഭയില്‍ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കുന്നതിന് നേതൃത്വം നല്‍കുന്ന ചെന്നിത്തല യുവതികളെ തടയാന്‍ കോണ്‍ഗ്രസില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇപ്പുറത്ത് പാതി മാത്രം മനസിലായി എങ്ങും തൊടാത്ത മറുപടിയുമായി കെപിസിസി പ്രസിഡന്റും. പിന്നെ യുവതികളെ തടയുമെന്ന് സുധാകരന്‍ ആര്‍ക്ക് വേണ്ടിയാണ് പറയുന്നത്. എന്തായാലും കോണ്‍ഗ്രസിന് വേണ്ടിയല്ലെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഈ വിധിയെ സ്വാഗതം ചെയ്യുകയാണ്. യുവതീ പ്രവേശനത്തില്‍ പ്രതിഷേധമുണ്ടെങ്കിലും ബിജെപിയെ പോലെ തടയല്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടില്ലെന്ന് സംസ്ഥാന നേതൃത്വവും പറയുന്നു. അതേസമയം ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ഇന്നലെ വിധി വന്ന ആദ്യ മണിക്കൂറുകളില്‍ ആഘോഷ പ്രകടനം നടത്തിയെങ്കിലും പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ പഴയ വാക്കുകളിലേക്ക് തിരിച്ച് പോയിരുന്നു. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്നാണ് ഇവരുടെ ഇപ്പോഴത്തെയും നിലപാട്. വിധി വന്നതോടെ ശബരിമല സംരക്ഷണ രഥയാത്ര അവസാനിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനകം-അതായത് മണ്ഡലക്കാലത്ത് നട തുറക്കുമ്പോള്‍ സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലയില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും ഒഴിവാക്കാനുള്ള വിവേകം സിപിഎം കാണിക്കണമെന്നും പിള്ള പറയുന്നു. ചുരുക്കത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് തന്നെയാണ് പിള്ള പറയുന്നത്.

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ എന്നാണ് ഹിന്ദു ഐക്യവേദി നേതാവും അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റുമായ കെ പി ശശികല വിധിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചത്. കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ ജനുവരി 22 വരെ സ്റ്റേ ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. അതിനുള്ള എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായി. ഈ തീരുമാനം പ്രതീക്ഷിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞു. എത്ര ദിവസം എന്നത് പ്രശ്‌നമല്ല. ഇത്രയും ജനങ്ങളില്ലേ? എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ സംബന്ധിച്ച് അത് പാടുള്ള കാര്യമല്ല’ എന്നൊക്കെയാണ് ശശികലയുടെ അപകട സൂചനകളേറെയുള്ള വാക്കുകള്‍. ‘ആചാരലംഘനം’ നടക്കാതിരിക്കാനുള്ള വഴികള്‍ ആര്‍എസ്എസിനുണ്ടെന്ന് നാം നേരത്തെ തന്നെ കണ്ടതാണ്. ആചാരലംഘനം നടത്തി പതിനെട്ടാം പടിയില്‍ ചവിട്ടി നിന്ന് ഈ ‘സ്റ്റേ’ നടപ്പാക്കിയ വത്സന്‍ തില്ലങ്കേരിയെയും നാം കണ്ടു. യഥാര്‍ത്ഥത്തില്‍ സുധാകരനുള്ളപ്പോള്‍ ആര്‍എസ്എസിനെന്തിനാണ് മറ്റൊരു വത്സന്‍ തില്ലങ്കേരി?

സുധാകരന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ബിജെപി നേതാക്കളുടെ വാക്കുകളുമായി ഏറെ അടുപ്പമുണ്ടെന്നല്ല, അതുതന്നെയാണെന്നാണ് പറയേണ്ടത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കാറാന്‍ സാധ്യതയുള്ള നേതാക്കളെയെടുത്താല്‍ ആദ്യത്തെ പേരുകാരനാണ് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ മുഖമായ സുധാകരനെന്ന് കൂടി ഇവിടെ ചേര്‍ത്ത് വായിക്കണം.

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ ശശികലയുടെ ഈ ചോദ്യത്തിലുണ്ട് സര്‍ക്കാരിനെ കാത്തുനില്‍ക്കുന്ന അഗ്നിപരീക്ഷയുടെ സൂചനകള്‍

പിണറായി തോറ്റു, അയ്യപ്പന്‍ ജയിച്ചു; പുനഃപരിശോധന ഹര്‍ജിക്കാരുടെ ഈ വിജയാഹ്ളാദത്തിന്റെ പൊരുള്‍

മണ്ഡലകാലത്തെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമോ? പോലീസിന് അവ്യക്തത; എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായെന്ന് ഹൈന്ദവ സംഘടനകള്‍

49കാരന് 50നു മേല്‍ പ്രായമുള്ള ഭാര്യയുണ്ടായാല്‍ എന്താ കുഴപ്പം? വല്‍സന്‍ തില്ലങ്കേരി പോലീസിനോടാണ്

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 14, 2018 8:41 pm