X

മോദിയെ ഞാന്‍ വിമര്‍ശിച്ചതിന്റെ 10 ശതമാനം പോലും വിമര്‍ശിക്കാത്തവരാണ് കേരള നേതാക്കള്‍: ശശി തരൂര്‍

ഇ മെയില്‍ ചോര്‍ത്തിയവര്‍ തന്റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ വിമര്‍ശിച്ചതിന്റെ 10 ശതമാനം പോലും വിമര്‍ശിക്കാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് ശശി തരൂര്‍ എംപി. തന്നെ മോദി സതുതിപാഠകനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് എന്ന് ശശി തരൂര്‍ പറഞ്ഞു. മോദി നല്ലത് ചെയ്താല്‍ അത് നല്ലതാണ് എന്ന് പറയണം. എന്നാലേ മോദിയുടെ തെറ്റുകളെ വിമര്‍ശിക്കാന്‍ കഴിയൂ. കെപിസിസി പ്രസിഡന്റ് തനിക്കയച്ച ഇ മെയില്‍ ചോര്‍ന്നതില്‍ ശശി തരൂര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ഇ മെയില്‍ ചോര്‍ത്തിയവര്‍ തന്റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ പറഞ്ഞു.

കെ മുരളീധരന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തരൂര്‍ മോദി സ്തുതി തുടര്‍ന്നാല്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കേണ്ടി വരുമെന്നും കുറച്ചുകാലം മുമ്പ് മാത്രം കോണ്‍ഗ്രസിലെത്തിയ തരൂരിനെ തന്റെ രാഷ്ട്രീയ പാരമ്പര്യം അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ശശി തരൂരും ജയറാം രമേഷും അഭിഷേക് മനു സിംഗ്‌വിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടത് മോദിയെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നാണ്.

This post was last modified on August 28, 2019 4:48 pm