X

ബിജെപിക്കുള്ള മണ്ണ് ഒരുങ്ങിക്കഴിഞ്ഞോ? അക്രമം പടരുന്ന കണ്ണൂര്‍ സൂചിപ്പിക്കുന്നത്

അടിക്കടിയും വെട്ടിനു വെട്ടും ബോബിനും ബോംബുമായി ഇരു കൂട്ടരും അരങ്ങു വാണാല്‍ കണ്ണൂര്‍ വീണ്ടും കുരുതിക്കളമാകും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ശ്രീലങ്കന്‍ സ്വദേശി ശശികല ശബരിമലയില്‍ ദര്‍ശനം നടത്തിയോ ഇല്ലയോ എന്നതു സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. അവര്‍ ദര്‍ശനം നടത്തിയെന്ന് പോലീസും മുഖ്യമന്ത്രിയുടെ ഓഫിസും തറപ്പിച്ചു പറയുമ്പോഴും ഇല്ലെന്നാണ് മറുപക്ഷം വാദിക്കുന്നത്. സി സി ടി വി യിലെ ശശികലയുടേതെന്ന് പറയപ്പെടുന്ന ദൃശ്യവും ദര്‍ശനം നടത്താന്‍ പോലീസ് അനുവദിച്ചില്ലെന്ന് പറഞ്ഞു ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പ്രതിക്ഷേധിക്കുന്ന ശശികലയും രണ്ടും രണ്ടാണെന്ന വാദമാണ് ഇവര്‍ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. ദര്‍ശനം നടത്തുന്ന സ്ത്രീ കണ്ണട വെച്ചിട്ടുണ്ടെന്നും ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ പ്രതിക്ഷേധം ചൊരിയുന്ന ശശികലക്കു കണ്ണടയില്ലെന്നും രണ്ടു സ്ത്രീകളുടെയും കയ്യിലുള്ള ഇരുമുടി കെട്ടുകളുടെ നിറം വ്യത്യസ്തമാണെന്നും രണ്ടും രണ്ടാണെന്ന് സ്ഥാപിക്കാന്‍ പോന്ന തെളിവുകളായി അവര്‍ നിരത്തുന്നു.

ശശികല ദര്‍ശനം നടത്തിയാലും ഇല്ലെങ്കിലും മലയാളികളായ ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. തര്‍ക്കമില്ലെന്ന് മാത്രമല്ല അതിന്റെ പേരില്‍ അയ്യപ്പ കര്‍മ്മ സമിതിയുടെ മേല്‍വിലാസത്തില്‍ ആര്‍ എസ് എസ്സും ബിജെപിയും ഇതര സംഘപരിവാര്‍ സംഘടനകളും ഹര്‍ത്താലിന്റെ മറവില്‍ തുടങ്ങിവെച്ച കലാപം തുടരുകയുമാണ്. ഹര്‍ത്താല്‍ ദിനത്തിലെ കലാപം സംസ്ഥാന വ്യാപകമായിരുന്നുവെങ്കില്‍ തൊട്ടടുത്ത ദിവസം (ഇന്നലെ) മുതല്‍ അത് രാഷ്ട്രീയ കലാപങ്ങളുടെ സ്വന്തം നാടുകൂടിയായ കണ്ണൂരിലേക്ക് ഏതാണ്ട് കേന്ദ്രീകരിച്ച സ്ഥിതിയാണുള്ളത്. ഹര്‍ത്താല്‍ നടന്ന വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും ആക്രമണം ഉണ്ടായെങ്കിലും ഇന്നലെ രാത്രിയോടെ അതിന്റെ തീവ്രത വര്‍ധിച്ചിരിക്കുന്നു.

വനിതാ മതിലിന് മുമ്പ് തന്നെ യുവതികള്‍ സന്നിധാനത്ത് എത്തി? മണ്ഡലക്കാലത്ത് ഇതുവരെ 10 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്

കണ്ണൂരില്‍ കലാപങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ തലശ്ശേരിയില്‍ ഇന്നലെ മാത്രം ആക്രമിക്കപ്പെട്ടത് മൂന്ന് പ്രധാന നേതാക്കളുടെ വീടുകളാണ്. സിപിഎം എംഎല്‍എ എഎന്‍ ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ ജില്ലാ കോടതിക്കടുത്തുള്ള വീടും ബിജെപി നേതാവും രാജ്യ സഭ അംഗവുമായ വി മുരളീധരന്റെ തലശ്ശേരി വാടിയില്‍ പീടികയിലുള്ള തറവാട് വീടിന് നേരെയുമാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. തലശ്ശേരി മേഖലയില്‍ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളുടെ പച്ഛാത്തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള സമാധാന യോഗം നടക്കുന്നതിനിടയില്‍ തന്നെയായിരുന്നു ഈ ബോംബ് കളിയാട്ടം. അതിനിടെ ജില്ലയിലെ തന്നെ മറ്റൊരു സംഘര്‍ഷ മേഖലയായ ഇരിട്ടിയില്‍ ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്തു.

ഷംസീറിന്റെയും പി ശശിയുടെയും വീടുകള്‍ ആക്രമിച്ചത് സംഘ പരിവാര്‍ തന്നെയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ ബിജെപി നേതാവ് വി മുരളീധരന്റെ വീടിനു ബോംബെറിഞ്ഞത് മുരളീധര വിരുദ്ധ ചേരിയില്‍ പെട്ടവരാണെന്ന ഒരു കരക്കമ്പി പ്രചരിക്കുന്നുണ്ട്. ശബരിമലയില്‍ അയ്യപ്പ ഭക്തരായ യുവതികള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് മുരളീധരന്‍ ഒരു ഇംഗ്ലീഷ് ചാനലില്‍ പറഞ്ഞിരുന്നു. പിന്നീട് മുരളീധരന്‍ തന്നെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞു മലക്കം മറിഞ്ഞെങ്കിലും ആദ്യ പ്രസ്താവന സിപിഎമ്മിന് ഉണ്ടാക്കികൊടുത്ത രാഷ്ട്രീയ മേല്‍ക്കൈയില്‍ രോഷം പൂണ്ടവരാണ് ആക്രമത്തിന് പിന്നിലെന്നാണ് ഇത്തരത്തില്‍ ഒരു കരക്കമ്പിക്കു പിന്നിലുള്ളവര്‍ പ്രചരിപ്പിക്കുന്നത്.

ഈ കരക്കമ്പിയെ വെറുമൊരു വ്യാജ പ്രചാരണമായി കണ്ടാല്‍ പോലും തങ്ങളുടെ ഭീഷണി വകവെക്കാതെ രണ്ടു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ സംഘ പരിവാര്‍ തുടങ്ങിവെച്ച ഉറഞ്ഞു തുള്ളലിനെതിരെ പ്രതിരോധത്തിന്റെ പേരു പറഞ്ഞു സിപിഎം അണികളും രംഗത്തിറങ്ങി കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. അടിക്കടിയും വെട്ടിനു വെട്ടും ബോബിനും ബോംബുമായി ഇരു കൂട്ടരും അരങ്ങു വാണാല്‍ കണ്ണൂര്‍ വീണ്ടും കുരുതിക്കളമാകും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഇങ്ങനെ സംഭവിക്കുന്നതില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് കൂസലൊന്നും ഉണ്ടാകാനിടയില്ല. കമ്മ്യൂണിസ്റ്റുകള്‍ ഭരണം നടത്തുന്ന കേരളത്തില്‍ ക്രമസമാധാന നില ആകെ തകര്‍ന്നിരിക്കുന്നു എന്ന അവരുടെ സ്ഥിരം പല്ലവി കുറച്ചുകൂടി ഉച്ചത്തില്‍ മുഴക്കാന്‍ അവസരം ലഭിക്കുമെന്ന സൗകര്യം കൂടിയുണ്ടാകും എന്ന് മാത്രം. അത് തിരിച്ചറിയേണ്ട ബാധ്യത ഭരണം നടത്തുന്ന പാര്‍ട്ടിക്കും അതിന്റെ അണികള്‍ക്കും ഉണ്ടായാല്‍ നന്നായിരിക്കും.

കണ്ണൂരിലെ ഈ ഗ്രാമത്തിന്റെ വിദൂരസ്മരണകളില്‍ പോലും ജനജീവിതം സ്തംഭിപ്പിച്ച ഒരു ഹര്‍ത്താല്‍ ദിനം ഇല്ല

അമേരിക്കയുടെ ‘ബോംബുകളുടെ മാതാവിന്’ ചൈനയുടെ മറുപടി അതിലും മാരക ബോംബ്‌?

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts