X

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം കയ്യൂരില്‍; ആദ്യ അഞ്ചെണ്ണം കേരളത്തില്‍

കേരളത്തിലെ മറ്റ് ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ബഹുമതി

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ബഹുമതി കാസറകോട് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്. കേരളത്തിലെ മറ്റ് ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ(എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

എന്‍ക്യുഎഎസിന്റെ വിലയിരുത്തലില്‍ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് 99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം(കണ്ണൂര്‍), വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം (കാസറകോട്) എന്നിവ 97 ശതമാനം മാര്‍ക്കും കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (കാസറകോട്) 96 ശതമാനം മാര്‍ക്കും തേര്‍ത്തല്ലി കുടുംബാരോഗ്യ കേന്ദ്രം (കണ്ണൂര്‍) 95 ശതമാനം മാര്‍ക്കും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (തിരുവനന്തപുരം) 88 ശതമാനം മാര്‍ക്കും പെരുവമ്പ് കുടുംബാരോഗ്യകേന്ദ്രം (പാലക്കാട്) 81 ശതമാനം മാര്‍ക്കും നേടി.

ഒപി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീസൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. രാജ്യത്തെ ആദ്യസ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍ നിന്നാണ്. നേരത്തെ 98 ശതമാനം മാര്‍ക്കുണ്ടായിരുന്ന വയനാട്ടിലെ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമായിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം. ഇതുവരെ കേരളത്തിലെ 23 ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.

തൃശൂരിലെ ചാലക്കുടി താലൂക്ക് ആശുപത്രി നേരത്തെ 98 ശതമാനം മാര്‍ക്കോടെ രാജ്യത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എന്‍ക്യുഎഎസിന്റെ അംഗീകാരം നേടിയിരുന്നു.

This post was last modified on April 26, 2019 10:53 am

Related Post
Leave a Comment