X

ഫാനി ചുഴലിക്കാറ്റ്: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പിൽ പറയുന്നു.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമർദം ‘ഫാനി’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ കേരത്തിലും തമിഴ്നാട്ടിലും, പുതുച്ചേരിയിലും ജാഗ്രതാ നിർദേശം. ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് 36 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തമിഴ്നാട് കേരളം, കർണാടക സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.

‘ഫാനി’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 30 നോട് കൂടി തമിഴ്നാട് തീരത്തെത്താൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 30, മെയ് 1 തിയ്യതികളിലാണ് റെഡ് അലർട്ട്.

ഈ ന്യുനമര്ദത്തിന്റെ പ്രഭാവത്തിൽ ഇന്ന് മുതല്‍ കേരളത്തില്‍ ശക്തമായ കാറ്റ് വീശുവാന് സാധ്യത ഉണ്ട്. മണിക്കൂറില് 30-40 കിമി വേഗത മുതൽ ചില സമയങ്ങളിൽ 50 കിമി വരെ വേഗം കൈവരിച്ചേക്കുമെന്നും മുന്നറിയിപ്പ് പറയുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പിൽ പറയുന്നു.

പൊതുജനങ്ങൾക്കുള്ള മുൻകരുതൽ നിർദേശവും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നൽകിയിട്ടുണ്ട്.

1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുള്പൊട്ടല്‍ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു

2. കാറ്റ് ശക്തിയായി വീശും എന്നതിനാല്‍ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ വാഹനം നിര്‍ത്തിയിടാതിരിക്കുക. മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ കാറ്റ് വീശുന്ന സമയത്ത് സുരക്ഷ തേടാതെ ഇരിക്കുക.

3. മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാഹനങ്ങള് നിർത്തരുത് .

4.മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

5. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.

6 . ഒരു കാരണവശാലും നദികള്, ചാലുകള് എന്നിവ മുറിച്ചു കടക്കരുത്

7 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല് ഒഴിവാക്കുക.

8. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക

9. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക.

11.ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്ദേശം നല്കുക.

12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

13. 1077 എന്നതാണ് ജില്ലാ എമർജന്‍സ് ഓപ്പറേഷന്സ് സെന്റർ നമ്പർ.

14 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര്‍ കയ്യില് സൂക്ഷിക്കുക.

15.വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

This post was last modified on April 26, 2019 10:08 am

Related Post
Leave a Comment