X

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികള്‍

ലൈംഗികാതിക്രമങ്ങള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം അധികമാണ് ആണ്‍കുട്ടികള്‍ ഇരയാകുന്നത്

കേരളത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് ആണ്‍കുട്ടികളാണെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനിലെ സ്റ്റാഫോഡിലെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.സെബിന്ദ് കുമാര്‍, ബ്രിട്ടനിലെ വോള്‍വെര്‍ഹാം സര്‍വ്വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.സുരേന്ദ്ര് പി.സിംഗ് എന്നിവരും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പഠനത്തില്‍ മാനസികവും ശാരീരികവും ലൈംഗികവുമായ എല്ലാ തരം അതിക്രമങ്ങള്‍ക്കും പെണ്‍കുട്ടികളേക്കാള്‍ അധികം ഇരയാകുന്നത് ആണ്‍കുട്ടികളാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം അധികമാണ് ആണ്‍കുട്ടികള്‍ ഇരയാകുന്നത്. പഠന പ്രകാരം 6.2 ശതമാനം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോള്‍ 29.5 ശതമാനം ആണ്‍കുട്ടികളാണ് ഇരയാകുന്നത്.

പഠനം നടത്തിയ 6682 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 4242 പേര്‍ ആണ്‍കുട്ടികളും 2440 പേര്‍ പെണ്‍കുട്ടികളും ആയിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ആണ്‍കുട്ടികളില്‍ 83.4 ശതമാനം പേരും ശാരീരിക പീഡനത്തിന് വിധേയരാകുന്നതായി കണ്ടെത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ 61.7 പേരാണ് ശാരീരിക പീഡനത്തിന് ഇരയായിരിക്കുന്നത്. മാനസിക അതിക്രമം പെണ്‍കുട്ടികളില്‍ 75.7 ഉം ആണ്‍കുട്ടികളില്‍ 89.5 ഉമാണ്.

20 ശതമാനം വിദ്യാര്‍ത്ഥികള്‍ മൂന്ന് തരം അതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ട്. 52.8 ശതമാനം പേര്‍ രണ്ട് തരം അതിക്രമങ്ങള്‍ക്കും 15.3 ശതമാനം പേര്‍ ഏതെങ്കിലും ഒരു വിഭാഗം അതിക്രമത്തിനും ഇരയാകുന്നത്. ഈ അതിക്രമങ്ങളില്‍ പലതും ഒരു വര്‍ഷത്തിനിടെ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്. കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്താത്ത വിധമായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്.

ചോദ്യാവലിയില്‍ 19 ചോദ്യങ്ങള്‍ ശാരീരിക അതിക്രമങ്ങളെ കുറിച്ചും 12 എണ്ണം മാനസിക അതിക്രമങ്ങളെ കുറിച്ചും 10 എണ്ണം ലൈംഗികാതിക്രമങ്ങളെ കുറിച്ചുമുള്ളതായിരുന്നു. പരിശീലനം ലഭിച്ച അദ്ധ്യാപികയുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് മുറിയില്‍ കുട്ടികളെ ഒരുമിച്ചിരുത്തിയ ശേഷം ചോദ്യാവലി വിതരണം ചെയ്താണ് വിവരശേഖരണം നടത്തിയത്.

This post was last modified on July 28, 2017 10:52 am