X

ശബരിമലയില്‍ തരൂരിനും കുമ്മനത്തിനും ഒരേ നിലപാട്, ദിവാകരനും കരുത്തന്‍; തിരുവനന്തപുരത്ത് പോരാട്ടം കടുക്കുന്നതിങ്ങനെ

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ വീണ്ടുമൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയാണ് ആര്‍എസ്എസ് ഇടപെട്ട് കുമ്മനത്തെ ഇറക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍

മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരികയാണ്. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം ഇന്നലെ രാവിലെ രാജിക്കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ഉച്ചയോടെ രാജി അംഗീകരിക്കുകയുമായിരുന്നു. കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ആര്‍എസ്എസ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതോടെയാണ് ഈ നീക്കം. ഇതേക്കുറിച്ച് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്ത് കുമ്മനം തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ ശക്തമായ ത്രികോണ മത്സരം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. യുഡിഎഎഫിന് വേണ്ടി ശശി തരൂരും എല്‍ഡിഎഫിന് വേണ്ടി സി ദിവാകരനും എന്‍ഡിഎയ്ക്ക് വേണ്ടി കുമ്മനവും മത്സരിക്കുന്നതോടെ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന മണ്ഡലമായി ഇത് മാറുകയാണ്. തിരുവനന്തപുരത്ത് കുമ്മനത്തിനുള്ള വിജയസാധ്യത കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ ഈ നീക്കം.

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമല്ലെങ്കിലും പലപ്പോഴും പലരും അതിന് നില്‍ക്കാറില്ല. കേരളത്തില്‍ തന്നെ ഇതിന് മുമ്പ് ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഔറംഗബാദില്‍ മത്സരിച്ചിരുന്നു. കുമ്മനത്തെ കേരളത്തിലെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി മിസോറാം ഗവര്‍ണറാക്കി അയച്ചപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞത് അദ്ദേഹത്തിന് ഒരു സംസ്ഥാനത്തെ പ്രഥമ സ്ഥാനത്തേക്ക് അയച്ചിരിക്കുകയാണെന്നും ഇത് അദ്ദേഹത്തിനുള്ള അംഗീകാരമാണെന്നുമാണ്. അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുണ്ടെന്നും അന്ന് ശോഭ പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ കുമ്മനത്തെ തിരികെ കൊണ്ടുവരുമ്പോള്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് ഇപ്പോഴും മുന്നില്‍ നിര്‍ത്താന്‍ കഴിയുന്ന നേതാക്കളില്‍ പ്രഥമന്‍ അദ്ദേഹം തന്നെയാണെന്ന് കേന്ദ്ര നേതൃത്വവും അംഗീകരിച്ചിരിക്കുകയാണ്.

2018 മെയ് 29-ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മധ്യത്തിലാണ് കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ യാതൊരു താത്പര്യവുമില്ലായിരുന്നെന്നും എന്നാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതിനാല്‍ അനുസരിക്കുന്നുവെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച വിജയം നേടാനാകില്ലെന്ന് ഉറപ്പായതോടെ കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കുകയായിരുന്നുവെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തിയത്. അതിനു ശേഷം രണ്ട് മാസത്തോളമാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നത്. വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന് പാര്‍ട്ടിയെ നയിക്കാനുള്ള ശേഷിയില്ലെന്ന വിലയിരുത്തലില്‍ നിന്നാണ് കുമ്മനത്തെ കൊണ്ടുവന്നത്. എന്നാല്‍ കുമ്മനവും പരാജയപ്പെടുന്നുവെന്ന ഘട്ടത്തില്‍ അദ്ദേഹത്തെയും പിന്‍വലിക്കുകയായിരുന്നു. അതും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് മാത്രം. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ വീണ്ടുമൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയാണ് ആര്‍എസ്എസ് ഇടപെട്ട് കുമ്മനത്തെ ഇറക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ നേരെ തിരിച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും കച്ചകെട്ടിയിരിക്കുമ്പോഴാണ് കുമ്മനത്തെ ഇവിടെയെത്തിക്കുന്നത്. ശശി തരൂരിന്റെ തേരോട്ടം അവസാനിപ്പിക്കാന്‍ ബിജെപിയും സിപിഐയും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി സി ദിവാകരനെ പ്രഖ്യാപിക്കുന്നത്. തലസ്ഥാനത്തെ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരുപോലെയുള്ള ജനസമ്മതിയാണ് ദിവാകരനെ ഈ ദൗത്യം ഏല്‍പ്പിക്കാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലും 2006ല്‍ കരുനാഗപ്പള്ളി മണ്ഡലത്തിലും അട്ടിമറി ജയമാണ് ദിവാകരന്‍ നേടിയത് എന്നതിനാല്‍ തന്നെ എല്‍ഡിഎഫിനെ സംബന്ധിച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ദിവാകരന്‍.

Also Read: രാഹുല്‍ ഈശ്വറിന്റെ കുമ്മനം ഓര്‍മ വിരല്‍ ചൂണ്ടുന്നത് നിലയ്ക്കൽ സമരത്തിലേക്കാണ്; പിന്തുണയ്ക്ക് ആര്‍എസ്എസിന്റെ ഉത്തരേന്ത്യന്‍ ലോബിയും

അതേസമയം തരൂരിനെതിരെ കരുത്തനെ തേടി നടന്ന ബിജെപി ആദ്യം നടന്‍ മോഹന്‍ലാല്‍, കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, സുരേഷ് ഗോപി എന്നിങ്ങനെ പലരെയും സമീപിച്ച ശേഷമാണ് കുമ്മനത്തെ ഇറക്കുന്നത്. കുമ്മനത്തിന് തിരുവനന്തപുരം മണ്ഡലത്തിലുള്ള ജനകീയ ഇമേജ് ആണ് പ്ലസ് പോയിന്റ്. നിലയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത് ഹിന്ദുമത വിശ്വാസികള്‍ക്കിടയിലും ആറന്മുള വിമാനത്താവള സമരത്തിലും പങ്കെടുത്ത് ജനങ്ങള്‍ക്കിടയിലും ഇമേജുണ്ടാക്കിയ വ്യക്തിയാണ് കുമ്മനം. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ പലയിടങ്ങളിലും കുമ്മനം എത്തുന്നതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

എണ്‍പതുകളില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കെ മുരളീധരന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുകയും ടി എന്‍ സീമ മൂന്നാം സ്ഥാനത്താകുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ മത്സരിച്ച ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തായി പോകുകയും ചെയ്തിരുന്നു. കേവലം 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാം വട്ടം തരൂര്‍ ജയിച്ചത്. വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെയും രാജഗോപാല്‍ മുന്നിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ തിരുവനന്തപുരത്ത് ബിജെപിക്ക് ശക്തമായ ഒരു കളമുണ്ടെന്ന് വ്യക്തമാണ്. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, അരുവിക്കര എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് ശക്തമായ ചില പോക്കറ്റുകളുണ്ട്. ഇതോടൊപ്പം ശബരിമല പ്രശ്നം ഉഴുതുമറിച്ച മണ്ണില്‍, ഹിന്ദു ഐക്യം ഉണ്ടായിട്ടുണ്ടെന്നും ഇത് കുമ്മനത്തിന് വോട്ടായി മാറുമെന്നതുമാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ.

Also Read: കടുംകാവി രാഷ്ട്രീയം കുമ്മനം വഴി

അതേസമയം കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എല്‍ഡിഎഫിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം ഇക്കുറിയില്ലെന്ന് ഇടത് സര്‍ക്കിളുകള്‍ ചൂണ്ടിക്കാട്ടുന്നു. ബെനറ്റ് എബ്രഹാമിന്റെ പേയ്ഡ് സീറ്റിനെ ചൊല്ലി അന്ന് മുന്നണിയിലും സിപിഐക്ക് അകത്ത് തന്നെയും വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് പേയ്ഡ് സീറ്റിന്റെ പേരില്‍ സി ദിവാകരന്‍ തരംതാഴ്ത്തപ്പെടുകയും ചെയ്തിരുന്നു. കൂടാതെ രാജ്യവ്യാപകമായി ഉണ്ടായിരുന്ന മോദി തരംഗം ബിജെപിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുകൂലമായപ്പോള്‍ കേരളത്തിലും അതിന്റെ അലയൊലികളുണ്ടായത് മാത്രമാണ് രാജഗോപാലിന്റെ രണ്ടാം സ്ഥാനമെന്നും വിലയിരുത്തപ്പെടുന്നു. തൊഴിലവസരങ്ങളുടെ, പെട്രോള്‍ വില വര്‍ധനവിന്റെ, കള്ളപ്പണത്തിന്റെ അങ്ങനെ പലതിന്റെയും പേര് പറഞ്ഞ് അധികാരത്തിലേറിയ മോദി ഇതൊന്നും നടപ്പാക്കിയില്ലെന്ന് മാത്രമല്ല ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് തങ്ങളുടെ ഏറ്റവും മികച്ച  സ്ഥാനാര്‍ഥിയെ തന്നെ ഇറക്കാന്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വം നിര്‍ബന്ധിതമായതും ബിജെപിയുടെ നിലവിലുള്ള സംസ്ഥാന നേതൃത്വത്തിന് അത് അംഗീകരിക്കേണ്ടി വരികയും ചെയ്തത്. എന്നാല്‍ ശബരിമല വനിതാ പ്രവേശത്തെ തള്ളിപ്പറയുകയും മണ്ഡലത്തില്‍ ശക്തമായ ജനസ്വാധീനവുമുള്ള തരൂരിനെ തറപറ്റിക്കാന്‍ കുമ്മനത്തിന് കഴിയുമോ എന്നതാണ് തിരുവനന്തപുരം ബാക്കിവയ്ക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on March 9, 2019 10:43 am