സീറോ മലബാർ സഭയിലെ പ്രശ്നങ്ങൾ സിനഡിൽ പരിഹരിക്കപ്പെടുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അൽമായർ സിനഡിന്റെ തീരുമാനങ്ങളോട് ചേർന്നു നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന നടത്തരുതെന്നും അദ്ദേഹം പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സിറോ മലബാർ കൾചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയിലെ അധികാരങ്ങള്‍ തിരികെ നല്‍കിയ നടപടി ഒരുതരത്തിലും അംഗീരിക്കാന്‍ കഴിയില്ലെന്ന് നിലപാടെടുത്ത് വൈദികർ രംഗത്തു വന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. കഴിഞ്ഞദിവസം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കൂടിയ വൈദിക യോഗം ഭൂമി കുംഭകോണത്തില്‍ നിരപരാധിയാണെന്നു തെളിയിക്കാത്തിടത്തോളം കര്‍ദിനാളിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
അതിരൂപതയിലെ 289 ഓളം വൈദികര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും നൂറിലേറെ വൈദികര്‍ ഈ യോഗത്തിനു പിന്തുണ അറിയിച്ചിരുന്നുവെന്നും വൈദികരുടെ പ്രതിനിധികളായി സംസാരിച്ച ഫാ. സെബാസ്റ്റ്യന്‍ തളിയനും ഫാ. ജോസ് വയലിക്കോടത്തും അറിയിച്ചു. തങ്ങളെയിനിയും വിമത വൈദികര്‍ എന്നു വിളിക്കരുതെന്നും, അതിരൂപതിയില്‍ ആകെയുള്ള 450 ഓളം വൈദികരില്‍ തൊണ്ണൂറു ശതമാനത്തിലധികം പേരും തങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്നിരിക്കെ എങ്ങനെയാണ് ഇതൊരു വിമത സംഘം ആകുന്നതെന്നും ഫാ. തളിയനും ഫാ. വയലിക്കോടത്തും ചോദിക്കുന്നു.
ഭൂമിവില്‍പ്പനയില്‍ താന്‍ നിരപരാധിയാണെന്നു സഭയേയും വിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ കര്‍ദിനാളിന് ഇതുവരെ ആയിട്ടില്ലെന്നാണ് വൈദികര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിരൂപതയിലേക്കുള്ള സാമ്പത്തിക വിഹിതം ഇടവക പൊതുയോഗങ്ങള്‍ നല്‍കാതെ വന്നാല്‍ അതിനെയാര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന മുന്നറിയിപ്പുകൂടി വൈദികര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. തങ്ങള്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ഏതെങ്കിലും കള്ളക്കേസില്‍ അതിരൂപത മെത്രാന്മാരെയോ വൈദികരെയോ വിശ്വാസികളെയോ കുടുക്കാന്‍ നോക്കിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന വെല്ലുവിളിയും വൈദികര്‍ ഉയര്‍ത്തുന്നുണ്ട്.
Leave a Comment