X

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ആത്മീയ സംഗമവുമായി മുളയ്ക്കല്‍ കുടുംബയോഗം

ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഗൂഢാലോചന നടക്കുകയാണെന്നും കന്യാസ്ത്രീ പീഢനക്കേസ് അദ്ദേഹത്തെ തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നുമാണ് മുളയ്ക്കല്‍ കുടുംബയോഗത്തിന്റെതായി ഇറക്കിയ നോട്ടീസില്‍ പറയുന്നത്.

കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു പിന്തുണയര്‍പ്പിച്ച് ആത്മീയ സംഗമം സംഘടിപ്പിക്കുന്നു. മറ്റം ഇടവകയില്‍ ഉള്‍പ്പെട്ട മുളയ്ക്കല്‍ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് കോട്ടയത്ത് 2019 മാര്‍ച്ച് 21 ന് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഗൂഢാലോചന നടക്കുകയാണെന്നും കന്യാസ്ത്രീ പീഢനക്കേസ് അദ്ദേഹത്തെ തകര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നുമാണ് മുളയ്ക്കല്‍ കുടുംബയോഗത്തിന്റെതായി ഇറക്കിയ നോട്ടീസില്‍ പറയുന്നത്. ഇടവകാംഗങ്ങളേയും നാട്ടുകാരെയും സംബധോന ചെയ്ത് ഇറക്കിയിരിക്കുന്ന നോട്ടീല്‍ പറയുന്നത് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ വിചാരണ തുടങ്ങുന്നതിനു മുമ്പേ മാധ്യമങ്ങളും ചില വ്യക്തികളും ചേര്‍ന്ന് അവിശ്വസനീയമായ കഥകള്‍ രൂപപ്പെടുത്തുകയും അത് സത്യമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയുമാണെന്നാണ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയുടെ ആത്മീയ ജീവിതം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരികയാണെന്നും കുറ്റപ്പെടുത്തലുണ്ട്. സാധാരണക്കാരായ മനുഷ്യര്‍ക്കു മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ തെറ്റുകാരനാണെന്നു വരുത്തി തീര്‍ക്കാനും ഈ സംഘം ശ്രമിക്കുന്നുണ്ടെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോ തെറ്റുകാരനല്ലെന്നു തന്നെയാണ് ഈ നോട്ടീസ് പുറത്തിറക്കിയവര്‍ പറയുന്നത്. സത്യം പുറത്തു വരുമെന്നും കറപുരളാത്ത കരങ്ങളുമായി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കഴിയാന്‍ എല്ലാവര്‍ക്കും ചേര്‍ന്ന് പ്രാര്‍ത്ഥിക്കാമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

കന്യാസ്ത്രീ പീഡനം പശ്ചാത്തലമാക്കി പുറത്തു വരുന്ന സിനിമയ്‌ക്കെതിരേ പ്രതിഷേധിക്കണമെന്നും നോട്ടീസില്‍ ആവശ്യമുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ സിനിമയെന്നാണ് ആരോപണം. കോട്ടയത്ത് നടക്കുന്ന യോഗത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം, ചര്‍ച്ച് ബില്ലിനെതിരേ പ്രതിഷേധിക്കണം എന്നീ ആവശ്യങ്ങളും നോട്ടീസില്‍ ഉണ്ട്. മുളയ്ക്കല്‍ കുടുംബയോഗത്തിനു വേണ്ടി ജനറല്‍ സെക്രട്ടറി ബിജി ജോമോന്‍, പ്രസിഡന്റ് എം ഒ തോമസ് എന്നിവരാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

This post was last modified on March 20, 2019 6:29 pm