X

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ഗൂഢാലോചനയടക്കം കുറ്റങ്ങള്‍; കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീക്കെതിരേ അച്ചടക്ക ഭീഷണി

നാലു കന്യാസ്ത്രീകളെ സ്ഥലംമാറ്റി ഉത്തരവിറക്കിയതിനു പിന്നാലെയാണ് സി. നീന റോസിനെതിരേ അച്ചടക്കലംഘനത്തിന് വിശദീകരണം ചോദിച്ചിരിക്കുന്നത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടി ആവശ്യവുമായി നില്‍ക്കുന്ന കന്യാസ്ത്രീകളില്‍ ഉള്‍പ്പെട്ട സി. നീന റോസിനെതിരേ നടപടി നീക്കവുമായി മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍. എം ജെ കോണ്‍ഗ്രിഗേഷന്റെ കോട്ടയം കുറവിലങ്ങാട് സ്ഥിതി ചെയ്യുന്ന ഫ്രാന്‍സീസ് മിഷന്‍ ഹോമില്‍നിന്നും കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുകയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പിന്തുണക്കുകയും ചെയ്ത നാലു കന്യാസ്ത്രീകളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയതിനു പിന്നാലെയാണ് അടുത്ത നടപടി. സ്ഥലംമാറ്റ ഉത്തരവില്‍ പേര് ഇല്ലാതിരുന്നതും കുറവിലങ്ങാട് കോണ്‍വെന്റില്‍ തുടരുകയും ചെയ്യുന്ന സിസ്റ്റര്‍ നീനു റോസിനോട് അച്ചടക്കലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. വിശദീകരണം നല്‍കാന്‍ ജനുവരി 26 ന് പഞ്ചാബില്‍ നേരിട്ട് എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സി.നീന റോസിനെതിരേ ഗുരുതരമായ ആക്ഷേപങ്ങളാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. റെജീന അയച്ച കത്തില്‍ ഉള്ളത്. സുപ്പീരിയര്‍ ജനറിലിനെ അനുസരിക്കാതെയും കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെയും മുന്നോട്ടു പോവുന്ന സി. നിന റോസ് തന്റെ വിശ്വാസ ജീവിതം, വ്രതങ്ങള്‍ക്കും അച്ചടക്കങ്ങള്‍ക്കും അനുസരിച്ച് മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ആരോപണം. കോണ്‍വെന്റിലെ പ്രവര്‍നങ്ങളോടും സപ്പീരയര്‍ ജനറലിന്റെ നിര്‍ദേശങ്ങളോടും യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് സി.നീന റോസിനെതിരേയുള്ള പരാതി. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചാണ് സിസ്റ്ററെ ജലന്ധറിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. വിശദീകരണം നല്‍കുന്നതില്‍ വീഴ്ച്ചവരുത്തുകയാണെങ്കില്‍ കാനോനിക നിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് ഈ മുന്നറിയിപ്പ് കത്തില്‍ സി. നീന റോസിനോട് പറഞ്ഞിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള കേസിന്റെ കാര്യവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്കാണ് ഈ കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതുമായി മുന്നോട്ടു പോകുന്നതില്‍ നിന്നും തടയുന്നില്ലെങ്കിലും സഭയുടെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടു പോകാവുള്ളൂവെന്നും കോണ്‍ഗ്രിഗേഷന്‍ ഈ കേസില്‍ ഒരുതരത്തിലും ഇടപെടില്ലെന്നും സുപ്പീരയര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ  ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണവും സുപ്പീരയര്‍ ജനറലിന്റെ കത്തില്‍ പറയുന്നുണ്ട്. 2018 ജൂണ്‍ 20 ന് സി. നീന റോസിന് നല്‍കിയ ഒരു കത്തിന്റെ കാര്യം സൂചിപ്പിച്ചാണ് സുപ്പീരയര്‍ ജനറല്‍ ഇത് ഓര്‍മപ്പെടുത്തുന്നത്. ബിഷപ്പ് ഫ്രാങ്കോയെ കൊല്ലാന്‍ പീഡക്കേസിലെ പരാതിക്കാരിയുള്‍പ്പെടെയുള്ള മറ്റ് കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു 2018 ജൂണ്‍ 20 ലെ കത്തില്‍ പറഞ്ഞിരുന്നത്. ഇതേ ആരോപണമുള്ള കത്ത് മറ്റ് കന്യാസ്ത്രീകള്‍ക്കും അയച്ചിരുന്നു.  മഠത്തിലെ കാര്യങ്ങളോട് സഹകരിക്കാതെയും നിര്‍ദേശങ്ങള്‍ അനുസരിക്കാതെയും വിശ്വാസ ജീവിതത്തില്‍ വീഴ്ച്ച വരുത്തുകയാണ് സി. നീന റോസ് ചെയ്യുന്നതെന്നു സുപ്പീരയര്‍ ജനറല്‍ ആരോപിക്കുന്നു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളില്‍ സി.അനുപമ, സി. ജോസഫൈന്‍, സി. ആലഫി, സി. ആന്‍സിറ്റ എന്നിവരെ സ്ഥലം മാറ്റുന്നതായി അറിയിച്ച് സുപ്പീരയര്‍ ജനറല്‍ നേരത്തെ കത്ത് അയിച്ചിരുന്നു. സി. ആല്‍ഫിയെ ബിഹാറിലെ പകര്‍ത്തലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ജോസഫ് കോണ്‍വന്റിലേക്കും സി. ജോസഫൈനെ ജാര്‍ഖണ്ഡിലെ ലാല്‍മട്ടിയയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. തോമസ് കോണ്‍വന്റിലേക്കും സി. അനുപമയെ അമൃത്സറിലെ ചിമിയാരിയിലുള്ള സെന്റ്. മേരീസ് കോണ്‍വന്റിലേക്കും സി. ആന്‍സിസ്റ്റയെ കണ്ണൂര്‍ പരിയാരത്തുള്ള സെന്റ്. ക്ലയേഴ്‌സ് മിഷന്‍ ഹോമിലേക്കും പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തങ്ങളെ സ്ഥലം മാറ്റുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ കേസ് അട്ടിമറിക്കുന്നതിനും പരതാക്കാരിയായ സിസ്‌റ്റെ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണെന്നു കാണിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി. നീന റോസിനെതിരേയുള്ള നീക്കവും ഉണ്ടായിരിക്കുന്നത്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on January 22, 2019 2:52 pm