X

കോഴിക്കോട് കോണ്‍ഗ്രസുകാര്‍ ‘രാഘവേട്ടന്’ വേണ്ടി വോട്ട് തേടല്‍ തുടങ്ങിക്കഴിഞ്ഞു; പഴയ കോട്ട തിരിച്ചു പിടിക്കാന്‍ സിപിഎം ഏതു വഴി നോക്കും!

എം കെ രാഘവന് വേണ്ടി പ്രചരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയതോടെയാണ് പ്രചരണം ആരംഭിച്ചത്

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയും പൂര്‍ത്തിയായിട്ടില്ലെങ്കിലും കോഴിക്കോട് കോണ്‍ഗ്രസുകാര്‍ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. എംകെ രാഘവന് വോട്ട് തേടിയുള്ള പോസ്റ്ററുകള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ബാലുശേരി മേഖലയിലാണ് എം കെ രാഘവന് വോട്ട് തേടിയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിറ്റിംഗ് എംപിമാരെയെല്ലാം നിലനിര്‍ത്താനുള്ള കെപിസിസിയുടെ തീരുമാനം പുറത്തുവന്നപ്പോള്‍ തന്നെ എംകെ രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ ജനമഹായാത്രക്കിടയിലാണ് അക്കാര്യത്തില്‍ അന്തിമതീരുമാനമായത്.

രാഘവന് വേണ്ടി പ്രചരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയതോടെയാണ് പ്രചരണം ആരംഭിച്ചത്. പോസ്റ്ററുകള്‍ കൂടാതെ വീടുകള്‍ കയറിയുള്ള വോട്ട്പിടിത്തവും ആരംഭിച്ചിരിക്കുകയാണ്. ഡിസിസിയാകട്ടെ പൗരസ്വീകരണങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരിക്കുന്നു. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രാഘവേട്ടന്‍ എന്നറിയപ്പെടുന്ന എം കെ രാഘവന്റെ ജനസമ്മതിക്ക് വേറെയൊരു തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 2009ല്‍ സിപിഎമ്മിന്റെ മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ചാണ് രാഘവന്‍ പാര്‍ലമെന്റിലെത്തിയത്. 2014ല്‍ ആ വിജയം ആവര്‍ത്തിച്ചപ്പോളും ആ ജനപിന്തുണ കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നതിനാലാണ്‌ കോണ്‍ഗ്ര് പാര്‍ട്ടി എംകെ രാഘവനെ തന്നെ വീണ്ടും കോഴിക്കോട് ദൗത്യമേല്‍പ്പിക്കുന്നത്.

ജനകീയ പിന്തുണയ്‌ക്കൊപ്പം പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും രാഘവന്‍ പിന്നിലായിരുന്നില്ല. 76 ശതമാനം അറ്റന്‍ഡന്‍സ് ആണ് അദ്ദേഹത്തിന് പതിനാറാം ലോക്‌സഭയിലുണ്ടായിരുന്നത്. 335 ചോദ്യങ്ങള്‍ സഭയിലുന്നയിച്ചിട്ടുള്ള രാഘവന്‍ 69 ചര്‍ച്ചകളിലും സജീവമായിരുന്നു. കേരളത്തിന്റെയും കോഴിക്കോടിന്റെയും വികസനങ്ങള്‍ ലക്ഷ്യമാക്കിയുള്ളതായിരുന്നു ഈ ചോദ്യങ്ങളെല്ലാം തന്നെ. കേരളത്തില്‍ നിന്നും പുതിയ ട്രെയിനുകള്‍, കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ് പോയിന്റ് പുനഃസ്ഥാപിക്കുക, കോഴിക്കോട് എയിംസ്, കോഴിക്കോട് തുറമുഖം തുടങ്ങിയവ ഒട്ടനവധി വിഷയങ്ങളില്‍ കേരളത്തിന്റെയും കോഴിക്കോടിന്റെയും ശബ്ദമായി ലോക്‌സഭയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പാര്‍ലമെന്റിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫേയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

പതിനേഴായിരത്തോളം വോട്ടുകളുടെ ഭൂരിപപക്ഷത്തിനാണ് കഴിഞ്ഞ തവണ എ വിജയരാഘവനെ കീഴ്‌പ്പെടുത്താന്‍ എംകെ രാഘവന് സാധിച്ചത്. 2009ല്‍ ആദ്യമായി മത്സരിച്ചപ്പോള്‍ കേരളത്തിലെ ഇടതുവിരുദ്ധ തരംഗത്തില്‍ യുഡിഎഫ് പതിനാറ് സീറ്റുകളില്‍ വിജയിച്ചാണ് ലോക്‌സഭയിലെത്തിയത്. കേവലം 838 വോട്ടുകളുടെ ഭൂരിപക്ഷമേ എംകെ രാഘവന് അന്നുണ്ടായിരുന്നുള്ളൂ. 2014ല്‍ മോദി അനുകൂല തംരഗത്തിലും കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിലും കേരളത്തിലെ നാല് സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന് നഷ്ടമായെങ്കിലും രാഘവന്റെ വിജയം തിളങ്ങുന്നതായിരുന്നു. കോഴിക്കോട്ടുകാര്‍ അവരുടെ രാഘവേട്ടന് നല്‍കിയ വിശ്വാസമാണ് അത്. ഇക്കുറിയും മറ്റൊരു ഫലം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്ന കോഴിക്കോട് രാഘവനിലൂടെ നിലനിര്‍ത്താമെന്ന കണക്കു കൂട്ടല്‍ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം ആയില്ലെങ്കിലും പ്രചരണം ആരംഭിക്കാന്‍ ഇവിടുത്തെ ഡിസിസിയെ നിര്‍ബന്ധിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on February 11, 2019 7:39 am