X

മുതലമട ഒരു സൂചനയാണ്, ചൂഷണത്തിന്റെയും അവഗണനയുടെയും; ദുരിതം പേറുന്നവരില്‍ ആദിവാസിക്കുട്ടികളും

മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ സംഭവിക്കുന്നതെന്ത്? അഴിമുഖം അന്വേഷണം ഭാഗം - 4

ഓരോ വര്‍ഷവും ശരാശരി ഒന്നരലക്ഷം ടണ്‍ മാങ്ങ വിളവെടുക്കുന്ന സ്ഥലം. അല്‍ഫോന്‍സാ, സിന്ദൂരം, നീലം തുടങ്ങി 25-ഓളം ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ ഇവിടെ നിന്ന് ഉത്പ്പാദിപ്പിച്ചെടുക്കുന്നു. ഏഷ്യയില്‍ തന്നെ ആദ്യം മാങ്ങയുണ്ടാകുന്നതും ഇന്ത്യന്‍ വിപണികളിലേക്ക് ആദ്യത്തെ മാങ്ങയെത്തുന്നതും മുതലമടയില്‍നിന്നാണ്. ഇന്ത്യന്‍ വിപണിക്ക് പുറമെ അന്താരാഷ്ട്രവിപണിയിലും മുതലമടയില്‍ നിന്നുള്ള മാങ്ങകള്‍ക്ക് ആവശ്യക്കാരുണ്ട്. ഇങ്ങനെ പോകുന്നു മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയുടെ വിശേഷങ്ങള്‍. എന്നാല്‍ ഈ സമൃദ്ധിക്ക് ഒരു മറുവശമുണ്ട്. അത്യാര്‍ത്തിയുടെയും ചൂഷണത്തിന്റെയും കീടനാശിനികള്‍ തകര്‍ത്ത ജീവിതങ്ങളുടേയുമാണത്. മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതത്തിലൂടെ അഴിമുഖം പ്രതിനിധി സന്ധ്യാ വിനോദ് നടത്തുന്ന അന്വേഷണ പരമ്പരയുടെ അവസാനഭാഗം.

[ഭാഗം 1: വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം

ഭാഗം 2: മുതലമട ‘മാംഗോ സിറ്റി’യില്‍ മരിച്ചത് പത്തോളം പേര്‍; ഇവരാരും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്ന് സര്‍ക്കാര്‍

ഭാഗം 3: നെല്ലിനും നിലക്കടലയ്ക്കും പകരം മാവുകള്‍ വിളഞ്ഞപ്പോള്‍ പെയ്തിറങ്ങിയത് ദുരന്തം; ചെറുത്തുനില്‍പ്പുമായി മുതലമട]

മുതലമട പഞ്ചായത്തിലെ ആദിവാസി കോളനികളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വാഹനസൗകര്യമില്ലാതായതോടെ വിദ്യാർഥികളുടെ പഠനവും അനിശ്ചിതത്വത്തിലായി. ആദിവാസി വിഭാഗങ്ങളിലെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനു വാഹനസൗകര്യമൊരുക്കുന്ന ഗോത്രസാരഥി പദ്ധതിയെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് സർക്കാര്‍ സ്‌കൂൾ അധികൃതരും പറയുന്നത്.

സ്‌കൂളുകൾ പ്രവർത്തിക്കുന്ന ഒരു ദിവസം ഉച്ചയോടെയാണ് മുതലമട വെള്ളാരങ്കടവ് ‘കിണ്ണത്തുമുക്ക്’ ആദിവാസി കോളനിയിൽ എത്തിയത്. കോളനിക്കുള്ളിൽ കുറെ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂളിൽ പോകേണ്ട പ്രായത്തിലുള്ളവരാണ് എല്ലാവരും. എന്താണ് സ്‌കൂളിൽ പോകാത്തതെന്നു ചോദിച്ചപ്പോൾ കുട്ടികൾ ഉത്തരം പറയാൻ മടിച്ചു. ഒരാൾ പനിയാണെന്നു പറഞ്ഞപ്പോൾ മറ്റുള്ളവരും അതേറ്റുപറഞ്ഞു. ഇതെല്ലം കേട്ട് അവിടേക്ക് വന്ന ‘ഭാഗ്യം’ പറഞ്ഞ, അവർക്ക് ഇന്ന് സ്‌കൂളിൽ പോകാനായി ബസ് കിട്ടിയില്ല. അതുകൊണ്ടാണ് ആരും സ്‌കൂളിൽ പോകാതിരുന്നത്.

മുതലമട പഞ്ചായത്തിന്റെ മലയോര മേഖലകളിലായി കിടക്കുന്ന 50-ഓളം കോളനികളിലെ പാതിയോളം കുട്ടികളും പഠിക്കുന്നത് ചുള്ളിയാർമേട് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. പല കോളനികളിൽ നിന്നും സ്‌കൂളിലേക്ക് മൂന്നു മുതൽ അഞ്ചു കിലോമീറ്റർ വരെ ദൂരമുണ്ട്. മലയോരമേഖലകളായതിനാൽ കോളനികൾ ഉള്ള മേഖലകളിലേക്ക് ബസ് സർവീസുകളും കുറവ്. രാവിലെയും വൈകിട്ടും ഓരോ തവണ മാത്രമാണ് ഇവിടേക്കുള്ള സർവീസ്. അതുകൊണ്ടുതന്നെ ബസ് കിട്ടിയില്ലെങ്കിലോ ബസ് സർവീസ് മുടങ്ങിയാലോ കുട്ടികളുടെ സ്‌കൂളിൽ പോക്കും മുടങ്ങും.

സ്‌കൂളിലേക്കുള്ള കുട്ടികളുടെ യാത്രയും തിരിച്ചുവരവും ഇങ്ങനെ

വെള്ളാരങ്കടവ് മേഖലയിൽ മാത്രം നാലു ആദിവാസി കോളനികളുണ്ട്. കിണ്ണത്തുമുക്ക് കോളനി, ബാബു കോളനി, കാട്ടുപ്പതി കോളനി, വെള്ളാരങ്കടവ് കോളനി തുടങ്ങിയ നാല് കോളനികളിൽ നിന്നായി ഏകദേശം 40-ഓളം കുട്ടികൾ സ്‌കൂളിൽ പോകുന്നവരുണ്ട്. പാതിയിലേറെ പേരും പഠിക്കുന്നത് ചുള്ളിയാർമേട് സർക്കാർ സ്‌കൂളിലാണ്. രാവിലെ എട്ടിന് ‘കാട്ടുപ്പതി’ മേഖലയിലെത്തുന്ന സ്വകാര്യബസിലാണ് ഇവരുടെ യാത്ര. എട്ടുമണിക്കുള്ള ബസ് കിട്ടിയില്ലെങ്കിൽ അന്നവർ സ്‌കൂളിൽ പോകില്ല.

വൈകുന്നേരം അഞ്ചിനാണ് ചുള്ളിയാർമേടു നിന്നും കാട്ടുപ്പതിയിലേക്ക് സ്വകാര്യ ബസ് സർവീസ് തുടരുന്നത്. അതിനാൽ സ്‌കൂൾ വിട്ട ശേഷം ബസ് എത്തുന്നതിനായി വീണ്ടും ഒരു മണിക്കൂർ നേരം വിദ്യാർഥികൾക്ക് ചുള്ളിയാർമേട് കാത്തിരിക്കേണ്ടി വരുന്നു. സ്‌കൂൾ നേരത്തെ വിടുന്ന അവസരങ്ങളിൽ വിദ്യാർഥികൾ ബസ് കാത്തു നിൽക്കാറില്ല. അഞ്ചു കിലോമീറ്ററോളം ദൂരം കാൽനടയായി യാത്ര ചെയ്ത് അവർ വീട്ടിലെത്തും. ഒന്നര മണിക്കൂറെടുക്കും വീട്ടിലെത്താൻ. അവിചാരിതമായി ബസ് പണിമുടക്കുമ്പോഴും നടന്നുതന്നെയാണ് ഇവർ വീട്ടിലെത്തുക. ഏഴും എട്ടും വയസ്സുള്ള കുട്ടികൾ വരെയാണ് ഇത്തരത്തിൽ കിലോമീറ്ററുകൾ നടക്കുന്നത്.

രാവിലെ സ്‌കൂളിലേക്ക് പോകുമ്പോ ബസ് കിട്ടിയില്ലെങ്കിൽ പോകാതിരിക്കാം. എന്നാൽ തിരിച്ചു ഇങ്ങോട്ട് ബസ് കിട്ടാതിരുന്നാൽ എന്ത് ചെയ്യും. ഞങ്ങളുടെ കുട്ടികൾ ഒന്നര മണിക്കൂർ നടന്നാണ് വീട്ടിലെത്തുന്നത്. ചിലപ്പോൾ ഏഴുമണി വരെയാകും. ഇന്നത്തെ കാലമല്ലേ, എന്താ പറ്റിക്കൂടാത്തത്? ഉള്ളിൽ തീയുമായാണ് ഞങ്ങൾ ഞങ്ങടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്”, കിണ്ണത്തുമുക്ക് കോളനിയിലെ ഭാഗ്യം പറയുന്നു.

മാത്രവുമല്ല, വനമേഖലയോട് ചേർന്ന് കിടക്കുന്നതിനാൽ വെള്ളാരങ്കടവ് ഭാഗങ്ങളിൽ കാട്ടാനശല്യവും കൂടുതലാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വർഷകാലങ്ങളിൽ കുട്ടികളുടെ ദുരിതം ഇതിലുമേറെയാണ്. മഴ കൊണ്ട് തണുത്ത് വിറച്ച് കിലോമീറ്ററുകൾ കുട്ടികൾ നടന്നു നീങ്ങുന്ന കാഴ്ച ആരുടേയും മനസ്സലിയിക്കും. സ്‌കൂളിലേക്കുള്ള യാത്രയും തിരിച്ചുവരവും ഇത്തരത്തിലായതോടെ പലരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ചിലർ ജില്ലയിലെ പല ഭാഗത്തുള്ള ഹോസ്റ്റലുകളിലും അഭയം തേടി.

കോളനികളിലെ ഒരു വിഭാഗം കുട്ടികൾ ആട്ടയാംപതി, പുത്തൂർ മേഖലകളിലെ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത്. ഇവിടെ ഇവർക്ക് വിദ്യാഭ്യാസം സൗജന്യമായാണ് നൽകുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. മാത്രവുമല്ല, കുട്ടികളെ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവിടുന്നതിനുമായി സ്വകാര്യ സ്‌കൂൾ വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ചുള്ളിയാർ ഡാമിനോട് ചേർന്നുള്ള ഫിഷറീസ് കോളനി, കുന്തക്കുളമ്പു കോളനി, മിനുക്കുംപാറ കോളനി, കരിപ്പാറി ചള്ള കോളനി എന്നീ കോളനികളിലെ കുട്ടികൾക്കും സമാനമായ അവസ്ഥ തന്നെയാണ് നേരിടേണ്ടി വരുന്നത്.

ചപ്പക്കാട് മോണ്ടിപതി കോളനിയിൽ നിന്നുള്ള കുട്ടികളുടെ യാത്രയും ഏറെ ദുരിതമേറിയതാണ്. മോണ്ടിപതിയിൽ നിന്നും ചുള്ളിയാർമേടിലേക്ക് നേരിട്ട് ബസ് സർവീസ് ഇല്ല. രണ്ടരക്കിലോമീറ്റർ ഇപ്പുറമുള്ള ‘മൂച്ചംകുണ്ട്’ മേഖലയിലെത്തിയാലേ ഇവർക്ക് ചുള്ളിയാർമേട്ടിലേക്കുള്ള ബസ് ലഭിക്കൂ. അതുകൊണ്ട് മൂച്ചംകുണ്ടിലേക്ക് ദിവസേന രണ്ടരക്കിലോമീറ്റർ ദൂരം ഇവർ നടന്നെത്തും. മാത്രവുമല്ല, കാട്ടാനകളുടെ വിഹാര കേന്ദ്രം കൂടിയാണ് മോണ്ടിപതി ചപ്പക്കാട് മേഖലകൾ.

ഗോത്രസാരഥി പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും അത് എന്താണെന്നു അറിയില്ലെന്നും ചുള്ളിയാർമേട് സ്‌കൂൾ അധികൃതർ.

ഗോത്രസാരഥി പദ്ധതി എന്താണെന്നാണ് ചുള്ളിയാർമേട് സ്‌കൂൾ അധികൃതർ ചോദിക്കുന്നത്. അങ്ങനെയൊരു പദ്ധതിയെക്കുറിച്ചു അറിയില്ലെന്നും കുട്ടികൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണെങ്കിൽ നടപ്പിലാക്കാൻ ബുദ്ധിമുട്ടില്ലെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

“മുതലമട പഞ്ചായത്തിൽ 50-ഓളം ആദിവാസി കോളനികളുണ്ട്. ഇതിൽ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് ചുള്ളിയാർമേട് സർക്കാർ സ്‌കൂളിലാണ്. കൃത്യമായി സ്‌കൂളിലേക്കെത്താൻ തരത്തിലുള്ള വാഹനസൗകര്യങ്ങളൊന്നുമില്ല. സ്‌കൂളിന് സ്വന്തമായി വാഹനം ഉണ്ടെങ്കിലും അതിന്റെ ഫീസ് താങ്ങാൻ കുട്ടികൾക്ക് കഴിയില്ല. അതുകൊണ്ട്, പലപ്പോഴും നടന്നാണ് ഇവർ സ്‌കൂളിലെത്തുന്നത്. എന്നിട്ടും ഗോത്രസാരഥി പദ്ധതി ഇവിടെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ കൊല്ലം പഞ്ചായത്തുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഓരോരോ ന്യായങ്ങൾ പറഞ്ഞ് പദ്ധതി നടപ്പാക്കാതിരിക്കാനാണ് പഞ്ചായത്ത് നോക്കിയത്. പെരുമാട്ടി പഞ്ചായത്തിൽ ആദിവാസികളുടെ തന്നെ ഓട്ടോറിക്ഷകൾ വാടകക്കെടുത്ത് പദ്ധതി കൃത്യമായി നടപ്പിലാക്കുന്നുണ്ട്. അതെ രീതി ഇവിടെയും പരീക്ഷിക്കാവുന്നതാണ്. സ്വന്തമായി ഓട്ടോറിക്ഷകൾ ഉള്ള ആദിവാസികൾ മുതലമടയിലുണ്ട്. പദ്ധതി പ്രകാരം ഇവരുടെ ഓട്ടോറിക്ഷകൾ തന്നെ വാടകക്കെടുക്കാം”, ആക്ടിവിസ്റ്റും ആദിവാസി സംരക്ഷണ സമിതി പ്രസിഡന്റുമായ മാറിയപ്പൻ നീലിപ്പാറ പറയുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്

പദ്ധതിയെക്കുറിച്ചു പട്ടികവർഗ്ഗ വികസനവകുപ്പിൽ നിന്നും അറിയിച്ചിരുന്നു. സ്‌കൂളുകളുടെ ലിസ്റ്റ് കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. എസ്.ടി പ്രമോട്ടർ ആണ് ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. അതിനു ശേഷം എന്തായി എന്നുള്ളത് അന്വേഷിച്ചു പറയാം.

അതേസമയം മുതലമടയിൽ നിന്നും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലിസ്റ്റൊന്നും കിട്ടിയില്ലെന്നാണ് ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പ് പറയുന്നത്.

(അവസാനിച്ചു)

നെല്ലിനും നിലക്കടലയ്ക്കും പകരം മാവുകള്‍ വിളഞ്ഞപ്പോള്‍ പെയ്തിറങ്ങിയത് ദുരന്തം; ചെറുത്തുനില്‍പ്പുമായി മുതലമട

മുതലമട ‘മാംഗോ സിറ്റി’യില്‍ മരിച്ചത് പത്തോളം പേര്‍; ഇവരാരും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്ന് സര്‍ക്കാര്‍

വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം

ശീലാവതി ഇന്നില്ല, പക്ഷേ, ആ അമ്മയുടെ ചോദ്യം ഇപ്പൊഴും മുഴങ്ങുന്നുണ്ട്; “ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?”

എന്‍ഡോസള്‍ഫാന്‍: മുതലമടയിലും കാര്യങ്ങള്‍ ഗുരുതരമാണ്; സര്‍ക്കാര്‍ ഇതറിയുന്നുണ്ടോ?

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on November 26, 2018 2:07 pm