നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിനു പിന്നിലെ അടിസ്ഥാന പ്രശ്നമായ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തവരിലൊരാളായ മഞ്ജു മാധ്യമങ്ങളെ കണ്ടു. മുഖം മറച്ചാണ് ഇവർ മാധ്യമങ്ങൾക്കു മുമ്പിലെത്തിയത്. തങ്ങളുടെ പക്കൽ 20 ലക്ഷത്തിൽ താഴെ മാത്രം പണമേ ഉള്ളൂവെന്നും കോടികളുണ്ടെന്ന ആരോപണം തെറ്റാണെന്നും മഞ്ജു പറഞ്ഞു. തനിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ശാലിനിയുടെ പക്കൽ 2,30,000 രൂപയാണ് ഉണ്ടായിരുന്നതെന്ന് മഞ്ജു പറഞ്ഞു. മരിച്ച കുമാറിന്റെ കയ്യിൽ 75,000 രൂപയാണ് ഉണ്ടായിരുന്നത്. ഇത് പൊലീസ് പിടിച്ചെടുത്തു.
ഹരിത ഫിനാൻസിന്റെ പേരിൽ പട്ടം കോളനി സഹകരണ ബാങ്കിൽ അക്കൗണ്ടില്ലെന്നും സാമ്പത്തിക തട്ടിപ്പു കേസിലെ മൂന്നാം പ്രതിയായ മഞ്ജു പറഞ്ഞു. പണവുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും പണം കളക്ട് ചെയ്തിരുന്നതും മറ്റും ശാലിനിയായിരുന്നെന്നും മഞ്ജു പറഞ്ഞു.
ഒരു പൈസ പോലും ഓഫീസിൽ വെക്കാറുണ്ടായിരുന്നില്ല. ജയൻ എന്ന കാഷ്യറാണ് ഓഫീസിലെ പണം കൈകാര്യം ചെയ്തിരുന്നത്. കൊല്ലപ്പെട്ട കുമാർ തന്നെയാണ് സ്ഥാപനത്തിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും അവർ പറഞ്ഞു.
മരിച്ചുപോയ കുമാറും ശാലിനിയും വണ്ടിപ്പെരിയാറിലാണ് താമസിക്കുന്നതെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്ന് മഞ്ജു വിശദീകരിച്ചു. ഇവരെ ദിവസവും കുമളിയിലോ പുളിന്മലയിലോ കൊണ്ടു വിട്ടിരുന്നത് തന്റെ ഭർത്താവാണ്. അവിടെ നിന്ന് വേറെ വണ്ടി കയറിപ്പോകുമെന്നാണ് ഇരുവരും പറഞ്ഞിരുന്നത്.
മലപ്പുറത്തെ ഹെഡ് ഓഫീസിൽ നിന്ന് ആളുകൾ എല്ലാ ദിവസവും വന്ന് പൈസ കളക്ട് ചെയ്ത് കൊണ്ടുപോകും എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവർ വ്യക്തമാക്കി. സ്ഥാപനത്തിന്റെ മുതലാളി മലപ്പുറത്താണെന്ന് മരിച്ച രാജ് കുമാർ തന്നോട് പറഞ്ഞിരുന്നതായും അവർ പറഞ്ഞു. നാസർ എന്ന വക്കീലാണ് ഉടമയെന്നാണ് പറഞ്ഞിരുന്നത്. കുട്ടിക്കാനം, ഏറ്റുമാനൂര്‍, മൂലമറ്റം എന്നിവിടങ്ങളിലേക്കുള്ള ബാങ്കുകളില്‍ രാജ്‍കുമാര്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. ഒരു മാസത്തെ പരിചയം മാത്രമാണ് കുമാറുമായും ശാലിനിയുമായും തനിക്കുള്ളത്.
ഇരുവരും ചേർന്ന് രണ്ട് ലക്ഷത്തിന്റെ ഫർണിച്ചർ വാങ്ങിയ ഘട്ടത്തിലാണ് തനിക്ക് സംശയം വന്നതെന്ന് മഞ്ജു പറയുന്നു. വാഗ്ദാനം ചെയ്ത വായ്പ നൽകിയില്ലെങ്കില്‍ നാട്ടുകാർ പ്രശ്നമുണ്ടാക്കുമെന്ന് അവരോട് പറയുകയും ചെയ്തു. 4 കോടി 63 ലക്ഷം രൂപ ബാങ്കിലുണ്ടെന്നും പേടിക്കാനില്ലെന്നുമാണ് അന്ന് രാജ്കുമാർ മറുപടി തന്നത്.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മഞ്ജു പറഞ്ഞു. സിപിഎം നേതാവ് ഗോപകൃഷ്ണനെതിരെ ഉയരുന്ന ആരോപണങ്ങളും തെറ്റാണെന്ന് അവർ അവകാശപ്പെട്ടു.
This post was last modified on July 3, 2019 12:21 pm
Leave a Comment