X

മരിച്ച് ഒരു മാസത്തിനു ശേഷം അന്നമ്മയ്ക്ക് മോര്‍ച്ചറിയില്‍ നിന്ന് മോചനം; ശവസംസ്കാരം അന്ത്യാഭിലാഷം പോലെ സ്വന്തം ദളിത് ക്രൈസ്ത ദേവാലയത്തില്‍ തന്നെ

ഇന്ന് രാവിലെ ഒമ്പത് മണിക്ക് അന്നമ്മയ്ക്കുള്ള അന്ത്യശുശ്രൂഷകള്‍ നടത്തി ദളിത് ക്രൈസ്ത ദേവാലയമായ ജറുസലേം മാര്‍ത്തോമ പളളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം അടക്കം ചെയ്യും.

മരിച്ച് ഒരു മാസത്തിനു ശേഷം അന്നമ്മയ്ക്ക് മോര്‍ച്ചറിയില്‍ നിന്ന് മോചനം ലഭിക്കുന്നു. കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ ദളിത് ക്രൈസ്തവ സ്ത്രീയെ സ്വന്തം പള്ളി സെമിത്തേരിയില്‍ അടക്കാന്‍ അധികൃതര്‍ സമ്മതം മൂളി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് അന്നമ്മയ്ക്കുള്ള അന്ത്യശുശ്രൂഷകള്‍ നടത്തി ദളിത് ക്രൈസ്ത ദേവാലയമായ ജറുസലേം മാര്‍ത്തോമ പളളി സെമിത്തേരിയില്‍ അന്നമ്മയുടെ മൃതദേഹം അടക്കം ചെയ്യും. സെമിത്തേരിയില്‍ അടക്കുന്നതിനെച്ചൊല്ലി ഒരു മാസത്തോളമായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. തര്‍ക്ക പരിഹാരത്തിനായി അന്നമ്മയുടെ കുടുംബം സെമിത്തേരിയില്‍ കല്ലറ നില്‍മ്മിച്ചിരുന്നു. കല്ലറ നിര്‍മ്മാണം പൂര്‍ത്തിയായി 14 ദിവസം കഴിഞ്ഞ് പരിശോധിച്ച് ശേഷം അനുമതി നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. 14 ദിവസം തിങ്കളാഴ്ച പൂര്‍ത്തിയായെങ്കിലും ശവസംസ്‌ക്കാരം സംബന്ധിച്ച തീരുമാനങ്ങളുണ്ടായിരുന്നില്ല. ഇന്നലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി കല്ലറ പരിശോധിച്ചതിന് ശേഷം ശവസംസ്‌ക്കാരത്തിന് അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ മാസം, മെയ് 13-നാണ് അന്നമ്മ മരിച്ചത്. എന്നാല്‍ ദളിത് ക്രൈസ്തവ ദേവാലയമായ ജറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ അടക്കുന്നത് സംബന്ധിച്ച തര്‍ക്കം രൂക്ഷമായതോടെ അന്നമ്മയുടെ മൃതദേഹം കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാല് വര്‍ഷമായി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നീളുകയാണ്. ജലമലിനീകരണം ഉണ്ടാവുന്നു എന്ന ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ചില പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും എടുത്തത്. മാര്‍ത്തോമ സഭയ്ക്ക് കീഴിലുള്ള മറ്റൊരു ദേവാലയമായ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ പള്ളിക്കമ്മറ്റി അനുവദിച്ച് നല്‍കിയ ഒരിടത്തായിരുന്നു പിന്നീട് ദളിത് ക്രൈസ്തവരേയും അടക്കിയിരുന്നത്. എന്നാല്‍ മൂത്രപ്പുരയോട് ചേര്‍ന്ന്, കാട് പിടിച്ച് കിടക്കുന്ന ആ സ്ഥലത്ത് തങ്ങളുടെ കുടുംബക്കാരെ അടക്കുന്നതിനോട് ദളിത് ക്രൈസ്തവര്‍ക്ക് യോജിക്കാനാവുമായിരുന്നില്ല. ഇമ്മാനുവല്‍ പള്ളി അംഗങ്ങള്‍ക്കും ശവസംസ്‌ക്കാരത്തോട് സഹകരിച്ച് പോന്നിരുന്നു എങ്കിലും പലപ്പോഴായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Also Read: ‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

അന്നമ്മ മരിച്ചപ്പോള്‍ സ്വന്തം പള്ളി സെമിത്തേരിയില്‍ അടക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സെമിത്തേരിക്ക് സമീപം പ്രതിഷേധമുണ്ടായി. ഇതോടെ ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ടു. ജലമലിനീകരണം ഉണ്ടാവുന്നില്ല എന്ന് ഡിഎംഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എങ്കിലും കാര്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്ക് എളുപ്പമായിരുന്നില്ല. ഒടുവില്‍ ചുറ്റുമതിലും കല്ലറയും നിര്‍മ്മിച്ചതിന് ശേഷം മാത്രമേ ജറുസലേം പള്ളി സെമിത്തേരിയില്‍ അടക്കാന്‍ അനുവദിക്കുകയുള്ളൂ എന്നും അതുവരെ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ തന്നെ ശവസംസ്‌ക്കാരം നടത്തണമെന്നും ജില്ലാ കളക്ടര്‍ തീരുമാനമെടുത്തു. ഒടുവില്‍ ഓഫീസുകള്‍ കയറിയിറങ്ങിയും നിയമപരമായി നീങ്ങിയും നീതി തങ്ങള്‍ക്കനുകൂലമാക്കിയാണ് ദളിത് ക്രൈസ്തവരായ കുടുംബാംഗങ്ങള്‍ അന്നമ്മയുടെ ശവസംസ്‌ക്കാരം നടത്തുന്നത്.

1999ല്‍ മരിച്ച അന്നമ്മയുടെ മകന്റെ കല്ലറയില്‍ തന്നെ അന്നമ്മയേയും അടക്കാനുള്ള അനുമതിയാണ് കുടുംബം ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായി. പിന്നീട് കല്ലറ പൊളിച്ച് റവന്യൂ അധികൃതര്‍ പരിശോധിച്ചു. കോണ്‍ക്രീറ്റ് ചെയ്ത് 14 ദിവസത്തിന് ശേഷം പരിശോധിച്ച് തീരുമാനം അറിയിക്കാം എന്നായിരുന്നു ജില്ലാ കളക്ടറുടെ ഉറപ്പ്. ഏതിനായി അവര്‍ കാത്തു. ഒടുവില്‍ അനുകൂല തീരുമാനം വന്നു. അന്നമ്മയുടെ അന്ത്യാഭിലാഷം പോലെ സ്വന്തം പള്ളി സെമിത്തേരിയിലെ കല്ലറക്കുള്ളില്‍ അവര്‍ക്ക് അന്ത്യവിശ്രമമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍.

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on June 13, 2019 7:46 am