X

നൗഷാദ് വധം: എസ്ഡിപിഐ പ്രവർത്തകൻ മുബീൻ പിടിയിൽ

നൗഷാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽത്തന്നെയാണെന്ന് പൊലീസ് പറയുന്നു.

ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്‍ നൗഷാദിനെ വെട്ടിക്കൊന്ന കേസിൽ പ്രധാന പ്രതികളിലൊരാള്‍ പിടിയിലായി. എസ്ഡിപിഐ പ്രവർത്തകനായ മുബീൻ ആണ് പിടിയിലായത്. ഇയാൾ ചാവക്കാട് നാലാംകല്ല് സ്വദേശിയാണ്.

ഗുരുവായൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നൗഷാദിനെ പൊലീസ് പിടിച്ചത്. കുന്നംകുളം എ.സി.പി. : ടി.എസ്.സിനോജും സംഘവുമാണ് മുബീനെ അറസ്റ്റ് ചെയ്തത്.

ജൂലൈ 31നാണ് നൗഷാദ് (44) വെട്ടേറ്റ് മരിച്ചത്. നൗഷാദ് ഉള്‍പ്പെടെ നാലു പേരെ 30ന് രാത്രിയിൽ പുന്ന സെന്ററില്‍ വച്ച് 15 അംഗ സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.

രാഷ്ട്രീയ കൊലപാതകം തന്നെ

നൗഷാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽത്തന്നെയാണെന്ന് പൊലീസ് പറയുന്നു. ചാവക്കാട് നിരവധിയാളുകൾ എസ്ഡിപിഐയിൽ നിന്നും കോൺഗ്രസ്സിലേക്ക് മാറിയിരുന്നു. ഇവരെ സംഘടനയിലേക്ക് കൊണ്ടുവന്നത് നൗഷാദാണ്. എസ്ഡിപിഐ പ്രവർത്തകൻ നസീബിനെ നൗഷാദ് നേരത്തെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പകയാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിൽ പങ്കെടുത്ത മുബീൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. മുമ്പും നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇയാൾ സ്ഥലത്തെ റൗഡിയാണെന്ന് പൊലീസ് പറയുന്നു. ജൂലൈ 30ന് രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളു കൊണ്ട് ഇവരെ വെട്ടുകയായിരുന്നു.

എസ്ഡിപിഐ നേതാവ് കാരി ഷാജിയാണ് നൗഷാദിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വെട്ടാനുള്ള സാഹചര്യം സൃഷ്ടിച്ചത്. നിരവധി ദിവസങ്ങൾ നീണ്ട ഗൂഢാലോചന കൊലപാതകത്തിനു പിന്നിലുണ്ട്. നൗഷാദ് ജീവിച്ചിരുന്നാൽ ചാവക്കാട് പ്രദേശത്ത് എസ്ഡിപിഐക്ക് വളരാൻ കഴിയില്ലെന്ന് ഇവർ കണക്കുകൂട്ടിയിരുന്നു.

This post was last modified on August 4, 2019 6:10 am