X

എസ്ഡിപിഐ പിന്തുണയില്‍ ഭരണം വേണ്ട, ഈരാറ്റുപേട്ടയില്‍ ജയിച്ച ഉടനെ രാജിവെച്ച് എല്‍ഡിഎഫ് ചെയർപേഴ്‌സൺ

വോട്ടെടുപ്പിൽ യുഡിഎഫിന് 12 വോട്ടും, എസ്ഡിപിഐയുടെ നാല് പേരുടെ പിന്തുണയും ഉൾപ്പെടെ എൽഡിഎഫിന് 14 വോട്ടും ലഭിച്ചു.

എസ്‌ഡിപിഐ വോട്ടിന്റെ പിന്തുണയിൽ വിജയിച്ച ഈരാറ്റുപ്പേട്ട നഗരസഭ എൽഡിഎഫ്‌ ചെയർപേഴ്‌സൺ രാജിവച്ചു. എൽഡിഎഫ് സ്ഥാനാർഥി ലൈലാ പരീത് ആണ് ചെയർപേഴ്സൺ ആയി വിജയിച്ച ഉടനെ തന്നെ രാജിവച്ചത്. എസ്ഡിപിഐയുടെ പിന്തുണയോടെ അധികാരത്തിൽ തുടരേണ്ടതില്ലെന്ന പാർട്ടി തീരുമാനമാണ് രാജിക്ക് പിന്നിൽ.

മുസ്ലീം ലീഗിലെ വിഎം സിറാജും എൽഡിഎഫ് സ്ഥാനാർത്ഥി ലൈലൈ പരീതും തമ്മിലായിരുന്നു നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് മൽസരിച്ചത്. 28 വാര്‍ഡുകളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. മുഖ്യകക്ഷിയായ മുസ്ലീം ലീഗിന് 9 വാ‍ർഡംഗങ്ങളും കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളും ഉൾപ്പെടെ യുഡിഎഫിന് ആകെയുള്ളത് 12 അംഗങ്ങളുണ്ട്. എൽഡിഎഫിന് പത്തും, എസ്ഡിപിഐക്ക് നാലും, പിസി ജോർജിന്റെ ജനപക്ഷത്തിന് രണ്ട് അംഗങ്ങളും വീതമാണ് നഗര സഭയിലുള്ളത്.

വോട്ടെടുപ്പിൽ യുഡിഎഫിന് 12 വോട്ടും, എസ്ഡിപിഐയുടെ നാല് പേരുടെ പിന്തുണയും ഉൾപ്പെടെ എൽഡിഎഫിന് 14 വോട്ടും ലഭിച്ചു. ജനപക്ഷത്തിന്‍റെ രണ്ടംഗങ്ങളും വിട്ടുനിന്നു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ലൈലൈ പരീത് തൊട്ട് പിറകെ രാജി സമർപ്പിക്കുകയായിരുന്നു.

എന്നാൽ, എന്‍ഡിഎ മുന്നണിയിലെ ജനപക്ഷത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന എസ്ഡിപിഐ ആവശ്യം എല്‍ഡിഎഫ് അംഗീകരിച്ചതുകൊണ്ടാണ് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ പ്രതികരിച്ചു. തങ്ങളുടെ പിന്തുണയോടെ വിജയിക്കുകയും സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജി വച്ച നടപടി എൽഡിഎഫിന്റെ രാഷ്ട്രീയ കോമാളിത്തമാണെന്നും എസ്ഡിപിഐ ആരോപിച്ചു.