X

രാഹുലിന്റേത് ഇടതുപക്ഷത്തിനെതിരായ മത്സരം; ബിജെപിക്കെതിരെയെങ്കിൽ മത്സരിക്കേണ്ടത് ബിജെപിക്ക് ശക്തിയുള്ള മണ്ഡലത്തിൽ: പിണറായി വിജയൻ

ബിജെപിയുമായി ശക്തമായ നീക്കുപോക്ക് കോൺഗ്രസ്സ് നടത്തുന്നുണ്ടെന്ന് കൂടുതൽ വെളിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ കാര്യത്തിൽ സിപിഎമ്മിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തേ നേരിടാൻ ആരു വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. കേരളത്തിൽ വന്ന് മത്സരിച്ചാൽ അത് ബിജെപിക്കെതിരായ മത്സരമായി ആരെങ്കിലും കാണുമോയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ മത്സരിക്കുമ്പോൾ അത് ഇടതുപക്ഷത്തിനെതിരായ മത്സരമായേ കാണാൻ കഴിയൂ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെയാണ് കോൺഗ്രസ്സിന്റെയും രാഹുലിന്റെയും പോരാട്ടമെങ്കിൽ അത് ബിജെപിയുമായിട്ടായിരിക്കണം. വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി ഉണ്ടെങ്കിലും മത്സരം ഇടതു മുന്നണി സ്ഥാനാർത്ഥിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുലിനെതിരെ ശക്തമായി നിലകൊള്ളുമെന്ന നിലപാടാണ് സിപിഎം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിൽ പല പ്രശ്നങ്ങളും ഉയർന്നു വന്നപ്പോൾ ആർഎസ്എസ്സിനൊപ്പം നിലപാടെടുത്ത കോൺഗ്രസ്സുകാരുണ്ട്. അവരെല്ലാം ഇത്തവണ തെരഞ്ഞെടുപ്പിൽ നിൽക്കുന്നുണ്ട്. ബിജെപിയുമായി ശക്തമായ നീക്കുപോക്ക് കോൺഗ്രസ്സ് നടത്തുന്നുണ്ടെന്ന് കൂടുതൽ വെളിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

This post was last modified on March 31, 2019 2:44 pm