X

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: കേസ് എടുക്കാതെ പൊലീസ്; കളക്ടറുടെ നിര്‍ദേശം അവഗണിച്ചു

സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം തുടര്‍നടപടിയെന്ന് കളക്ടര്‍

ദേശീയ പതാക കോഡ് ലംഘിച്ച് ആര്‍എസ്എസ് മേധാവി സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ തത്കാലം കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. ഇതു സംബന്ധിച്ച ജില്ല കലക്ടറുടെ നിര്‍ദേശം അവഗണിക്കാനാണ് പൊലീസ് നീക്കം. സര്‍ക്കാര്‍ നിലപാടറിഞ്ഞ ശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് പോകേണ്ടതുള്ളൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.

ആര്‍എസ്എസ് മേധാവി നാഷണല്‍ ഫ്‌ലാഗ് കോഡ് ലംഘിച്ചാണ് പാലക്കാട് കര്‍ണകി അമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയര്‍ത്തിയതെന്ന് തെളിഞ്ഞിരുന്നു. ഇതു സംബന്ധിച്ച ജില്ലാ കളക്ടര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, തല്‍കാലം കേസെടുക്കേണ്ടതില്ലെന്നാണ് പോലീസ് നിലപാട്. ഇക്കാര്യത്തില്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

പോലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ ജില്ലാ മജിസ്‌ട്രേറ്റെന്ന നിലയിലുള്ള തന്റെ നിര്‍ദേശം പൊലീസ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാം. എന്നാല്‍, ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിലപാടറിഞ്ഞ ശേഷമേ തുടര്‍നടപടികളിലേക്ക് പോകേണ്ടതുള്ളൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തുടങ്ങി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പു മേധാവികള്‍ക്കും ജില്ലാ കലക്ടര്‍ കൈമാറിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേശം പൊലീസ് അവഗണിച്ചത് സംബന്ധിച്ച് മറ്റാരെങ്കിലും കോടതിയെ സമീപിച്ചാലും പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവും.

എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാപനമേധാവികളോ ജനപ്രതിനിധികളോ അല്ലാത്തവര്‍ ദേശീയ പതാക ഉയര്‍ത്തുന്നത് അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉണ്ട്. ഈ കാര്യം ചൂണ്ടിക്കാണിച്ച് മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തലേദിവസം തന്നെ കളക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ജില്ല ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്തിയശേഷം വന്ദേമാതരം ആലപിച്ചെന്ന പരാതിയും വന്നിട്ടുണ്ട്. ഇതും ദേശീയ പതാകയുടം കോഡ് ലംഘനമാണ്. ദേശീയപതാക ഉയര്‍ത്തിയതിനുശേഷം ദേശീയഗാനമാണ് ആലപിക്കേണ്ടത്.

അതേസമയം മോഹന്‍ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് രാഷ്ട്രീയവിഷയമായും ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂല നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നതിനെയും അവര്‍ വിമര്‍ശിക്കുന്നു. ബിജെപി ആകട്ടെ ഇതു തങ്ങളുടെ വിജയമായാണ് പറയുന്നത്. അതോടൊപ്പം സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആര്‍ക്കും അവകാശമുണ്ടെന്ന വാദവും ബിജെപി ഉയര്‍ത്തുന്നു. ബിജെപി അനുകൂല ദേശീയമാധ്യമങ്ങളും മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ പ്രധാനവാര്‍ത്തയാക്കി നല്‍കിയിരുന്നു. അതേസമയം തന്ത്രപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു എന്നാണ് സിപിഎം അനുകൂലികള്‍ ന്യായീകരിക്കുന്നത്. ആര്‍എസ്എസ് മേധാവിയെ തടയുകയോ അറസ്റ്റ് ചെയ്യുകയോ സംഭവിച്ചിരുന്നെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് രാഷ്ട്രീയമായി ഉപയോഗിക്കുമായിരുന്നുവെന്നും ഇടതുപക്ഷാനുകൂലികള്‍ പറയുന്നു. കാര്യങ്ങള്‍ പരിശോധിച്ചശേഷം പ്രതികരിക്കാമെന്നു മാത്രം പറഞ്ഞ് ഈ വിഷയം മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

This post was last modified on August 18, 2017 8:42 pm