X

ആലഞ്ചേരിയുടെ പടിയിറക്കത്തിന് മാര്‍പ്പാപ്പ തുടക്കം കുറിച്ചു? അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം നിര്‍ണായകം

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് അതിരൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവിറക്കി

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ സിറോ മലബാര്‍ സഭ പരമാധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്നതില്‍ മാര്‍പ്പാപ്പയ്ക്കും ബോധ്യം വന്നിരിക്കുന്നോ? എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉത്തരവ് സൂചിപ്പിക്കുന്നത് അതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സഭയുടെ കേരള ചരിത്രത്തില്‍, ഒരുപക്ഷേ ആഗോളതലത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കാം ഒരു ആര്‍ച്ച് ബിഷപ്പില്‍ നിന്നും പ്രധാനപ്പെട്ട അധികാരങ്ങളെല്ലാം എടുത്തുമാറ്റുന്നത്. സീറോ മലബാര്‍ സഭയുടെ ആസ്ഥാനം കൂടിയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയായ സഭ മേലധ്യക്ഷനാണ് ഇത് സംഭവിച്ചിരിക്കുന്നതും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് അതിരൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവിറക്കിയതോടെ മാര്‍ ആലഞ്ചേരിക്ക് ഇതുവരെ ഉണ്ടായിരുന്ന സുപ്രധാന അധികാരങ്ങളെല്ലാം നഷ്ടമാവുകയാണ്. മാര്‍ ജേക്കബ് മനത്തോടത്തെ Administrator sede plena എന്നാണ് ഉത്തരവില്‍ പറയുന്നതെങ്കിലും അതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും എന്നുമാത്രമാണ്. എന്നാല്‍ അതിരൂപതയുടെ ഭരണപരമായ അധികാരങ്ങളെല്ലാം ഇനിമുതല്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മാത്രമായിരിക്കും. അതായത് ഒരു നോമിനല്‍ ആര്‍ച്ച് ബിഷപ്പ് മാത്രമായി ആലഞ്ചേരിക്ക് തുടരേണ്ടി വരും എന്നര്‍ത്ഥം.

2018 ജൂണ്‍ 22 വെള്ളിയാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും പ്രഖ്യാപനം നടത്തിയ മാര്‍പ്പാപ്പയുടെ ഉത്തരവില്‍ ഇത്തരമൊരു നിയമനത്തിന് കാരണമായി സൂചിപ്പിച്ചിരിക്കുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചിട്ടാണ് എന്നാണ്. ഈ പ്രത്യേക സാഹചര്യങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിരൂപതിയില്‍ കര്‍ദിനാളിന്റെ അറിവോടെ നടന്ന ഭൂമിക്കച്ചവടവും അതിനോട് അനുബന്ധിച്ച് ഉയര്‍ന്ന വിവാദവും തന്നെയാണെന്നാണ് അതിരൂപതയിലെ വൈദികര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ നടന്ന വിഷയങ്ങള്‍ എല്ലാം തന്നെ തെളിവുകള്‍ സഹിതം മാര്‍പ്പാപ്പയെ അറിയിച്ചിരുന്നതാണ്. അതില്‍ നിന്നും അന്യായം നടന്നിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഇപ്പോള്‍ സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് ആയി ആലഞ്ചേരി തുടരുമെങ്കിലും പടിപടിയായി അദ്ദേഹം പൂര്‍ണമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ സഭയുടെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു പരമാധ്യക്ഷന് ഈവിധം തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത്. അദ്ദേഹം ചെയ്ത പ്രവര്‍ത്തിയുടെ ഫലം മാത്രമായിട്ട് അതിനെ കണ്ടാല്‍ മതിയെന്നും വൈദികര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി പാലക്കാട് അതിരൂപതയില്‍ നിന്നും മാര്‍ ജേക്കബ് മനത്തോടം വരുന്നത് എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലഞ്ചേരി വിരുദ്ധപക്ഷത്തിലെ ചിലരെ സംബന്ധിച്ച് നിരാശ നല്‍കുന്നുണ്ട്. ആലഞ്ചേരിയില്‍ നിന്നും അധികാരങ്ങള്‍ പൂര്‍ണമായി കൈമാറ്റം ചെയ്യപ്പെട്ട് തങ്ങളില്‍ വന്നുചേരുമെന്ന് കരുതിയിരുന്നവരാണ് ഇത്തരത്തില്‍ നിരാശയരായിരിക്കുന്നത്. മാത്രമല്ല, അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേര്‍ വരുന്നതോടെ നിലവിലുള്ള അതിരൂപത ആലോചനസംഘം, സാമ്പത്തികകാര്യസമിതി, വൈദിക സമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇല്ലാതാകും. ഇനി ഈ സിമിതികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനം എടുക്കണം. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്ക് മാറ്റം വരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാകും. മാര്‍ മനത്തോടം ഇക്കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊള്ളുമെന്നത് കാത്തിരിക്കേണ്ടി വരും.

മാര്‍പാപ്പയുടെ ഉത്തരവ് പ്രകാരം നിലിവിലെ അതിരൂപ സഹായമെത്രാന്മാരായ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലും തത്സ്ഥാനങ്ങളില്‍ തുടരുമെങ്കിലും ഭരണപരമായ കാര്യങ്ങളിലൊന്നും ഇവര്‍ക്ക് ഇടപെടലിന് സാഹചര്യമുണ്ടാകില്ല. ഭരണപരമായ കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും.

ഭൂമിയിടപാടില്‍ തെറ്റ് സ്വയം സമ്മതിക്കേണ്ടി വന്ന ആലഞ്ചേരിയെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ആവശ്യപ്പെടുന്നതുപോലെ സഭാധ്യക്ഷന്‍ സ്ഥാനത്ത് നിന്നോ അതിരൂപത അധ്യക്ഷ സ്ഥാനത്ത് നിന്നോ ഒറ്റയടിക്ക് പുറത്താക്കുന്ന ഒരു നടപടി വത്തിക്കാനില്‍ നിന്നുണ്ടാകില്ലെന്ന് വ്യക്തമായിരുന്നെങ്കിലും ആലഞ്ചേരി, അദ്ദേഹം വഹിക്കുന്ന സ്ഥാനമാനങ്ങളാല്‍ ഇത്രനാളും കൈയാളിക്കൊണ്ടിരിക്കുന്ന അധികാരങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുമെന്നത് പലര്‍ക്കും തീര്‍ച്ചയായിരുന്നു. അതിന്റെ ആദ്യഘട്ടമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അതിരൂപത ഭരണം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നല്‍കി കൊണ്ട് ആലഞ്ചേരി തന്നെ സര്‍ക്കുലര്‍ (അതിനദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു) ഇറക്കിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നന്മയ്‌ക്കെന്ന പേരില്‍ ഇറക്കിയ ആ സര്‍ക്കുലറില്‍ പറയുന്ന ഭരണ കൈമാറ്റവും ആലഞ്ചേരിയെ സീറോ മലബാര്‍ സഭ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. കാരണം അതിനു മുമ്പ് ഒരു പരമാധ്യക്ഷനും ഇത്തരത്തില്‍ തന്റെ അധികാരങ്ങള്‍ കൈമാറേണ്ടി വന്നിട്ടില്ല. അതും ഭൂമിക്കച്ചവടം പോലെ ഒരു അഴിമതിയുടെ പേരില്‍.

അന്നത്തെ ആ സര്‍ക്കുലര്‍ പ്രകാരം കോളടിച്ചെന്നു കരുതിയിരുന്ന ഒരാളായിരുന്നു സഹായമെത്രാന്‍ എടയന്ത്രത്ത്. കാരണം, അതിരൂപത സഹായമെത്രാനും പ്രോട്ടോസിഞ്ചെല്ലൂസുമായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ്, അതിരൂപത സഹായ മെത്രാനും സിഞ്ചെല്ലൂസുമായ ജോസ് പുത്തന്‍ വീട്ടില്‍ പിതാവിന്റെ സഹായകസഹകരണത്തോടെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അതിരൂപതയുടെ സാധാരണ ഭരണം നിര്‍വവഹിക്കും എന്നായിരുന്നു കാനോനിക നടപടികളായി പള്ളികളില്‍ വായിച്ച ആ സര്‍ക്കുലറിലെ ആദ്യ നിര്‍ദേശം. കാനോനിക സമിതികള്‍ വിളിച്ചു ചേര്‍ക്കുക, അവയില്‍ അധ്യക്ഷ്യം വഹിക്കുക തുടങ്ങിയവയ്‌ക്കെല്ലാം സെബാസ്റ്റ്യന്‍ എയന്ത്രത്തിന് അധികാരം കിട്ടിയിരുന്നു. നിലവിലുള്ള പ്രോട്ടോസിഞ്ചെല്ലൂസിന്റെയും അതിനൊപ്പം കിട്ടിയിരിക്കുന്ന മറ്റുള്ള അധികാരങ്ങള്‍ക്കുമൊപ്പം ഭരണനിര്‍വഹണ അധികാരവും കിട്ടിയതോടെ എടയന്ത്രത്ത് എറണാകുളം-അങ്കമാലി അതിരൂപതിയിലെ പ്രധാനിയായി മാറുമെന്നുമാണ് കരുതിയിരുന്നത്. പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു മുമ്പ് ആര്‍ച്ച് ബിഷപ്പുമായി ആലോചിക്കണമെന്നും, കൂടാതെ ഭരണനിര്‍വഹണത്തിന്റെ റിപ്പോര്‍ട്ട് സമയാസമയങ്ങളിലും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുമ്പോഴും ആര്‍ച്ച് ബിഷപ്പിന് നല്‍കണമെന്നതും മാത്രമായിരുന്നു എടയന്ത്രത്തിന് ചെയ്യേണ്ടിയിരുന്നതും. ഇതില്‍ വലിയ കാര്യമൊന്നുമില്ലെന്നും അതിരൂപതയുടെ ചുക്കാന്‍ ഇനി സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കൈയില്‍ ആണെന്നും കരുതിയിരിക്കുമ്പോഴാണ് മാര്‍പ്പാപ്പ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് എടയന്ത്രത്തെയും അധികാരമോഹങ്ങളില്‍ നിന്നും ‘മോചിപ്പിച്ചിരിക്കുന്നത്’!

അന്ന് ഇത്തരമൊരു സര്‍ക്കുലര്‍ ആലഞ്ചേരി ഇറക്കുമ്പോള്‍ രണ്ട് കാര്യങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ചയായത്, ഒന്ന് സഭാ പരമാധ്യക്ഷ സ്ഥാനത്ത് നിന്നു തന്നെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിന്മാറുന്നതിന്റെ തുടക്കമാണിതെന്ന തരത്തില്‍. ഇപ്പോള്‍ മാര്‍പ്പാപ്പയുടെ നീക്കം കൂടി കാണുമ്പോള്‍ അത് ഏകദേശം ശരിയായി വരുന്നുവെന്നു തന്നെ കരുതാം. രണ്ടാമത്തെ ചര്‍ച്ച, എടയന്ത്രത്തിന് അധികാരം കൈമാറുന്നതിലൂടെ ഭൂമിക്കച്ചവട വിവാദത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു. അത്തരത്തില്‍ ഒരു ഒത്തുതീര്‍പ്പ് നടന്നതിന്റെ ലക്ഷണങ്ങള്‍ ചിലയിടത്തൊക്കെ കണ്ടുവന്നെങ്കിലും ഭൂമിയിടപാടില്‍ ആലഞ്ചേരി തെറ്റ് ചെയ്തിട്ടിട്ടുണ്ടെന്നും അതിന്റെ ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ എന്നും ഉറപ്പിച്ച് പറഞ്ഞു നടന്നിരുന്ന വൈദികരും വിശ്വാസികളും ഒത്തുതീര്‍പ്പ് നീക്കം വിജയിപ്പിക്കുന്നതിന് തടസമായിരുന്നു. അവരുടെ ഉറച്ച നിലപാട് തന്നെ ഇപ്പോള്‍ വിജയിക്കുകയാണെന്നതാണ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിലൂടെ തെളിയുന്നതും. ഇനി കാര്യങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി വരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ കൈയിലാണ്. അദ്ദേഹം ഈ ഭൂമിക്കച്ചവട വിവാദം എന്നന്നേക്കുമായി കുഴിച്ചുമൂടാനാണോ ആഗ്രഹിക്കുക, അതോ തെറ്റ് ചെയ്തവന്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന നിലപാട് കൈക്കൊള്ളുകയാണോ ഉണ്ടാവുകയെന്നത് ആകാംക്ഷയോടെ കാത്തിരിക്കേണ്ടതാണ്. ഇവിടെ എന്തു നടക്കുന്നുവെന്നത് നോക്കേണ്ട, അതിന്റെയെല്ലാം മുകളിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മറ്റൊരു വിപ്ലവകരമായ തീരുമാനം (അന്തിമമായത്) എടുക്കുമോ എന്നും നോക്കേണ്ടതുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്… കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

ഞങ്ങളും വാഴ്ത്തപ്പെട്ടവരല്ലോ; അമേരിക്കയിലെ ഒരു മലയാളി പള്ളിയില്‍ വിശ്വാസികള്‍ സമരത്തിലാണ്

ആലഞ്ചേരിയുടെ സേവ് കുമ്മനം മിഷനും വ്യാജ ഒപ്പില്‍ അറസ്റ്റിലായ ഫാദര്‍ പീലിയാനിക്കലും

സ്‌പോട്ട്‌ലൈറ്റ്: സഭ ഈ ചിത്രത്തെ സ്വാഗതം ചെയ്തിടത്തു നിന്നാണ് നാം ചര്‍ച്ച തുടങ്ങേണ്ടത്

സഭ ഇതു പറയൂ, പള്ളിമേടയിലെ ബലാത്സംഗത്തിന് കാരണം മദ്യമോ വീഞ്ഞോ?

മദ്യ മുതലാളിയും കൊള്ളപ്പലിശ മുതലാളിയും പള്ളിക്കും പട്ടക്കാരനും പ്രിയങ്കരരാവുന്ന ഇക്കാലത്ത് തെമ്മാടിക്കുഴി തന്നെ വലിയൊരു ഔദാര്യമല്ലേ?

വൈദികരെല്ലാം പാവാടാ! ഒരു വിശ്വാസിയുടെ ധാര്‍മ്മിക ചോദ്യങ്ങള്‍

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on June 23, 2018 12:25 pm