X

ഇതാണോ രാഷ്ട്രീയ വിശകലനം? എംജി രാധാകൃഷ്ണനോട് പിപി അബൂബക്കര്‍ ചോദിക്കുന്നു

കേരളത്തില്‍ ബിജെപി വളരുകയാണെന്നും ഇടതുപക്ഷം തളരുകയാണെന്നുമാണ് എംജി രാധാകൃഷ്ണന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നത്

ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന് ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പിപി അബൂബക്കറുടെ മറുപടി. ജൂണ്‍ 18 ലക്കം ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ വിശകലനമോ വിദ്വേഷാധിഷ്ഠിത അപവാദ പ്രചരണമോ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് അബൂബക്കര്‍ രാധാകൃഷ്ണന്റെ ലേഖനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.

മെയ് അവസാനവാരം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയിലായിരുന്നു ‘പിണറായിയുടേത് ബുദ്ധദേവ് മാര്‍ഗം, നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം’ എന്ന പേരില്‍ എംജി രാധാകൃഷ്ണന്‍ ലേഖനമെഴുതിയത്. കേരളത്തില്‍ ബിജെപി വളരുകയാണെന്നും ഇടതുപക്ഷം തളരുകയാണെന്നുമാണ് എംജി രാധാകൃഷ്ണന്റെ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നത്. ‘സര്‍ക്കാരിന്റെ ദയനീയ പ്രകടനവും ഭാവിയെക്കുറിച്ച് പ്രതീക്ഷിക്കാന്‍ അത് വക തരുന്നില്ലെന്നതും ബിജെപിയുടെ വളര്‍ച്ചയും സൂചിപ്പിക്കുന്നത് കേരളത്തിലും ഇടതുപക്ഷത്തിന് ചിത ഒരുങ്ങുന്നു എന്നാണ്’, ഏതെങ്കിലും ഒരു മുന്നണിയെ മാറിമാറി വരിക്കാന്‍ വിധിക്കപ്പെട്ട കേരള ജനതയ്ക്ക് മുമ്പിലാകട്ടെ മൂന്നാമതൊരു സാധ്യതയുണ്ട്, രാജ്യമാകെ വ്യാപിക്കുന്ന ബിജെപി. കേരളത്തെ പ്രത്യേകം ലാക്കാക്കി തന്ത്രങ്ങള്‍ മെനയുകയാണ്. നേമം എന്ന ആദ്യപടിയില്‍ നിന്ന് ഇനി ഏതൊക്കെ എന്ന കണക്കുകൂട്ടലിലാണവര്‍’, ‘കടുത്ത അഗ്നിശമന പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ അഞ്ചു വര്‍ഷം ഈ സര്‍ക്കാരിനെ ജനം സഹിക്കുമോയെന്ന് സംശയം. കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ എന്ന് പുരപ്പുറത്ത് കയറി വിളിച്ചുകൂവുന്ന ഇടതുപക്ഷം, തങ്ങള്‍ക്ക് അധികാരം കിട്ടിയ ഇടങ്ങളില്‍ എന്ത് കുന്തമാണ് ചെയ്തത് എന്ന ചോദ്യത്തിന് ഇളിഭ്യരായി നില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ’ തുടങ്ങിയ എംജി രാധാകൃഷ്ണന്റെ വാദങ്ങളാണ് അബൂബക്കര്‍ തന്റെ ലേഖനത്തില്‍ എടുത്തുപറഞ്ഞ് വിമര്‍ശിക്കുന്നത്.

മാതൃഭൂമിയിലെ ലേഖനം വായിക്കാത്തവര്‍ക്ക് ഇതൊരു സിപിഎം വിരുദ്ധരായ കോണ്‍ഗ്രസുകാരുടെയോ ബിജെപിക്കാരുടെയോ നിലവാരമില്ലാത്ത ഏതോ പ്രസംഗത്തില്‍ നിന്നെടുത്തതാണെന്ന് തോന്നാമെന്നും അദ്ദേഹം പറയുന്നു. ഇത്രയും അടിസ്ഥാനരഹിതവും യുക്തിരഹിതവും വെറുപ്പില്‍ അധിഷ്ഠിതവുമായ വിലയിരുത്തല്‍ നടത്താന്‍ അങ്ങനെയുള്ളവര്‍ക്കേ ധൈര്യം വരൂ. മാധ്യമനിരീക്ഷകനെന്നു കൂടി അറിയപ്പെടുന്ന രാധാകൃഷ്ണന്‍ ലേഖനത്തില്‍ തന്നോട് പോലും സത്യസന്ധത പുലര്‍ത്തിയില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. കൂടാതെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ സര്‍ക്കാരിനെ വിലയിരുത്താന്‍ തുനിഞ്ഞപ്പോള്‍ സത്യസന്ധതയും യുക്തിയും ലേഖന കര്‍ത്താവിന് നഷ്ടമായെന്നും വസ്തുതകളെ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചുവെന്നുമാണ് അബൂബക്കര്‍ ആരോപിക്കുന്നത്.

പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തോന്നുന്നത് കേരളവും ബംഗാളിന്റെ വഴിക്കാണെന്നാണ് എന്നാണ് എംജി രാധാകൃഷ്ണന്റെ ലേഖനത്തില്‍ പറയുന്നത്. സര്‍ക്കാരിന്റെ ദയനീയ പ്രകടനവും ബിജെപിയുടെ വളര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറയുന്നത്. എന്നാല്‍ ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചുള്ള എംജി രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ ബിജെപിക്കാര്‍ പോലും വച്ച് പുലര്‍ത്താത്ത അതിരുകവിഞ്ഞ ആഗ്രഹ പ്രകടനമായി പോയെന്നാണ് അബൂബക്കര്‍ ഇതേക്കുറിച്ച് പറയുന്നത്. കേരളത്തില്‍ ഹിന്ദു രാഷ്ട്രീയത്തിനും അതുവഴി ബിജെപിയ്ക്കും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്ന അബൂബക്കര്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ബദലായി ബിജെപി വളരുന്നുവെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്ന് ചോദിക്കുന്നു. അതോടൊപ്പം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പിന്തുണയുള്ളതിനാലാണ് 14.2 ശതമാനം വോട്ട് നേടിയതെന്നും പിന്നീട് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിലെല്ലാം നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ആണെന്ന് അദ്ദേഹം കണക്കുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു.

ബിജെപിയ്ക്ക് കേരളം പിടിക്കുന്നതിന് ഏക തടസം മതപരമായ സവിശേഷതകളാണെന്ന എംജി രാധാകൃഷ്ണന്റെ വാദവും അബൂബക്കറെ പ്രകോപിപ്പിക്കുന്നു. ഈ വാദത്തിനര്‍ത്ഥം ഇവിടുത്തെ മുസ്ലികളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന 45 ശതമാനം ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നില്ലെന്നാണെന്ന് പറയുന്ന അദ്ദേഹം ഹിന്ദുമത വിശ്വാസികള്‍ ബിജെപിയാണ് പിന്തുണയ്ക്കുകയെന്ന മറുവശവും ഈ വാദത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കേരളത്തെ സംബന്ധിച്ചെങ്കിലും ഇത് തീര്‍ത്തും അസംബന്ധമായ വാദമാണെന്നും അബൂബക്കര്‍ കാര്യകാരണ സഹിതം വിശദീകരിക്കുന്നുണ്ട്.

മന്ത്രിസഭ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്ന എംജി രാധാകൃഷ്ണന്റെ ആരോപണത്തെയും അദ്ദേഹം അസത്യമാണെന്ന് തെളിയിക്കുന്നുണ്ട്. കൂടാതെ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന ആരോപണം തെളിയിക്കാന്‍ വേണ്ട യാതൊന്നും എംജി രാധാകൃഷ്ണന്‍ തന്റെ ലേഖനത്തില്‍ നിരത്തുന്നില്ലെന്നും പിപി അബൂബക്കര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനാധിപത്യപരമായി യോജിച്ചും ഏകോപിച്ചും നീങ്ങുന്നതിനെ പ്രശംസിക്കുന്നതിന് പകരം മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് ആരോപിക്കുന്നത് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയാണെന്നും അദ്ദേഹം പറയുന്നു.

അഞ്ച് വര്‍ഷം ഈ സര്‍ക്കാരിനെ ജനങ്ങള്‍ സഹിക്കില്ലെന്ന എംജി രാധാകൃഷ്ണന്റെ വാദമാണ് അബൂബക്കറിന്റെ ലേഖനം ചൂണ്ടിക്കാട്ടുന്ന മറ്റൊരു പോയിന്റ്. ജനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ മാറ്റണമെന്നുണ്ടെങ്കില്‍ അതിന് അവസരം വരുന്നത് അഞ്ചുവര്‍ഷം കൂടുമ്പോഴല്ലെ? അതല്ലാതെ എന്ത് വഴിയാണുള്ളതെന്ന് ചോദിക്കുന്നു. കൂടാതെ ലേഖനത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കര്‍ത്താവ് മനഃശാസ്ത്രജ്ഞനായി മാറുന്നുവെന്ന് അബൂബക്കര്‍ പരിഹസിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ മനഃശാസ്ത്രം പഠിച്ചുകൂടെന്ന് പറയാന്‍ നമുക്ക് സാധിക്കില്ലെന്നും എന്നാല്‍ കാതലായ വിമര്‍ശനം നടത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്റെ പക്ഷപാതിത്വവും മുന്‍വിധികളും പൊതിഞ്ഞുവയ്ക്കാനമുണ് എംജി രാധാകൃഷ്ണന്‍ മനഃശാസ്ത്രത്തെ കൂട്ടുപിടിച്ചിരിക്കുന്നതെന്നും അബൂബക്കര്‍ ആരോപിക്കുന്നു.

എളിയ നിലയില്‍ നന്നും ഉയര്‍ന്ന് അസാധാരണമായ കര്‍മശേഷിയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. അങ്ങനെയൊരു നേതാവിനെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചെയ്യുന്നത് വ്യക്തിഹത്യയുടെ പരിഷ്‌കൃത രൂപമല്ലെങ്കില്‍ പിന്നെ എന്താണ് വ്യക്തിഹത്യ എന്ന് ചോദിച്ചാണ് അബൂബക്കര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on June 16, 2017 4:50 pm