X

മതമൗലികവാദികള്‍ കൈവെട്ടി; സര്‍ക്കാരുകള്‍ ഫയലും; പ്രൊഫ. ജോസഫിനോട് പിണറായിയെങ്കിലും നീതി ചെയ്യുമോ?

ചികിത്സാ ചെലവ് തിരികെ ലഭിക്കണമെന്ന പ്രൊഫ. ജോസഫിന്റെ ആവശ്യം ഏഴു വര്‍ഷമായി സര്‍ക്കാരുകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയയ്ക്കുന്നു

അന്തമില്ലാത്ത ജീവിത ദുരിതങ്ങളാണ് പ്രവാചക നിന്ദ ആരോപിച്ച് മതമൗലികവാദികള്‍ കൈവെട്ടിയ പ്രൊഫ. ടിജെ ജോസഫിനെ നിരന്തരം പിന്തുടരുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന തിരിച്ചടികള്‍ക്കൊപ്പം സര്‍ക്കാരും അദ്ദേഹത്തിന് മുന്നില്‍ മുഖം തിരിക്കുന്നു എന്നതാണ് പുതിയ വിവരം. ചികിത്സാ തുക തിരിച്ചു ലഭിക്കാനുളള (റീ ഇമ്പേഴ്‌സ്) അപേക്ഷ സര്‍ക്കാറിന് സമര്‍പ്പിച്ചുവെങ്കിലും ഏഴ് വര്‍ഷം പിന്നിടുമ്പോഴും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. അഞ്ച് തവണ തന്റെ അപേക്ഷ ഓരോ കാരണങ്ങള്‍ പറഞ്ഞ് ബന്ധപെട്ട വകുപ്പുകള്‍ തിരിച്ചയച്ചുവെന്ന് പ്രൊഫ. ടി ജെ ജോസഫ് അഴിമുഖത്തോട് പറഞ്ഞു.

2010 ജൂലൈ നാലിനാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മതവിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപിച്ച് മതമൗലികവാദികള്‍ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെടുത്തത്. തുടര്‍ന്ന് എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന് ആശുപത്രി ചിലവ് മാത്രം നാല് ലക്ഷത്തിലധികം രൂപയായി. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ ജോസഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ആദ്യ രണ്ട് തവണ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് ഓഫ് കോളേജിയേറ്റ് എജ്യുക്കേഷന്‍ ഓഫീസാണ് അപേക്ഷ കോളേജിലേക്ക് മടക്കിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആ പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷ നല്‍കി. കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ഓഫീസില്‍ നിന്നാണ് പിന്നീട് അപേക്ഷ തിരികെ അയക്കുന്നത്. അപേക്ഷയിലെ ചില പിഴവുകള്‍ തന്നെയായിരുന്നു അതിനും കാരണം. ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തി ജോസഫ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു.

ഒടുവില്‍ 2016ല്‍ അപേക്ഷ ആരോഗ്യവകുപ്പിലെത്തി. ബില്ല് ശരിയാവാനിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് റഫറല്‍ നോട്ടില്ല എന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് അപേക്ഷ തിരിച്ചയച്ചു. അപകടം സംഭവിച്ച കേസുകളില്‍ റീഇമ്പേഴ്‌സ്‌മെന്റ് ലഭിക്കണമെങ്കില്‍ അപകടപ്പെട്ടയാള്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് വിട്ടുകൊണ്ടുള്ള റഫറല്‍ നോട്ടും ഇതിന് ആവശ്യമാണെന്ന നിയമം പ്രൊഫ. ജോസഫിന് വീണ്ടും വിലങ്ങുതടിയായി. അതിനെ പറ്റി അദ്ദേഹത്തിനു പറയാനുളളതിങ്ങനെ- ”2010 മുതല്‍ തുടങ്ങിയതാണ് റീഇമ്പേഴ്‌സ്‌മെന്റിനുള്ള അപേക്ഷ അയക്കല്‍. ഇന്നും ഒരു നടപടിയുമായിട്ടില്ല. ഓരോ ഓഫീസില്‍ നിന്നും ഓരോ പിഴവുകള്‍ ചൂണ്ടിക്കാട്ടി അപേക്ഷ പലതവണ തിരിച്ചയക്കപ്പെട്ടു. ഒടുവില്‍ തുക ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ആരോഗ്യവകുപ്പ് നിലവിലുള്ള നിയമം പറഞ്ഞ് അത് തടസ്സപ്പെടുത്തിയിരിക്കുന്നത്. സാധാരണ അപകട കേസുകളില്‍ പെടുന്നവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കൃത്രിമമായി ഒ.പി ടിക്കറ്റ് സംഘടിപ്പിക്കാറുണ്ട്. ഞാനതിന് ശ്രമിച്ചിട്ടില്ല. ഇനി ശ്രമിച്ചാല്‍ തന്നെ വാര്‍ത്താപ്രാധാന്യം ലഭിച്ച കേസ് ആയതിനാല്‍ അത് നിരസിക്കപ്പെടും. ഇനി ഉള്ള വഴി എന്റേത് ഒരു പ്രത്യേക കേസ് ആയി കണക്കാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിടുക എന്നത് മാത്രമാണ്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഞാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നിട്ടും കൂടിക്കാഴ്ച നടന്നില്ല. പിന്നീട് വിദ്യാഭ്യാസ മന്ത്രിയെ കണ്ട് മടങ്ങി. വിദ്യാഭ്യാസമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ സമയം തിരുവനന്തപുരത്തെ ഓഫീസില്‍ ഫയല്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് ഇടപെടാനായില്ല. എന്നാല്‍ ഈ സംഭവത്തിന് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിലൂടെ പണം അനുവദിച്ചേക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷെ, മുമ്പ് പറഞ്ഞിരുന്ന അതേ നിയമം പറഞ്ഞുകൊണ്ട് ആരോഗ്യവകുപ്പ് വീണ്ടും ഫയല്‍ കോളേജിലേക്ക് തിരിച്ചയക്കുകയായിരുന്നു”.

നാം നീതി ചെയ്യേണ്ടതുണ്ട്; ജോസഫ് മാഷിനൊപ്പം നില്‍ക്കേണ്ടതുമുണ്ട്

അദ്ദേഹം തുടരുന്നു- ”ഒരു വര്‍ഷമായി അങ്ങനെ, അതിനിടക്ക് എനിക്ക് ഇക്കാര്യങ്ങള്‍ക്കായി ഓടാനായില്ല. ഡിംനീഷ്യ ബാധിച്ച അമ്മയെ തനിച്ചാക്കി ഒരു ദിവസം പോലും വീട്ടില്‍ നിന്ന് മാറിനില്‍ക്കാനാവാത്ത സാഹചര്യമാണുള്ളത്. കാര്യങ്ങള്‍ ശരിയാക്കാനോ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ നേരില്‍ കാണാനോ ഒരു ദിവസമെങ്കിലും തിരുവനന്തപുരത്ത് പോയി താമസിക്കാന്‍ പറ്റുന്ന സാഹചര്യമല്ല. സ്വകാര്യ കോളേജുകളിലെ അധ്യാപകര്‍ക്ക് റീഇമ്പേഴ്‌സ്‌മെന്റ് കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പലപ്പോഴും മടികാണിക്കാറുണ്ടെന്ന് പലരില്‍ നിന്നും അറിയുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം എന്റെ ബില്ലും തടഞ്ഞുവച്ചിരിക്കുന്നത്”.

തന്റെ ഫയലുകള്‍ പരിഗണിച്ച് ഉചിതമായ നടപടികള്‍ സ്വീകരിച്ചാല്‍ ഈ ഘട്ടത്തില്‍ വലിയ സഹായമായിരിക്കുമെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. അതെസമയം, സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ചികില്‍സാ ചെലവ് നല്‍കുന്നതിലെ നിയമ പ്രശ്‌നമാണ് അപേക്ഷ നിരസിക്കുന്നതിനു കാരണമെന്നാണ് സര്‍വ്വീസ് വിദഗധര്‍ അഴിമുഖത്തോട് വിശദീകരണം നല്‍കുന്നത്.

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on October 17, 2017 5:27 pm