X

പാകിസ്താൻ പ്രവാചകനിന്ദാ കേസ്: ആസിയ ബീബി ജയിൽമോചിതയായി; രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

പഞ്ചാബ് പ്രവിശ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന ആസിയ ബീബിയെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഇസ്ലാമാബാദിൽ എത്തിച്ചെന്നാണ് അറിയുന്നത്.

പ്രവാചക നിന്ദാ കേസിൽ പാകിസ്താൻ സുപ്രീംകോടതി കുറ്റക്കാരിയല്ലെന്നു കണ്ട് വെറുതെ വിട്ട ക്രിസ്ത്യൻ യുവതി ആസിയ ബീബി ജയിൽമോചിതയായി. രാജ്യത്തെ മുസ്ലിം തീവ്രവാദി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ആസിയ ബീബിയെ ജയിൽ തന്നെ താമസിപ്പിച്ചിരുന്നത്. ഇവരെ പുറത്തുവിടണമെന്നും രാജ്യം വിടാൻ അനുവദിക്കണമെന്നും അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദമുയരുന്നുണ്ട്. രാജ്യത്തിനകത്ത് ഇവർ സുരക്ഷിതയല്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജ്യ വിടാൻ അനുവാദം കൊടുക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ പ്രക്ഷോഭകാരികളുമായി പാക് സർക്കാർ ഒപ്പുവെച്ച ഉടമ്പടി പ്രകാരം സുപ്രീംകോടതിയിൽ പുനപ്പരിശോധനാ ഹരജി നൽകി വിധി വരുന്നതു വരെ ആസിയ ബീബിയെ രാജ്യത്തിനു പുറത്തുവിടാൻ സർക്കാർ തയ്യാറാകില്ലെന്നാണ് അറിയുന്നത്.

പഞ്ചാബ് പ്രവിശ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന ആസിയ ബീബിയെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഇസ്ലാമാബാദിൽ എത്തിച്ചെന്നാണ് അറിയുന്നത്. ഇവർ ജയിലിലല്ല, പൊലീസിന്റെ കനത്ത സുരക്ഷയിൽ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഒരിടത്ത് കഴിയുകയാണെന്ന് അറിയുന്നു. ജീവന ഭീഷണിയുള്ളതിനാലാണ് താമസസ്ഥലം പുറത്തുവിടാത്തത്.

എട്ട് വർഷത്തോളം പ്രവാചകനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ 47കാരിയായ ആസിയ ബീബിയെ സുപ്രീംകോടതിയാണ് വെറുതെ വിട്ടത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ തന്റെ ഗ്രാമത്തിൽ കാർഷികവൃത്തി ചെയ്ത് ജീവിച്ചു വരികയായിരുന്നു. കൂടെ തൊഴിലെടുക്കുന്നവരുമായുണ്ടായ ഒരു തർക്കത്തെത്തുടർന്നാണ് ആസിയയ്ക്കെതിരെ പ്രവാചകനിന്ദാക്കുറ്റം ആരോപിക്കപ്പെട്ടത്. കീഴ്ക്കോടതികളെല്ലാം വധശിക്ഷയ്ക്ക് വിധിച്ച ആസിയയെ സുപ്രീംകോടതി ധീരമായ നടപടിയിലൂടെ മോചിപ്പിക്കുകയായിരുന്നു. ജഡ്ജിമാർക്ക് വധഭീഷണി നിലവിലുണ്ടായിരുന്നു. ആസിയയ്ക്കെതിരെ തെളിവുകളില്ലായെന്നും സാക്ഷികൾ മൂന്നുപേരും മൂന്നുതരത്തിലുള്ള മൊഴികളാണ് നൽകിയതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

ആസിയയുടെ ഭർത്താവും കുട്ടികളും പാകിസ്താനിൽ തന്നെയുണ്ട്. ഇവർ തങ്ങളും പേരും വിലാസവുമെല്ലാം മാറ്റിയാണ് കഴിയുന്നത്. തങ്ങളെ രക്ഷിക്കണമെന്ന് അന്തർദ്ദേശീയ സമൂഹത്തോട് ഇവർ പലവട്ടം അപേക്ഷിക്കുകയുണ്ടായി. എന്നാൽ തീവ്രവാദഗ്രൂപ്പുകളുടെ പ്രക്ഷോഭസാധ്യത ഉള്ളതിനാൽ ഇവരുടെ അപേക്ഷ പരിഗണിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. ഭക്ഷണം വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം ജീവിക്കുന്നത്.

Related Post
Leave a Comment