X

മോദിജി, ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും; പ്രതിഷേധമുയര്‍ത്തി ബീഫ് ഫെസ്റ്റുകള്‍

സമൂഹത്തില്‍ നടക്കുന്ന അതേ പ്രതിഷധം സമൂഹമാധ്യമങ്ങളിലും നടക്കുന്നുണ്ട്

കശാപ്പിനായി കന്നുകാലികളെ വിപണനം ചെയ്യുന്നതു നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

വിധകോണുകളില്‍ നിന്നുും രാഷ്ട്രീയ പാര്‍ട്ടികളുടെയും അവയുടെ യുവജന സംഘടനകളുടെയും നേതൃത്വത്തിലും പ്രതിഷേധം തെരുവുകളില്‍ വ്യാപിക്കുകയാണ്. ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടെ ഞങ്ങള്‍ ബീഫ് കഴിക്കുകയും സമരം നടത്തുകയും ചെയ്യും; തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബീഫ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണ്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പല കേന്ദ്രങ്ങളിലായി ഇന്നു ബീഫ് ഫെസ്റ്റ് നടത്തുന്നുണ്ട്. സംസ്ഥാന തലത്തില്‍ 210 കേന്ദ്രങ്ങളില്‍ എസ്എഫ്‌ഐയും ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇടതുപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര ഉത്തരവിനെതിരേ രംഗത്തുണ്ട്.

ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേല്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിനെ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ബീഫ് ഫെസ്റ്റുകള്‍ ഓര്‍മിപ്പിക്കുന്നതെന്നു ഇടതുപക്ഷ യുവജനസംഘടനകള്‍ പറയുന്നു. ആര്‍എസ്എസിനെതിരായ ശക്തമായ ആയുധമായാണ് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ മാട്ടിറച്ചി നിരോധനത്തെ കാണുന്നത്. ഇറച്ചിക്ക് വേണ്ടി കന്നുകാലികളെ വില്‍ക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം ആരും കാലിയിറച്ചി കഴിക്കാന്‍ പാടില്ലെന്നാണ്. മാടിനെ കൊന്നാലല്ലാതെ ഇറച്ചി എടുക്കാനാകില്ല എന്നതല്ലേ സത്യം. ഞങ്ങള്‍ എന്ത് കഴിക്കണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നത്; യുവജനസംഘടനകള്‍ ചോദിക്കുന്നു.

സമൂഹത്തില്‍ നടക്കുന്ന അതേ പ്രതിഷധം ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും നടക്കുന്നുണ്ട്. മൃഗസ്‌നേഹത്തിന്റെ പേരില്‍ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്ക് സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് പുതിയ ഉത്തരവെന്നാണു സോഷ്യല്‍ മീഡിയയുടെ പരാതി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വികാരം ഒരു ബീഫ് നിരോധനത്തിലൂടെ ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ഭരണവിരുദ്ധ വികാരം മതധ്രുവീകരണത്തിലൂടെ ഭിന്നിപ്പിക്കുക, ആര്‍എസ്എസ് അജണ്ട കൃത്യമായി നടപ്പാക്കുക എന്നീ ഉദ്ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റം എന്നതുപോലെ അനേകം പേരുടെ ജീവിതമാര്‍ഗം കൂടിയാണ് സര്‍ക്കാര്‍ തകര്‍ക്കുന്നതെന്നും പ്രതിഷേധ ശബ്ദങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്ന ഉത്തരവാണിത്. 35,00 കോടി രൂപയാണ് രാജ്യത്തിന് ബീഫ് കയറ്റുമതിയിലൂടെയുണ്ടായിരുന്ന വരുമാനം. ഇന്ത്യയിലെ ജനങ്ങളില്‍ അറുപത് ശതമാനം പേരും മാംസഭുക്കുകളാണ്. 26 ലക്ഷം ടണ്‍ ബീഫ് ആണ് ഇന്ത്യയിലെ ഉപഭോഗമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുകൂടാതെ തുകല്‍ വ്യവസായ രംഗത്ത് 2.5 മില്യണ്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ബീഫ് നിരോധനം ബാധിക്കുന്നത് ഇവരുടെ ഉപജീവനത്തെക്കൂടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on May 28, 2017 8:49 pm