X

ഭൂ മാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും: വി എസ്

താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം.

മഴക്കെടുതിയുടെ ഭാഗമായ വ്യാപക ഉരുള്‍ പൊട്ടലുകളുടേയും മണ്ണിടിച്ചിലുകളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച ശേഷം വീണ്ടും എല്ലാ ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന്‍. നവകേരള നിര്‍മ്മാണം സംബന്ധിച്ച് കാഴ്ചപ്പാടിന് വിരുദ്ധമായ കാര്യങ്ങളാണ് കാണുന്നത് എന്നും ശാസ്ത്രീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് നടപടികള്‍ സ്വീകരിക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല എന്നും വിഎസ് പറയുന്നു.

ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ തിരയുന്നതിനിടയില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിനാകണം. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും എന്നും വി എസ് പറയുന്നു.

വയനാട്ടിലെ പുത്തുമലയിലും മലപ്പുറം നിലമ്പൂരിന് സമീപം കവളപ്പാറയിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ക്വാറികള്‍ക്കുള്ള പങ്ക് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 27 ക്വാറികളാണ് പരിസ്ഥിതി ദുര്‍ബലപ്രദേശമായി വിലയിരുത്തിയിട്ടുള്ള ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ കണക്ക്.
ക്വാറികള്‍ സംബന്ധിച്ച് വ്യാപക പരാതികള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇവയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചത്. എന്നാല്‍ വീണ്ടും ഇത് പുനരാരംഭിച്ചിരിക്കുകയാണ്. ദുരന്തത്തിന് കാരണമായ സോയില്‍ പൈപ്പിംഗിന് ക്വാറികളും അനിയന്ത്രിതമായ മണ്ണെടുപ്പും കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് വി എസിന്റെ പോസ്റ്റ്‌.

വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

കേരളം രണ്ടാമത്തെ പ്രളയവും കടന്നുപോയിരിക്കുന്നു. ഇപ്പോഴും വീണ്ടെടുക്കാനുള്ള മൃതദേഹങ്ങള്‍ മണ്ണിനടിയിലാണ്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്‍റേയും തടയണകളുടേയും ക്വാറികളുടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളില്‍നിന്ന് കാണുന്നത്. താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്.

ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ച്ചപ്പാടുയര്‍ത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല. താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. അത് കേരള ജനതക്ക് വേണ്ടിയാണ്; സുസ്ഥിര വികസനം എന്ന ഇടതുപക്ഷ കാഴ്ച്ചപ്പാടിനു വേണ്ടിയാണ്. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും.

This post was last modified on August 22, 2019 10:58 pm