X

ലക്കിടി കൊലപാതകം: വ്യാജ ഏറ്റുമുട്ടലെന്ന ബന്ധുക്കളുടെ സംശയം ദൂരീകരിക്കണം; കാനം പത്രം വായിക്കാറില്ലേയെന്ന് രമേശ് ചെന്നിത്തല

" ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലാണ് പാളിച്ച വന്നിരിക്കുന്നത്. രൂപേഷിനെയും ഷൈനയെയും യാതൊരു പ്രയാസവുമില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിച്ചെങ്കിൽ വെടിവെച്ച് കൊല്ലുന്നതു പോലുള്ള തന്ത്രങ്ങൾ ശരിയാണോയെന്ന് ആലോചിക്കണം."

സംസ്ഥാനത്ത് മാവോവാദികൾ തുടർച്ചയായി ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത് സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് താൻ പറയുന്നില്ലെങ്കിലും ബന്ധുക്കൾക്ക് അങ്ങനെയൊരു സംശയമുള്ള ദൂരീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു.

കാനം രാജേന്ദ്രൻ ഇതൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്യാറില്ലേ സിപിഐ സംസ്ഥാന സെക്രട്ടറിയെന്ന് ചെന്നിത്തല ചോദിച്ചു. നിലമ്പൂർ സംഭവം നടന്നപ്പോൾ സർക്കാരിന് വകതിരിവില്ലെന്ന് പ്രതികരിച്ചയാളാണ് കാനം. അദ്ദേഹത്തിനിപ്പോൾ നാവിറങ്ങിപ്പോയോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പിന്നിലാണ് ജലീലിന് വെടിയേറ്റിരിക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ദുരൂഹമാണ് കാര്യങ്ങൾ. വ്യാജ ഏറ്റുമുട്ടലാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ഈ സർക്കാര്‍ നിലവിൽ വന്ന ശേഷം മൂന്നാമത്തെയാളാണ് വെടിവെപ്പിൽ മരിക്കുന്നത്. വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്ത് സംഭവിച്ചെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

മവോയിസ്റ്റുകളെ നേരിടുന്നതിൽ തന്ത്രപരമായ പിഴവ് സർക്കാരിന് വന്നിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലാണ് പാളിച്ച വന്നിരിക്കുന്നത്. രൂപേഷിനെയും ഷൈനയെയും യാതൊരു പ്രയാസവുമില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിച്ചെങ്കിൽ വെടിവെച്ച് കൊല്ലുന്നതു പോലുള്ള തന്ത്രങ്ങൾ ശരിയാണോയെന്ന് ആലോചിക്കണം. ഇത്തരം സംഭവങ്ങളുണ്ടായാൽ സുപ്രീംകോടതി നിർദ്ദേശമനുസരിച്ചുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.