മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ്സുകാരൻ ശ്രീരാം വെങ്കിട്ടരാമന് റിട്രോഗ്രെഡ് അംനേഷ്യ (https://en.wikipedia.org/wiki/Retrograde_amnesia) എന്ന മറവിരോഗം ബാധിച്ചതായി ഡോക്ടർമാർ. ഏതെങ്കിലും പ്രത്യേക സംഭവം ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനേഷ്യ. ഒരു സംഭവത്തെക്കുറിച്ച് എന്നെന്നേക്കുമായി മറന്നു പോകുന്ന സ്ഥിതിയാണിത്. സംഭവമേൽപ്പിച്ച ആഘാതം മറികടന്നാൽ ഒരുപക്ഷെ ഓര്‍ത്തെടുക്കാനും സാധിച്ചേക്കും. ഏഷ്യാനെറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ സർവ്വീസിലുള്ള ശ്രീരാം വെങ്കിട്ടരാമന്റെ ഔദ്യോഗിക ജീവിതത്തെ ഈ രോഗാവസ്ഥ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.
ശ്രീരാമിന് തലവേദനയും തലകറക്കവും അനുഭവപ്പെടുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. റിമാൻഡിലായിരിക്കെ ഇദ്ദേഹം സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഇവിടെ നിന്ന് ന്യൂറോ സർജറി നിരീക്ഷണ വാർഡിലാണ് ഇദ്ദേഹത്തെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെങ്കിട്ടരാമൻ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും ഡോക്ടർമാർ അവകാശപ്പെടുവന്നുണ്ട്. ഇദ്ദേഹത്തിന് മാനസികരോഗ വിദഗ്ധന്റെ സഹായം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ശ്രീരാം വെങ്കിട്ടരാമനെ കേസുകളിൽ നിന്നും രക്ഷപ്പെടുത്താൻ ആഭ്യന്തരവകുപ്പും ഉന്നത ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നുവെന്ന ആരോപണം വ്യാപകമായ സന്ദർഭത്തിലാണ് ശ്രീരാമിനെ മറവിരോഗം ബാധിച്ചിരിക്കുന്നത്.
Leave a Comment