X

മരണപ്പാച്ചിലിന് ശ്രീറാം വെങ്കിട്ടരാമന്‍ എടുത്തത് ഒരു മിനിറ്റിൽ താഴെ, കുരുക്കായി സിസിടിവി ദൃശ്യങ്ങൾ

ശ്രീറാം മദ്യപിച്ചിരുന്നെന്നത് ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീർ കൊല്ലപ്പെടാൻ ഇടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ട രാമൻ ഐഎഎസിനെതിരെ പുതിയ തെളിവുകൾ പുറത്ത്. ശ്രീറാം മദ്യപിച്ചിരുന്നെന്നത് ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. മാതൃഭൂമി ന്യൂസാണ് പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

അതേസമയം, ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നു എന്നതിന് അപ്പുറത്ത് അപകടം ഉണ്ടാക്കിയ വാഹനം രാജ്ഭവൻ ഉൾപ്പെയുള്ള അതീവ സുരക്ഷാ മേഖലയിലൂടെ പാഞ്ഞത് മരണ വേഗതയിലാണെന്നാണ് ദൃശ്യങ്ങളിലെ സമയം വ്യക്തമാക്കുന്നത്.

രാത്രി 12. 45- പാർട്ടി നടന്നെന്ന് പറയുന്ന കവടിയാറിലെ സിവില്‍ സർവീസ് ഓഫീസേഴ്സ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും അർദ്ധരാത്രിയോടെ ശ്രീറാം പുറത്ത് വരുന്നു. (ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞത്). വേഷം ടി ഷര്‍ട്ടും ജീൻസും.

12.49- ലഹരിയിലാണെന്ന് വ്യക്തമാവുന്ന രീതിയിൽ ശ്രീറാം നടന്ന് പോവുന്നു, ( സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞത്).

അപകട സമയത്ത് ശ്രീയാറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി പ്രകാരം രാത്രി 12.59 ഓടൊണ് ശ്രീറാം വാഹനത്തിൽ കയറിയതെന്നാണ് വ്യക്തമാവുന്നത്. ഓഫീസും ശ്രീറാം കാത്തിരുന്നു എന്ന് വഫ പറയുന്ന കവടിയാര്‍ വിവേകാനന്ദ പാർക്കും തമ്മിൽ ഏകദേശം 10 മിനിറ്റിലധികം നടക്കേണ്ട ദുരം.

12.59- വഫയുടെ മൊഴി പ്രകാരം ശ്രീറാം വാഹനത്തിൽ കയറുന്നു വെള്ളയമ്പലം ഭാഗത്തേക്ക് കാറോടിച്ച് പോവുകയും ചെയ്യുന്നു. ഇതിനിടയിൽ വെള്ളയമ്പലത്തിന് മുൻപുള്ള കഫേ കോഫി ഡേയുടെ മുന്നിൽ വച്ചാണ് ശ്രീറാം കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. അതിനായി വാഹനം നിർത്തിയതായും വഫയുടെ മൊഴി വ്യക്തമാക്കുന്നു.

01.01- വെള്ളയമ്പലം ജംങ്ഷനും മ്യൂസിയം പോലീസ് സ്റ്റേഷൻ ജംങ്ഷനും പിന്നിട്ട വാഹനം പബ്ലിക് ഓഫീസിന് മുന്നിൽ അപകടത്തിൽ പെടുന്നു. (സമയം സിസിടിവിയിലും വ്യക്തം). രണ്ട് കിലോ മീറ്റർ ദൂരം വരുന്ന ദുരം പിന്നിട്ടത് വെറും ഒരു മിനിറ്റ് കൊണ്ടെന്ന് ഇതിൽ നിന്നും തന്നെ  വ്യക്തമാവുന്നതാണ്.