X

പായസ വിവാദം: ഞങ്ങളറിഞ്ഞിട്ടില്ല, 70 ശതമാനം അധ്യാപകരും ഹിന്ദുക്കള്‍, ആരോടും വിവേചനം കാണിച്ചിട്ടില്ല: സ്കൂള്‍ അധികൃതര്‍

മകള്‍ സ്കൂളില്‍ കൊണ്ടുപോയ പായസം കഴിക്കാന്‍ അധ്യാപകരും കുട്ടികളും വിസമ്മതിച്ചു എന്ന പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്

മതവിശ്വാസം ഹനിക്കുമെന്ന കാരണം പറഞ്ഞ് ഒമ്പത് വയസ്സുകാരിയുടെ പിറന്നാള്‍ പായസം സ്‌കൂള്‍ അധികൃതരും അധ്യാപകരും നിരസിച്ചതായി ആരോപണമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്. കോട്ടയത്തെ ക്രിസ്തീയ സഭയ്ക്ക് കീഴിലുള്ള സ്‌കൂളില്‍ നിന്നാണ് തന്റെ മകള്‍ക്ക് ഈ അനുഭവമുണ്ടായതെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുട്ടിയുടെ അച്ഛന്‍ ബൈജു സ്വാമി എന്നയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ വിഷത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദവുമായി സ്‌കൂള്‍ അധികൃതരും രംഗത്തെത്തി. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിവില്ലെന്ന് സ്‌കൂള്‍ അഡ്മിനിസ്‌സ്‌ട്രേറ്റര്‍ ഫാ. കുര്യന്‍ അഴിമുഖത്തോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് ഞാന്‍ ഈ സംഭവം അറിഞ്ഞത്. അതിന് ശേഷം ഞാന്‍ ഇക്കാര്യം അന്വേഷിച്ചു. അപ്പോള്‍ നാലാം ക്ലാസ്സിലെ ഒരു കുട്ടി ചെറിയ ഒരു പാത്രത്തില്‍ കുറച്ച് പായസവുമായി ക്ലാസ്സില്‍ വന്നുവത്രേ. ക്ലാസ് ടീച്ചറുടെ അടുത്ത് കുട്ടിയത് കൊണ്ടുചെന്നപ്പോള്‍ ‘മോളേ എനിക്ക് ഇപ്പോള്‍ പായസം വേണ്ട’ എന്ന് പറഞ്ഞു. സഹപാഠികള്‍ക്ക് കൊടുക്കാനാണോ കൊണ്ടുവന്നത് എന്ന് ആ കുട്ടിയോട് ചോദിച്ചപ്പോള്‍, അല്ല, ഞാന്‍ അധ്യാപകര്‍ക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്ന് പറഞ്ഞു. എന്നാല്‍ ഇന്റര്‍വെല്ലിന് അത് കൊടുക്കാം എന്ന് അധ്യാപിക പറഞ്ഞു. ആ ക്ലാസ് കഴിഞ്ഞ് ടീച്ചര്‍ പോയി. ടീച്ചര്‍ പിന്നീട് അക്കാര്യം ഓര്‍ത്തതുമില്ല, ചോദിച്ചതുമില്ല. ഏതെങ്കിലും മറ്റ് അധ്യാപകര്‍ക്ക് അത് കൊടുത്തിട്ടുണ്ടോ എന്ന് ആ ടീച്ചര്‍ക്ക് അറിയുകയുമില്ല. ഞാനന്വേഷിച്ചപ്പോള്‍ അത് കുട്ടി ആര്‍ക്കും കൊടുത്തതായി അറിവില്ല. കുട്ടി അത് തിരികെ വീട്ടില്‍ കൊണ്ടു പോയതായാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് കിട്ടിയ വിവരം. ഇവിടുത്തെ പ്രിന്‍സിപ്പല്‍ അടക്കം എഴുപത് ശതമാനത്തിലധികം അധ്യാപകര്‍ ഹിന്ദുക്കളാണ്. ഒരാളുടെയടുത്തും ഞങ്ങള്‍ ഇതേവരെ പ്രത്യേകമായ വിവേചനം കാണിക്കുകയോ, ഏതെങ്കിലും പ്രത്യേക കാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല’– ഫാ. കുര്യന്‍ പ്രതികരിച്ചു.

അമ്പലത്തിലെ പായസമായതിനാല്‍ പ്രധാനാധ്യാപികയടക്കമുള്ളവര്‍ നിരസിച്ചുവെന്നും ഭാര്യയുടെ സുഹൃത്തായ ഒരു അധ്യാപിക മാത്രമാണ് പായസം കഴിക്കാന്‍ തയ്യാറായതെന്നും ബൈജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ക്രിസ്തീയ മതവിശ്വാസികളായ സഹപാഠികളും പായസം നിരസിച്ചത് തന്റെ മകളെ ഏറെ വേദനിപ്പിച്ചു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് താന്‍ ആ വിവരം അറിഞ്ഞത്. മകള്‍ പഠിക്കുന്ന സ്‌കൂള്‍ കോട്ടയം രൂപതയുടെ കീഴിലുള്ളതാണെന്നും അവിടുത്തെ ഭൂരിഭാഗം അധ്യാപകരും ക്രിസ്ത്യന്‍ പശ്ചാത്തലം ഉള്ളവരാണെന്നും ഒരു ഹിന്ദു അധ്യാപിക മാത്രമാണ് പായസം കഴിക്കാന്‍ തയ്യാറായതെന്നും ബൈജു കുറിപ്പില്‍ പറയുന്നു.

‘എന്റെ ഏക മകൾ 9 വയസുകാരിയും ഒരു കോൺവെന്റ് സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമാണ്. അവൾ വളരെ അഗ്രസീവ് ആയ വായാടിയായതുകൊണ്ട് സ്‌കൂളിൽ പ്രിൻസിപ്പൽ മുതൽ പ്യൂൺ വരെ ഉള്ളവരുടെ “സുഹൃത്താണ്”. ഇന്നലെ ഞാൻ ഒരു യാത്ര കഴിഞ്ഞു രാത്രി വൈകി വീട്ടിൽ എത്തിയപ്പോളും മകൾ കരഞ്ഞു കൊണ്ട് ആഹാരം കഴിക്കാതെ ഇരിക്കുകയായിരുന്നു. ഭാര്യയോട് കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ പൊട്ടിത്തെറിക്കുന്നു. സംഭവം ഇങ്ങനെ.

മിനിഞ്ഞാന്ന് മകളുടെ 9 വയസു തികയുന്ന കർക്കിടകത്തിലെ പൂരം ആയിരുന്നു. ഭാര്യയും മകളും കൂടി അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ കുറെ പൂജകളും അന്നദാനവും കുറെ അധികം കിട്ടുന്ന ആറുനാഴി, കൂട്ട് പായസം എന്ന് വിളിക്കുന്ന അതീവ രുചിയുള്ള പായസവും ഒക്കെ ഉണ്ടാക്കിയിരുന്നു. അന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ആ പായസം വീട്ടിൽ എത്തിച്ചിരുന്നു. ഇന്നലെ മകൾ ആ പായസത്തിൽ കുറെ അധികം സ്‌കൂളിൽ അവളുടെ ക്‌ളാസ് മേറ്റുകൾക്കും അധ്യാപകർക്കും കൊടുക്കാനായും സ്വീറ്റ്സും ഒക്കെ വാങ്ങി കൊണ്ട് പോയിരുന്നു. അത് അവൾ വിതരണം ചെയ്തപ്പോൾ ഒരു ടീച്ചർ ഒഴികെ പ്രിൻസിപ്പൽ അടക്കം എല്ലാവരും കഴിക്കാതെ ഇരുന്നാണ് മകളുടെ കരച്ചിലിന് കാരണം. അതിലെന്താണ് കരയുന്നത് എന്ന് ചോദിച്ചപ്പോളാണ് ഭാര്യയുടെ ചിന്തോദീപകമായ മറുപടി എന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ചത്. അവൾ പറഞ്ഞ വസ്തുത എന്നെ കേരളത്തിന്റെ അടിസ്ഥാനമായ ഒരു നീറുന്ന യാഥാർഥ്യത്തിലേക്ക് ക്രാഷ് ലാൻഡ് ചെയ്യിച്ചു. ഈ സ്‌കൂൾ കോട്ടയം രൂപതയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. പഠിപ്പിക്കുന്നവരിൽ സിംഹ ഭാഗവും ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള ആളുകളും. അമ്പലത്തിലെ പായസം അവരുടെ മത വിശ്വാസത്തെ ഹനിക്കുന്നത് കൊണ്ടാണ് അവർ കഴിക്കാത്തതത്രേ. എനിക്ക് ആ വാദം അത്ര ശെരിയായി തോന്നാത്തത് കൊണ്ട് ഞാൻ ഭാര്യയോട് താത്വിക ലൈനിൽ ഒരു ടീച്ചർ കഴിച്ചല്ലോ എന്ന് വാദിച്ചു. അപ്പോൾ അവൾ പറഞ്ഞ മറുപടി സത്യമല്ല എന്ന് വാദിക്കാൻ എനിക്കാവില്ല. പായസം വാങ്ങിയ ഏക ടീച്ചർ ഹിന്ദു ആണെന്നും ഭാര്യയുടെ സുഹൃത്താണെന്നും എന്താണുണ്ടായതെന്നു എന്റെ ഭാര്യ വിളിച്ചു ചോദിക്കുകയും ചെയ്തത്രേ. ഇനി പറയുന്ന കാര്യമാണ് എന്നെ കേരളത്തിന്റെ യെതാർത്ഥ അവസ്ഥ ബോധ്യപ്പെടുത്തിയത്. ക്‌ളാസിൽ അവൾ കുട്ടികൾക്ക് കൊടുത്ത പായസം പോലും ഇത് പോലെ കൊതിയുണ്ടെങ്കിലും മറ്റു സമുദായത്തിലുള്ള കുട്ടികൾ കഴിച്ചില്ല അത്രേ. അവരെ വീട്ടുകാർ ഇത് പോലെ വിലക്കിയിട്ടുണ്ടത്രെ..!

ഫേസ്ബുക്കിലൂടെ മതേതരത്വം ഹോമിയോ മരുന്ന് പോലെ രോഗാതുരമായ സമൂഹത്തിനു വിളമ്പുന്ന ഒരു മതേതര വാദി ആയ എനിക്ക് ഇതൊരു റിയാലിറ്റി ചെക്ക് ആയിരുന്നു. വർഗീയത എന്ന വിഷം അടുത്ത തലമുറയിലും കുത്തി വെയ്ക്കുന്ന ഇത്തരം സ്‌കൂളുകൾ എന്തിനു വേണം എന്നാണ് ഞാൻ ആലോചിച്ചത്. നമ്മളോ നശിച്ചു, അടുത്ത തലമുറ എങ്കിലും മനുഷ്യത്വമുള്ള കാഴ്ചപ്പാടോടെ ജീവിക്കാനാവശ്യമായ കാര്യം പറഞ്ഞു കൊടുത്തു കണ്ണ് തുറക്കേണ്ട സ്ഥാപനങ്ങൾ അല്ലെ സ്‌കൂളുകൾ? കാരുണ്യം എന്നൊക്കെ സാധാരണക്കാരെ ഉത്‌ബോധിപ്പിച്ചു മനുഷ്യന് വേണ്ടി കുരിശിലേറിയ യേശുവിന്റെ പേരിൽ ളോഹ ധരിച്ചു നടക്കുന്ന കുറെ ആഭാസന്മാർ അടുത്ത തലമുറയെ പോലും വിഷ വിത്തുകൾ ആക്കാനുള്ള ട്രെയ്നിങ് അല്ലെ കൊടുക്കുന്നത്.
ഞാൻ എന്റെ ഫേസ് ബുക് സുഹൃത്തുക്കളോട് ഇവിടെ ചോദിക്കുന്നു. ഇക്കാര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്? ആരോടാണ് പരാതിപ്പെടേണ്ടത്? സാഹചര്യം മുതലെടുക്കാൻ വന്നു എന്നിൽ വിഷം കുത്തിവയകാനുള്ള ശ്രമം വേണ്ട. അവർ കുഴിക്കുന്ന കുഴിയിൽ അടുത്ത തലമുറ വീഴാതെ ഇരിക്കാനുള്ള ശ്രമം ആണ് എന്റേത്. ക്രിയാത്മകമായ മറുപടി ഉണ്ടാവണം’

വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ബൈജു സ്വാമി വിഷയത്തോട് പ്രതികരിക്കാന്‍ തയാറായില്ല.

ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ദ വിജിലന്റ് കാത്തലിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണവുമടക്കം പോസ്റ്റ് ഇട്ടിരുന്നു. പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചിലരുടെ അടിസ്ഥാനരഹിതവും വിശ്വാസ്യതയില്ലാത്തതുമായ ഫേസ്ബുക്ക് പോസ്റ്റുകളാണ് വാര്‍ത്തയാക്കുന്നത് എന്ന വിമര്‍ശനത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ‘തന്റെ കുട്ടിക്ക് അവിടെയുള്ള ഒരു കത്തോലിക്കാ സ്‌കൂളില്‍ നിന്നും മതവിശ്വാസത്തിന്റെ പേരില്‍ ഒരു ദുരനുഭവമുണ്ടായി’ എന്ന ബൈജു സ്വാമിയെന്ന രക്ഷിതാവിന്റെ പോസ്റ്റ് ആധികാരികമായാണ് പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളും അവതരിപ്പിച്ചത് എന്ന് പറയുന്ന ദ വിജിലന്റ് കാത്തലിക്ക് ബൈജു സ്വാമിയെന്ന പ്രൊഫൈല്‍ വ്യാജമാണോ എന്ന സംശയവും മുന്നോട്ട് വക്കുന്നു. പോസ്റ്റിന്റെ ഒടുവില്‍ പ്രസ്തുത സ്‌കൂളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതരുടേതായ വിശദീകരണവും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടേതെന്ന് പറഞ്ഞ് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്;

‘ഇത്തരമൊരു ആരോപണമോ, സംഭവമോ ഇതുവരെയും സ്‌കൂളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു പോലുമില്ല. അത്തരമൊരു സംഭവം നടന്നിട്ടുണ്ടാകാനുള്ള സാധ്യത തന്നെ വളരെ വിരളമാണ്. ഇത്തരമൊരു ഓണ്‍ലൈന്‍ മാധ്യമവിചാരണയെ തുടര്‍ന്ന് വിളിച്ചന്വേഷിച്ച അദ്ധ്യാപകരൊന്നും ഇത്തരമൊരു സംഭവം അറിഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങളില്‍ നിന്ന് ഒരു കുട്ടി തന്റെ ക്ലാസില്‍ ഒരു ചോറ്റുപാത്രത്തില്‍ പായസം കൊണ്ടുവന്ന സംഭവം ഒരാഴ്ചയ്ക്കിടെ ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. ചെറിയ ക്ലാസ് ആയതിനാല്‍ ക്ലാസ് സമയത്ത് അത് കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട ഒരു അദ്ധ്യാപകന്‍ അപ്പോള്‍ അത് തടയുകയും, ഇന്റര്‍വെല്ലിന് വിതരണം ചെയ്തു കൊള്ളുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍, ആ കുട്ടിയാണോ ഈ കുട്ടി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭൂരിപക്ഷം ക്രിസ്ത്യന്‍ അദ്ധ്യാപകര്‍, ക്രിസ്ത്യന്‍ വര്‍ഗ്ഗീയത എന്നൊക്കെ ആരോപിച്ചവര്‍ക്ക്, ഇവിടുത്തെ അദ്ധ്യാപകരില്‍ എഴുപത് ശതമാനമെങ്കിലും ഹൈന്ദവര്‍ തന്നെയല്ലേ എന്ന് അന്വേഷിക്കാവുന്നതാണ്. ഇത്തരമൊരു സംഭവം നടന്നതിനെക്കുറിച്ച് ആര്‍ക്കും അന്വേഷിച്ചറിയാവുന്നതുമാണ്’.

‘മഞ്ഞപ്പത്രങ്ങളും, ബൈജുസ്വാമിമാരും ഉയര്‍ത്തുന്ന ദുരാരോപണങ്ങൾ’എന്ന തലക്കെട്ടോടെ ദി വിജിലന്‍റ് കത്തോലിക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ഇട്ട വിശദീകരണ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘ഏതാനും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ ആപത്കരമായ സാമൂഹിക ഇടപെടലുകളുടെ പതിവ് കാഴ്ച്ചകളിലൂടെയാണ് അടുത്ത കുറേക്കാലമായി കേരളം കടന്നുപോകുന്നത്. ഊഹാപോഹങ്ങളും, വാസ്തവ വിരുദ്ധമായ കള്ളക്കഥകളും, ഊതിപ്പെരുപ്പിച്ച സംഭവങ്ങളും അവരില്‍ പലരുടെയും വാര്‍ത്താവതരണങ്ങളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നു. ചിലകാര്യങ്ങള്‍ തുറന്നുപറയുക എന്നത് പലപ്പോഴും ഒരു നന്മയാണ് എന്ന രീതിയില്‍ ഒരുപരിധിവരെ ന്യായീകരിക്കപ്പെട്ടു തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നും, തങ്ങളെ സമൂഹമദ്ധ്യത്തില്‍ ശ്രദ്ധേയരാക്കിയ അത്തരം ചില വിഷയങ്ങളില്‍, സ്വയം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങിയത് നമ്മില്‍ പലരും കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമായ അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. മറുനാടന്‍ മലയാളിയില്‍ തുടങ്ങി, പ്രവാസിശബ്ദത്തില്‍ വരെ എത്തിനില്‍ക്കുന്ന മുഖംമൂടിയണിഞ്ഞ ദുർവൃത്തരായ മാധ്യമ പ്രവര്‍ത്തകര്‍ പതിവായി സ്വീകരിച്ചിരിക്കുന്ന ശൈലികള്‍ ശ്രദ്ധിക്കുക. അടുത്ത ചില കാലങ്ങളായി കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ നിറംചേര്‍ത്ത് എഴുതിപ്പിടിപ്പിച്ച തുടര്‍ക്കഥകള്‍ നല്‍കിയ മൈലേജ് തുടര്‍ന്നുകൊണ്ടുപോകുവാന്‍ തരംതാണ ശൈലികളാണ് ഇന്ന് സ്വീകരിച്ചുവരുന്നത്. തങ്ങളുടെ വായനക്കാരെയും അവരുടെ താല്‍പ്പര്യത്തെയും നിലനിര്‍ത്തണമെങ്കില്‍ പതിവായി കത്തോലിക്കാ വിരുദ്ധമായ ഒരു വാര്‍ത്തയെങ്കിലും പ്രസിദ്ധീകരിക്കണമെന്ന വിലകുറഞ്ഞ നിലപാടില്‍ അവരില്‍ പലരും എത്തി നില്‍ക്കുന്നു. ഇത്തരത്തില്‍ മെനഞ്ഞുണ്ടാക്കുന്നത് പൂര്‍ണ്ണമായും ഒരു കള്ളക്കഥ തന്നെയാണെങ്കിലും അവര്‍ക്ക് കത്തോലിക്കരും ക്രൈസ്തവരുമായ വായനക്കാരെ തന്നെയും കൂടുതലായി ആകര്‍ഷിക്കാന്‍ നിഷ്പ്രയാസം കഴിയുന്നു എന്ന തിരിച്ചറിവാണ് അത്തരമൊരു നിലപാടിന് പിന്നില്‍ എന്നതില്‍ സംശയമില്ല.

പലപ്പോഴും, നിസാരമായതെന്ന് തോന്നിയേക്കാവുന്ന സംഭവങ്ങള്‍ തന്നെയും ആരെങ്കിലും ഒരാള്‍ വാര്‍ത്തയാക്കിയാല്‍ തുടര്‍ന്ന് സമാനമായ ശൈലിയില്‍ മറ്റ് ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങളും ലജ്ജയില്ലാതെ ആ വാര്‍ത്തയെ പിന്തുടരുന്നത് കാണാം. അടുത്ത നാളുകളായി ഇത്തരത്തില്‍ വലിയ വാര്‍ത്തകളാകുന്നത് ചിലരുടെ അടിസ്ഥാനരഹിതവും, വിശ്വാസ്യതയില്ലാത്തതുമായ ഫേസ്ബുക്ക് പോസ്റ്റുകളാണ്. അവ പറയുന്നവരുടെ ക്രെഡിബിലിറ്റിയോ, സംഭവത്തിന്റെ വാസ്തവമോ അന്വേഷിക്കാതെ വാര്‍ത്തയാക്കുന്ന ശൈലി തുടര്‍ക്കഥയായിരിക്കുന്നു. ഇത് കത്തോലിക്കാ, ക്രൈസ്തവ വിഷയങ്ങളുടെ മാത്രം കാര്യമല്ല എന്നതാണ് ശ്രദ്ധേയം. അത്തരം മഞ്ഞപ്പത്രങ്ങള്‍ ഒരു വിവാദസാധ്യത മണത്തറിയുന്ന പക്ഷം, ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ അതുപോലെ തന്നെയോ, ആവശ്യംപോലെ വളച്ചൊടിച്ചോ, തങ്ങളുടെ എക്സ്ക്ലൂസീവ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല. കഴിഞ്ഞ ചിലമാസങ്ങളായി വിവാദ വിഷയമായും, ഇത്തരം വിലകുറഞ്ഞ മാധ്യമ ഗുണ്ടകളുടെ ഇഷ്ട വിഷയമായും തുടരുന്ന, നടി ആക്രമിക്കപ്പെട്ട കേസിൽ, കഴിഞ്ഞ ദിവസം പ്രവാസി ശബ്ദം പ്രസിദ്ധീകരിച്ച ഒരു വ്യാജവാര്‍ത്തയുടെ ആധാരം നദിയുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ആയിരുന്നു. അദ്ദേഹം പറഞ്ഞു എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചില കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടുള്ളതല്ലെന്ന വിശദീകരണവുമായി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്ത് വരികയുണ്ടായി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രശസ്ത നടന് ഒരു എയര്‍പ്പോര്‍ട്ടില്‍ വച്ച് സംഭവിച്ച ഒരു ദുരനുഭവം കഴിഞ്ഞയിടെ സംഭവിച്ചതെന്ന വ്യാജേന, അദ്ദേഹത്തിന് അപകീര്‍ത്തികരമായ രീതിയില്‍ പ്രസിദ്ധീകരിച്ചതും ഇതേ മാധ്യമം തന്നെയാണ്. ഇത്തരത്തില്‍ സമൂഹത്തില്‍ വിലമതിക്കപ്പെടുന്നവരും, പ്രധാനികളുമായ വ്യക്തികള്‍ക്കും മാനിക്കപ്പെടുന്ന സമൂഹങ്ങള്‍ക്കുമെതിരെ വീണ്ടുവിചാരം കൂടാതെ ദുരാരോപണങ്ങള്‍ അഴിച്ചുവിടുവാന്‍ യാതൊരു മടിയും ഇത്തരം മാധ്യമങ്ങള്‍ കാണിക്കാറില്ല എന്ന വാസ്തവം നാം മനസ്സിലാക്കണം. അതിന് അവര്‍ ഉപകരണങ്ങളാക്കുന്നതാകട്ടെ ആധികാരികത തീരെയും വ്യക്തമല്ലെങ്കിലും തങ്ങള്‍ക്ക് യോജ്യമായ വാദഗതികള്‍ നിരത്തുന്നവരുടെ തരംതാണ ആരോപണങ്ങള്‍. അത്തരം ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നില്‍ പലപ്പോഴും മതമൗലിക വാദികളോ, മറ്റ് ദുഷ്ട ലക്ഷ്യങ്ങളും, രഹസ്യ അജണ്ടകളും മറവില്‍ സൂക്ഷിക്കുന്നവരോ ആയിരിക്കാമെന്ന വസ്തുതപോലും ഇത്തരക്കാര്‍ പരിഗണിക്കാതെ പോകുമ്പോള്‍ ഈ പ്രവണത വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു.

കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളി വിവാദമാക്കി അവതരിപ്പിച്ച ഒരു വാര്‍ത്തയിലെ വിഷയം കോട്ടയത്ത് ഒരു പ്രശസ്തമായ സ്കൂളില്‍ നടന്ന അനിഷ്ട സംഭവമാണ്. “തന്റെ കുട്ടിക്ക് അവിടെയുള്ള ഒരു കത്തോലിക്കാ സ്കൂളില്‍ നിന്നും മതവിശ്വാസത്തിന്റെ പേരില്‍ ഒരു ദുരനുഭവമുണ്ടായി” എന്ന് ഒരു രക്ഷിതാവ് എന്ന പേരില്‍ ഒരാള്‍ ഇട്ട ഫേസ്ബുക്ക്പോസ്റ്റ്‌ ആയിരുന്നു പ്രസ്തുത വാര്‍ത്തയുടെ ആധാരം. മറുനാടനെ തുടര്‍ന്ന്, സകല മഞ്ഞപ്പത്രങ്ങളും ഈ സംഭവത്തെ ‘ആധികാരിക’മായി അവതരിപ്പിച്ചു കണ്ടു. എന്നാല്‍, ‘ബൈജു സ്വാമി’ എന്ന ആ പോസ്റ്റ്‌ മുതലാളി യഥാര്‍ത്ഥത്തില്‍ ഉള്ള വ്യക്തിയാണോ, അതോ വ്യാജനാണോ എന്നതിന് ആര്‍ക്കും സ്ഥിരീകരണമില്ല. കാരണം അതൊരു ജീവിച്ചിരിക്കുന്ന വ്യക്തിയാണെങ്കില്‍ തുറന്നുപറയാന്‍ മടി കാണിക്കേണ്ടതില്ലാത്ത വ്യക്തി വിവരങ്ങളോ, ഒരു ഫോട്ടോ പോലുമോ ആ ഫേസ്ബുക്ക് പ്രൊഫൈലില്‍ ലഭ്യമല്ല എന്നതാണ് വാസ്തവം. ഏറെക്കുറെ വ്യാജപ്രൊഫൈല്‍ ആണെന്ന് ഉറപ്പിക്കാവുന്ന ഒരുവന്റെ വാദഗതികളാണ് ഇത്തരത്തില്‍ സംശയലേശമന്യേ മാന്യമായ രീതിയില്‍ നടത്തപ്പെടുന്ന ഒരു കത്തോലിക്കാ സ്ഥാപനത്തിനും പൊതുവേ ക്രൈസ്തവര്‍ക്കും എതിരായി ഉയര്‍ത്തി മറ്റൊരു വിവാദം സൃഷ്ടിച്ചിരിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.

ചിന്താശേഷിയുള്ള പലരും ഇതിനകം ഒരു വര്‍ഗ്ഗീയവാദിയുടെ ഭാവനാസൃഷ്ടി എന്ന് വിലയിരുത്തിയിരിക്കുന്ന പ്രസ്തുത ഫേസ്ബുക്ക് ആരോപണത്തില്‍ പറഞ്ഞു വച്ചിരിക്കുന്ന ആശയങ്ങളും അതിന്റെ പൊരുത്തക്കേടുകളും ശ്രദ്ധിക്കുക:

1. കോട്ടയത്തെ കോണ്‍വെന്റ് സ്കൂള്‍ എന്ന് പറഞ്ഞു തുടങ്ങി, പിന്നീട് കോട്ടയത്തുള്ള പ്രശസ്തമായ ഒരു സ്കൂളിന്റെ പേര് കമന്റില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, ആ സ്കൂള്‍ ഒരു ‘കോണ്‍വെന്റ് സ്കൂള്‍’ അല്ല.

2. തന്റെ കുട്ടി വളരെ വലുതും പ്രശസ്തവുമായ ആ സ്കൂളിലെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി പായസം, (അതും അമ്പലത്തില്‍ നിന്നും തലേദിവസം കിട്ടിയത്) കൊണ്ടുപോയി എന്ന് പറയുന്നു. ഇത്രമാത്രം പായസം എങ്ങനെ കൊണ്ടുപോയി എന്ന് അവ്യക്തം. അഹിന്ദുക്കള്‍ ആയതിനാല്‍ ഒരു അദ്ധ്യാപിക ഒഴികെ ആരും കഴിച്ചില്ല എന്നതാണ് പ്രശ്നം. പോസ്റ്റ് മുതലാളിയുട വാദത്തെ വിശദീകരിച്ചുകൊണ്ട് മറുനാടനും ആ സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും ബഹുഭൂരിപക്ഷവും ക്രൈസ്തവരാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍, ആ സ്കൂളിലെ പ്രധാനാധ്യാപിക ഉള്‍പ്പെടെ അദ്ധ്യാപകരില്‍ എഴുപത് ശതമാനവും, ഹൈന്ദവരാണ് എന്നതാണ് വാസ്തവം. അവരാരുംതന്നെ ഇന്ന് രാവിലെ വരെയും ഈ വിഷയം അറിഞ്ഞിട്ടില്ല. സ്വന്തം കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും സ്വന്തം മതത്തില്‍ പെട്ടവരാണെന്ന സത്യം എന്തുകൊണ്ട് സാമാന്യം മികച്ച ‘ചിന്തക’നെന്ന് അവകാശപ്പെടുന്ന പിതാവ് അറിഞ്ഞില്ല?

3. പായസത്തിനൊപ്പം മറ്റ് സ്വീറ്റ്സും വാങ്ങിക്കൊണ്ടുപോയി എന്ന് പറയുന്നുണ്ടെങ്കിലും, പായസം മാത്രമാണോ കഴിക്കാതിരുന്നത്, അതോ ഒന്നും സ്വീകരിച്ചില്ലേ, എന്നിങ്ങനെയുള്ള സംശയങ്ങളുണ്ട്. ഈ സംശയം ബാലിശമായി തോന്നാമെങ്കിലും, ഒരു കുട്ടിയുടെ വികാരം വ്രണപ്പെട്ട ഈ വിഷയത്തില്‍, അവള്‍ പൂര്‍ണ്ണമായി നിരാകരിക്കപ്പെട്ടെങ്കില്‍ അത് ഗുരുതരമായ അപരാധം തന്നെയാണ്. എന്നാല്‍, ഇവിടെ വിഷയം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് അമ്പലത്തില്‍ നിന്ന് ലഭിച്ച ‘പ്രസാദം’പോലുള്ള ഭക്ഷണ പദാര്‍ത്ഥത്തിലും അത് സ്വീകരിക്കപ്പെടാതെ പോയതിലുമാണ്. അവിടെ വര്‍ഗ്ഗീയചേരിതിരിവുകളുടെ പ്രകടമായ സാന്നിദ്ധ്യം ആരോപിക്കപ്പെട്ടിരിക്കുന്നു. ഒരുപക്ഷെ തലേദിവസത്തെ പായസമായതിനാലാവാം ആരും കഴിക്കാതിരുന്നെങ്കില്‍ തന്നെ അങ്ങനെ സംഭവിക്കാന്‍ കാരണം. ഭാര്യയുടെ സുഹൃത്തായ ഒരു അദ്ധ്യാപിക ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ പോലും, ഈ വിഷയം ഇന്ന് രാവിലെ വരെയും ഹൈന്ദവസ്ത്രീയായ പ്രധാനാദ്ധ്യാപിക പോലും അറിയാതെ പോയത് എന്തുകൊണ്ട്? മാതാപിതാക്കൾ ഗൗരവമായി തന്നോട് സംസാരിച്ച വിഷയം സ്വാഭാവികമായും ഒരു അദ്ധ്യാപിക പ്രിന്‍സിപ്പലിനോട് പങ്കുവയ്ക്കേണ്ടതാണ്. ഇനി ഒരു ക്ലാസ് മുറിക്കുള്ളില്‍ മാത്രം സംഭവിച്ച ഒറ്റപ്പെട്ട ഒരു സംഭവമാണെങ്കില്‍, സ്കൂളില്‍ അതേക്കുറിച്ച് പരാതി അറിയിക്കുകയായിരുന്നില്ലേ ആദ്യം വേണ്ടത്?

4. ളോഹ ധരിച്ചു നടക്കുന്നവരെ അടച്ച് ആക്ഷേപിച്ചുകൊണ്ട് തന്റെ വിലയിരുത്തലുകള്‍ അവതരിപ്പിക്കുന്ന ഉദാരമനസ്കനും, എഴുത്തുകാരനും, ചിന്തകനും, സര്‍വ്വോപരി, മതേതര സന്ദേശങ്ങള്‍ ഹോമിയോഗുളിക പോലെ വിതരണം ചെയ്യുന്നവനുമായ പിതാവിന് ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും വിളിച്ച് കാര്യം തിരക്കാനോ, പരാതിയുണ്ടെങ്കില്‍ അവതരിപ്പിക്കാനോ സാധ്യതയും ഉത്തരവാദിത്തവും ഉണ്ടായിരുന്നു. എന്നാല്‍, രണ്ടാമതൊരുവട്ടം കൂടി വായിച്ചാല്‍ പരസ്പരവിരുദ്ധമായി പലതും അനുഭവപ്പെടുന്ന ഈ വിലകുറഞ്ഞ അനുഭവക്കുറിപ്പില്‍ ഏകപക്ഷീയമായി തന്റെ മുന്‍ധാരണകള്‍ അവതരിപ്പിക്കാനാണ് അയാള്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍നിന്നു തന്നെ ഇത്തരമൊരു കുറിപ്പിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യങ്ങള്‍ ഉള്ളതായി സ്വാഭാവികമായും സംശയിക്കാം.

ഇനി, പ്രസ്തുത സ്കൂളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക:

ഇത്തരമൊരു ആരോപണമോ, സംഭവമോ ഇതുവരെയും സ്കൂളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു പോലുമില്ല. അത്തരമൊരു സംഭവം നടന്നിട്ടുണ്ടാകാനുള്ള സാധ്യത തന്നെ വളരെ വിരളമാണ്. ഇത്തരമൊരു ഓണ്‍ലൈന്‍ മാധ്യമവിചാരണയെ തുടര്‍ന്ന് വിളിച്ചന്വേഷിച്ച അദ്ധ്യാപകരൊന്നും ഇത്തരമൊരു സംഭവം അറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണങ്ങളിൽ നിന്ന് ഒരു കുട്ടി തന്റെ ക്ലാസിൽ ഒരു ചോറ്റുപാത്രത്തിൽ പായസം കൊണ്ടുവന്ന സംഭവം ഒരാഴ്ചയ്ക്കിടെ ഉണ്ടായതായി അറിയാൻ കഴിഞ്ഞു. ചെറിയ ക്ലാസ് ആയതിനാൽ ക്ലാസ് സമയത്ത് അത് കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ഒരു അദ്ധ്യാപകൻ അപ്പോൾ അത് തടയുകയും, ഇന്റർവെല്ലിന് വിതരണം ചെയ്തു കൊള്ളുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാൽ, ആ കുട്ടിയാണോ ഈ കുട്ടി എന്ന കാര്യത്തിൽ വ്യക്തതയില്ല. ഭൂരിപക്ഷം ക്രിസ്ത്യന്‍ അദ്ധ്യാപകര്‍, ക്രിസ്ത്യന്‍ വര്‍ഗ്ഗീയത എന്നൊക്കെ ആരോപിച്ചവര്‍ക്ക്, ഇവിടുത്തെ അദ്ധ്യാപകരില്‍ എഴുപത് ശതമാനമെങ്കിലും ഹൈന്ദവര്‍ തന്നെയല്ലേ എന്ന് അന്വേഷിക്കാവുന്നതാണ്. ഇത്തരമൊരു സംഭവം നടന്നതിനെക്കുറിച്ച് ആര്‍ക്കും അന്വേഷിച്ചറിയാവുന്നതുമാണ്.

കാളപെറ്റപ്പോള്‍ കയറെടുത്തു എന്ന രീതിയില്‍ ഇത്തരം ഓണ്‍ലൈന്‍ മാധ്യമ അവിവേകങ്ങളെ എഴുതിത്തള്ളുന്നവരോട് കൂടി ഒരു വാക്ക്. ഇവിടെ കടുത്ത വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാകുന്നു എന്നൊന്നും വിലയിരുത്തുവാന്‍ ഞങ്ങള്‍ ആളുകളല്ല. പക്ഷെ ഒന്ന് മനസ്സിലാക്കണം, ചില ദുരൂഹമായ കച്ചവടലക്ഷ്യങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന പ്രവണത ഇവിടെ വ്യാപകമാകുന്നുണ്ട്‌. പല സ്ഥാപനങ്ങളും പൂട്ടിക്കാനുള്ള ഗൂഡശ്രമങ്ങള്‍ നടക്കുന്നു. അതിന് ഇത്തരം ചില അവസരങ്ങള്‍ മുതലെടുക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ അനേകര്‍ നമുക്കിടയിലുണ്ട്. വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധപിടിച്ചുപറ്റാനുള്ള മഞ്ഞപ്പത്രങ്ങളുടെ വ്യഗ്രതകളിലൂടെ അവര്‍ അറിഞ്ഞോ അറിയാതെയോ ചിലരുടെ കച്ചവട അജണ്ടകള്‍ക്ക് ചട്ടുകമായി മാറുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ എക്കാലവും എല്ലാ സമൂഹങ്ങളിലും ആവശ്യമാണ്‌. എന്നാല്‍, ഇത്തരം ആരോപണങ്ങളിലൂടെയും, വ്യാജവാര്‍ത്തകളിലൂടെയും സംഭവിക്കുന്നത്‌ അത്തരത്തിലുള്ള ഒന്നാണോ എന്ന്, ഇത്തരം റിപ്പോര്‍ട്ട് കള്‍ക്ക് കീഴില്‍ അമര്‍ഷം പ്രകടിപ്പിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്ന, ക്രൈസ്തവരും അക്രൈസ്തവരുമായവര്‍ ഒരു നിമിഷം ചിന്തിക്കുക. നൂറ്റാണ്ടുകള്‍ക്കൊണ്ട് കെട്ടിപ്പടുത്ത ഒരു വലിയ സമൂഹത്തിന്റെ എണ്ണമറ്റ സേവനമേഖലകളെ നിര്‍ദ്ദാക്ഷിണ്യം കുറ്റം വിധിക്കാന്‍ ഒരുങ്ങുന്നവര്‍ ഇത്തരം മഞ്ഞപ്പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അസത്യത്തിന്റെ വേലിക്കെട്ടുകള്‍ക്ക് പുറത്തു കടന്ന് സത്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ അപേക്ഷ.

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on July 30, 2017 9:15 am