X

എനിക്ക് പറ്റിയ തെറ്റിന്റെ ദുരിതമാണ് എന്റെ മകന്‍ അനുഭവിക്കുന്നത്; ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ അമ്മ

എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ എന്നെ പേടിയാണ്

തനിക്ക് പറ്റിപ്പോയ തെറ്റിന്റെ ദുരിതമാണ് മകന്‍ അനുഭവിക്കേണ്ടി വന്നതെന്നു കുറ്റസമ്മതം നടത്തുകയാണ് ആ അമ്മ. തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ അമ്മ ഏറ്റു പറയുന്ന കാര്യങ്ങള്‍ മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് താന്‍ തടയാന്‍ ചെന്നതാണെന്നും അപ്പോള്‍ അരുണ്‍ തന്റെ മുഖത്ത് അടിച്ചുവെന്നും ഇവര്‍ പറയുന്നു. ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു അരുണ്‍ അപ്പോള്‍, പേടിച്ച് മാറിനില്‍ക്കാനെ തനിക്ക് കഴിഞ്ഞുള്ളു; യുവതിയുടെ വാക്കുകള്‍. ബിടെക് ബിരുദധാരിയാണ് ഈ യുവതിയെന്നും സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസായ ആള്‍ കൂടിയാണ് ഇവരെന്നും മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കട്ടിലില്‍ നിന്നു വീണാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നായിരുന്നു യുവതിയും ആദ്യം ആശുപത്രിയില്‍ പറഞ്ഞിരുന്നത്. ഡോക്ടര്‍ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അരുണ്‍ അടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നും പേടികൊണ്ടാണ് കള്ളം പറയേണ്ടി വന്നതെന്നുമാണ് യുവതി പറയുന്നത്. താന്‍ ഒരിക്കലും അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെയും കുട്ടികളുടെയും സുരക്ഷിതത്വം ഓര്‍ത്താണ് അരുണ്‍ ചെയ്ത ഉപദ്രവങ്ങളെ കുറിച്ച് പറയാതിരുന്നതെന്നും യുവതി സമ്മതിക്കുന്നു. ആ സമയത്ത് താന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ മാത്രമാണ് നോക്കിയതെന്നും കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമായിരുന്നു മനസിലെന്നും അവര്‍ പറയുന്നുണ്ട്.

കുട്ടികളെയും തന്നെയും തമ്മില്‍ അകറ്റാനായിരുന്നു അരുണ്‍ ശ്രമിച്ചിരുന്നതെന്നും കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ പേടിയാണെന്നും ഈ അമ്മ ഏറ്റു പറയുന്നുണ്ട്. ആശുപത്രിയില്‍ വച്ച് ഇളയകുട്ടി തന്റെ അരികിലേക്ക് പോലും വന്നില്ലെന്നും അവര്‍ പറയുന്നു.

തന്റെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സഹായവസ്ഥയില്‍ ഇരിക്കുമ്പോഴാണ് അരുണ്‍ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും ഒരു സംരക്ഷകനായിട്ടായിരുന്നു ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണ്‍ വന്നതെന്നും യുവതി പറയുന്നു. താന്‍ മക്കളെ ഏറെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്ന അമ്മയാണെന്നും അരുണ്‍ വന്നശേഷമാണ് കാര്യങ്ങള്‍ മാറിയതെന്നും യുവതി പറയുന്നു. കുട്ടികളെ അധികം ലാളിക്കുന്നത് അരുണിന് ഇഷ്ടമായിരുന്നില്ലെന്നും ആണ്‍കുട്ടികളാണ് അവരെ ലാളിച്ചു വളര്‍ത്തിയാല്‍ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു.

This post was last modified on March 30, 2019 10:06 am