എസ്എഫ്ഐ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് യുണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. അക്രമം നടത്തിയവർക്കെതിരെ കർശനമായ പൊലീസ് നടപടി വേണമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻദേവും പ്രസിഡണ്ട് വിഎ വിനീഷും ചേർന്ന് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടുന്നതിനോ വിദ്യാർത്ഥികളുടെ പൊതുസ്വീകാര്യത ഉറപ്പു വരുത്തി പ്രവർത്തിക്കുന്നതിനോ കോളജ് യൂണിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന് സംസ്ഥാന കമ്മറ്റിക്ക് ബോധ്യപ്പെട്ടതായി പ്രസ്താവന പറയുന്നു.
ആറുപേരെ അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി എ.എന്‍. നസീം എന്നിവരടക്കം ആറുപേരെയാണ് പുറത്താക്കിയിട്ടുള്ളതെന്ന് മറ്റുചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളിൽ എസ്എഫ്ഐക്കകത്തു നിന്നു തന്നെ ശക്തമായ എതിര്‍പ്പാണ് ഉയർന്നു വന്നിട്ടുള്ളത്. മുൻകാലങ്ങളിൽ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റിൽ പ്രവർത്തിച്ചിട്ടുള്ളവരും സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയിട്ടുണ്ട്.
നെഞ്ചിൽ 2 കുത്തുകളേറ്റ അഖിലിന് ആന്തരിക രക്തസ്രാവത്തെത്തുടർന്ന് കഴിഞ്ഞദിവസം അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
This post was last modified on July 13, 2019 10:07 pm
Leave a Comment