X

ജോലിക്ക് കോഴ 17 ലക്ഷം; ഭരണസമിതി മാറിയപ്പോള്‍ ജോലിയുമില്ല, കാശുമില്ല; തട്ടിപ്പ് ഗുരുദേവന്റെ പേരിലുള്ള സ്കൂളില്‍

നല്‍കിയ പണമെങ്കിലും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് 62 ദിവസമായി സ്കൂളിനു മുന്നില്‍ സമരത്തിലാണ് ബിന്ദു

തൃശ്ശൂർ ജില്ലയിലെ അന്നമനട പാലിശ്ശേരി എസ്എന്‍ഡിപി സ്കൂളിൽ ലാബ് അസിസ്റ്റന്റ് ആയി പതിമ്മൂന്ന് മാസത്തോളം ജോലി ചെയ്തിരുന്ന ബിന്ദു പിഎച്ച് 62 ദിവസമായി സമരത്തിലാണ്. ജോലി ചെയ്തിരുന്ന സ്കൂളില്‍ നിന്നും തന്നെ വ്യക്തമായ കാരണം കൂടാതെ പിരിച്ചു വിട്ടുവെന്നും ജോലി കിട്ടാൻ കൊടുക്കേണ്ടി വന്ന 17.35 ലക്ഷം രൂപ മാനേജ്മെന്റ് തട്ടിയെടുത്തെന്നും ആരോപിച്ചാണ് സ്കൂളിനു മുന്നില്‍ തന്നെ ബിന്ദു സമരം ചെയ്യുന്നത്.

ബിന്ദുവിന്റെ ജീവിതം

2014-ലാണ് ബിന്ദുവിന്റെ ഭർത്താവ് ക്യാൻസർ രോഗബാധിതനായി മരിക്കുന്നത്. രണ്ട് പെൺകുട്ടികളുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ വിഷമിക്കുന്ന സമയത്താണ് പാലിശ്ശേരി ശ്രീനാരായണ ഗുരുദേവ സഭയുടെ കീഴിലുള്ള പാലിശ്ശേരി SNDPHSS-ൽ ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ടെന്ന് ബിന്ദു അറിയുന്നത്. പ്രസ്തുത പോസ്റ്റിൽ ജോലിചെയ്തിരുന്ന കെ.വി അരുന്ധതി എന്ന വ്യക്തി അതേ സ്കൂളില്‍ തന്നെ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ ഒഴിവായിരുന്നു അത്. 2016-ൽ അന്നത്തെ പാലിശ്ശേരി ശ്രീനാരായണ ഗുരുദേവ സമിതി ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഇട്ട വില 17.35 ലക്ഷം രൂപയാണ് എന്ന് ബിന്ദു പറയുന്നു.

താമസിക്കുന്ന വീടിന്റെ ആധാരം അന്നമനട സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയും കയ്യിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ വിറ്റും ഉണ്ടാക്കിയ 17.35 ലക്ഷം രൂപ ശ്രീ നാരായണ ഗുരു ദേവ സഭയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന് ബിന്ദു പറയുന്നു. തുടർന്ന് 2016 സെപ്റ്റംബർ 26-ന് അന്ന് നിലവിലുണ്ടായിരുന്ന ഭരണ സമിതിയിലെ പ്രസിഡന്റും സ്കൂൾ മാനേജരുമായിരുന്ന പി കെ ഗോപി, ബിന്ദുവിന് നിയമന ഉത്തരവ് നൽകുകയും അന്നു മുതൽ ബിന്ദു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ഇതേ സ്കൂളിലെ ക്ലാർക്ക് പോസ്റ്റിനെ സംബന്ധിച്ച് കെ വി അരുന്ധതി v/s ടി ബി അശോകൻ എന്നിവർ തമ്മിൽ ഒരു കേസ് നിലവിൽ ഉണ്ടായിരുന്നത് മൂലം ബിന്ദുവിന്റെ നിയമനത്തിനു ഡിഇഒ ഓഫീസിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് കേസിൽ കെ വി അരുന്ധതി ജയിക്കുകയും മുൻപ് തനിക്ക് ലാബ് അസിസ്റ്റന്റ് പോസ്റ്റ് വേണ്ട എന്ന് മാനേജ്മെന്റിന് എഴുതി നൽകിയ ടി.ബി അശോകൻ ആ ജോലിക്ക് വേണ്ടി രംഗത്ത് വരുകയും ചെയ്തു.

2017 ജൂൺ 12-ന് പാലിശ്ശേരി ശ്രീ നാരായണ ഗുരുദേവ സഭയുടെ പ്രസിഡന്റും സ്കൂൾ മാനേജരുമായ പി.കെ ഗോപി മരിച്ചു. തുടർന്നുണ്ടായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ഒടുവിൽ നിലവിൽ വന്ന പുതിയ ഭരണസമിതി പ്രസിഡന്റ് പി.എൻ ശങ്കരൻ 2017 ഒക്ടോബര്‍ 10-ന് പതിവുപോലെ ജോലിക്ക് കയറുന്നതിനു മുൻപ് സ്കൂൾ രജിസ്റ്ററിൽ ഒപ്പിടാൻ ചെന്ന തന്നെ തടഞ്ഞെന്നും തുടർന്ന് അവിടെ ജോലിയില്ല എന്ന് വാക്കാൽ പറയുകയുമയിരുന്നുവെന്ന് ബിന്ദു പറയുന്നു. തനിക്കു ജോലി നിഷേധിക്കുന്നെങ്കിൽ അതിനുള്ള കാരണമോ മെമ്മോയോ മാനേജ്മെന്റ് തരണം എന്നാവശ്യപ്പെട്ട് തുടർന്നുള്ള ദിവസങ്ങളിൽ ബിന്ദു സ്കൂൾ മാനേജരെ സമീപിച്ചെങ്കിലും വളരെ മോശമായ പ്രതികരണമാണ് ഉണ്ടായത്. ജോലി കിട്ടില്ല എന്നുറപ്പായപ്പോൾ ജോലി നൽകാം എന്ന് പറഞ്ഞ് ശ്രീ നാരായണ ഗുരുദേവ സഭ വാങ്ങിയ 17.35 ലക്ഷം രൂപ തിരികെ തരണം എന്നാവശ്യപ്പെട്ട ബിന്ദുവിന് “ഒരു രൂപ പോലും ഞങ്ങൾ തരില്ല, നീ വേണമെങ്കിൽ പോയി കേസു കൊടുത്ത് വാങ്ങെടീ” എന്ന മറുപടിയാണ് സ്കൂൾ മാനേജരിൽ നിന്നും ലഭിച്ചതെന്ന് ബിന്ദു പറയുന്നു.

ബിന്ദു പറയുന്നു

കഴിഞ്ഞ ഭരണ സമിതിയിൽ എന്റെ ചേട്ടൻ ശ്രീജിത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഇവർക്കുള്ള വൈരാഗ്യം തീർക്കാനാണ് എന്നോട് ഇത്ര ക്രൂരമായി പെരുമാറുന്നത്. എന്റെ പൈസ എങ്കിലും തിരികെ തരാൻ അപേക്ഷിച്ചു. എന്നാൽ എന്നോട് ഇതുവരെ മാന്യമായി ഒന്ന് സംസാരിക്കാൻ പോലും മാനേജരോ സെക്രട്ടറി പി എസ് ഷൈനോ തയ്യാറായിട്ടില്ല. ഞങ്ങളുടെ എംഎല്‍എ വി.ആർ സുനിൽ കുമാർ സർ ഇടപെട്ടു നടത്തിയ മധ്യസ്ഥ ശ്രമവും പരാജയപ്പെട്ടു. ഞാൻ കൊടുത്തിരിക്കുന്ന 17,35000 രൂപയ്ക്ക് ഇപ്പോൾ നാല് ലക്ഷത്തിലധികം രൂപ പലിശ ഇനത്തിൽ തന്നെ ആയിട്ടുണ്ട്. കൈവശം ആകെ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ വിറ്റു. വായ്പ തിരിച്ചടയ്ക്കാൻ ഒരു നിവൃത്തിയും ഇല്ലാതെയാണ് വിധവയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ ഞാൻ ഈ സമരത്തിനിറങ്ങിയത്. ബാങ്ക് ജപ്തി നടപടികളിലേക്ക് പോയാൽ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിലില്ല. യാതൊരു ആശ്രയവും ഇല്ലാതെ ജീവിക്കുന്ന എന്നോട് ഇങ്ങനെയൊക്കെ പെരുമാറാൻ ഗുരുദേവന്റെ നാമത്തിലുള്ള ഒരു സഭയ്ക്കും അതിന്റെ ഭാരവാഹികൾക്കും എങ്ങനെ കഴിയുന്നു?

ഈ പ്രശ്നം ഉണ്ടായി ആദ്യ സമയത്ത് കേസിനു പോവാതെ മറ്റു പലരും വഴി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയത് കേസ് തീർപ്പാവാൻ എടുക്കുന്ന കാലതാമസം ഭയന്നാണ്. സഹകരണ ബാങ്കിലെ കടത്തിന് 13 ശതമാനമാണ് പലിശ. പലിശയിനത്തിൽ തന്നെ ഒരു വർഷം ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും. കേസു നീണ്ടുപോവുന്ന അത്രയും കാലം പലിശ അടയ്ക്കാനുള്ള നിവൃത്തിയോ വക്കീൽ ഫീസ് കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയോ എനിക്കില്ല. സ്കൂളിലെ ജോലി നഷ്ടപ്പെട്ടതിനു ശേഷം അന്നമനടയിലെ ഒരു കടയിൽ മാസം 5000 രൂപ ശമ്പളത്തിനാണ് ഞാൻ ജോലി ചെയ്തു പോന്നിരുന്നത്, 2018 ജൂലൈ 24-ന്  വേറെ ഗതിയില്ലാതെ ഈ സ്കൂളിന്റെ മുന്നിൽ ഇങ്ങനെ വന്ന് സത്യഗ്രഹം ഇരിക്കാൻ തുടങ്ങുകയായിരുന്നു. അന്നുതൊട്ട് കടയിലെ ജോലിക്ക് പോലും പോവാൻ പറ്റിയിട്ടില്ല. അതിനിടയിൽ പ്രളയം വന്ന് വീടും വീട്ടു സാധനങ്ങളും ഒക്കെ നശിച്ചു. എന്റെ അമ്മ മരിച്ചു പോയതാണ്, അച്ഛന്റെ തുച്ഛമായ പെൻഷൻ മാത്രമാണ് ഞങ്ങൾക്കുള്ള ഏക വരുമാന മാർഗ്ഗം. ഹൃദ്രോഗിയായ അച്ഛന് മരുന്നിനു തന്നെ ഒരു മാസം മൂവായിരം രൂപയോളം വേണം. ഇങ്ങനെ എത്ര നാള് മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല”, ബിന്ദു കണ്ണീരോടെ പറയുന്നു.

നിയമ നടപടി സ്വീകരിച്ചോട്ടെ

ബിന്ദുവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് അഴിമുഖത്തോട് പ്രതികരിച്ചത് പാലിശ്ശേരി ശ്രീനാരായണ ഗുരുദേവ സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി പി എസ് ഷൈൻ ആണ്. ബിന്ദുവിനെ ചതിച്ചത് ശ്രീ നാരായണ ഗുരുദേവ സഭയല്ലെന്നും ബിന്ദുവിന്റെ സഹോദരൻ കൂടെയുൾപ്പെട്ട മുൻ ഭരണ സമിതിയാണെന്ന വാദമാണ് നിലവിലെ ഭരണസമിതിക്ക്. “ഇല്ലാത്ത വേക്കൻസി ഉണ്ടെന്ന് ബിന്ദുവിനെ മുൻ ഭരണസമിതി തെറ്റിദ്ധരിപ്പിച്ചു. അവരെക്കൊണ്ട് 17. 35 ലക്ഷം രൂപ സഭയുടെ അക്കൌണ്ടില്‍ നിക്ഷേപിപ്പിക്കുകയും ചെയ്തു. ബിന്ദുവിന്റേതുൾപ്പെടെ വൻ സാമ്പത്തിക ക്രമക്കേടാണ് മുൻ ഭരണസമിതി നടത്തിയത്. ജോലിയിലെ അനിശ്ചിതത്വം മനസ്സിലായപ്പോൾ അവർ തന്നെ 2017 ഫെബ്രുവരി 14-ന് ബിന്ദുവിന് 11 ലക്ഷം രൂപ തിരിച്ചു കൊടുത്തു. സ്കൂളിലെ തന്നെ ഒരു അധ്യാപക നിയമനത്തിൽ ഉണ്ടായ ക്രമക്കേടുകളും കേസും മൂലം അന്നത്തെ സെക്രട്ടറിയും പ്രസിഡന്റും കോടതിയിൽ നിന്ന് ജാമ്യം എടുത്തു നിൽക്കുകയായിരുന്നു. 2017 ജൂൺ 12-ന് അന്നത്തെ ഭരണസമിതി പ്രസിഡന്റ് പി കെ ഗോപി മരിച്ചു.  അതെ മാസം ഇരുപത്തി രണ്ടാം തീയതി ചാലക്കുടി മുൻസിഫ് കോടതി സഭയിൽ ഇലക്ഷൻ പ്രഖ്യാപിച്ചു. ജൂലൈ മൂന്നാം തീയതി ബിന്ദുവിന്റെ സഹോദരനും സഭയിലെ ട്രഷററുമായിരുന്ന ശ്രീജിത്ത്, സെക്രട്ടറി ഷാബു, മറ്റു രണ്ട് ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് പുരുഷോത്തമൻ എന്നൊരാളെ സഭയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. അത്തരം ഒരു തിരഞ്ഞെടുപ്പ് തന്നെ സഭയുടെ ബൈലോ പ്രകാരം അസാധുവാണ്. തുടർന്ന് ചാലക്കുടി മുൻസിഫ് കോടതിയുടെ മേൽനോട്ടത്തിൽ നടന്ന ഇലക്ഷനിലൂടെ അധികാരത്തിൽ വന്ന ഭരണസമിതിയാണ് ഞങ്ങളുടേത്. കഴിഞ്ഞ ഭരണസമിതിയുടേതായി ഞങ്ങളെ ഏൽപ്പിച്ച കണക്കുകളിലെല്ലാം വൻ തിരിമറി നടന്നിട്ടുണ്ട്. അതിൽ ഉൾപ്പെട്ടതാണ് പി എച്ച് ബിന്ധുവിന്റെ കേസും. അതു കൊണ്ട് തന്നെ ബിന്ദുവിന്റെ പണം തിരികെ കൊടുക്കേണ്ട ബാധ്യത ശ്രീനാരായണ ഗുരുദേവ സഭയ്ക്കോ അതിന്റെ ഇപ്പോഴത്തെ ഭരണ സമിതിക്കൊ ഇല്ല. അവർ തെളിവായി കാണിക്കുന്ന കണക്കുകളും രസീതും വൗച്ചറും എല്ലാം വ്യാജമായി നിർമ്മിക്കപ്പെട്ടതാണ്. ബിന്ദു ചതിക്കപ്പെട്ടതാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷെ അതിന്റെ പേരിൽ സ്കൂളിനെയും സഭയെയും പൊതുസമൂഹത്തിൽ നാണം കെടുത്തുന്ന ഇത്തരം സമരവും മറ്റും അവർ ചെയ്യുന്നത് എന്തിനാണ്? ഇത്രയും കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിൽ വന്നിരുന്ന് എത്ര ബുദ്ധിമുട്ടാണ് അവർ ഉണ്ടാക്കുന്നത്? അതുകൊണ്ട് ഈ മാതിരി സമരപരിപാടികൾക്ക് നിൽക്കാതെ അവർ മുൻ ഭരണസമിതിക്ക് എതിരെ നിയമ നടപടികൾക്ക് ശ്രമിക്കട്ടെ. അപ്പോൾ സത്യം പുറത്തു വരും”.

എന്നാൽ താൻ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഇത് വരെ ഉണ്ടാക്കിയിട്ടില്ല എന്ന് ബിന്ദു പറയുന്നു. “വേറെ ഒരു നിവൃത്തിയും ഇല്ലാതായപ്പോഴാണ് ഞാൻ അവിടെ സ്കൂളിന് മുന്നിൽ ചെന്ന് ഇരിക്കാൻ തുടങ്ങിയത്. ഒരു ഒച്ചയോ ബഹളമോ ഒന്നും ഞാനോ അവിടെ വരുന്നവരോ ഉണ്ടാക്കുന്നില്ല. തുണി കൊണ്ടുള്ള ബാനറിൽ സമര വിവരങ്ങൾ എഴുതി വച്ചിട്ടുണ്ട്. എന്റെ മൂത്ത മകൾ ഇതേ സ്കൂളിൽ പ്ലസ് ടുവിലാണ് പഠിക്കുന്നത്. എത്രത്തോളം മാനസിക വിഷമം എന്റെ മകൾ അനുഭവിക്കുന്നുണ്ടെന്നോ. ഒരു വർഷത്തിലധികം ഞാൻ ജോലി ചെയ്ത സ്കൂൾ ആണിത്. ഇവിടുത്തെ കുട്ടികളോട് എനിക്കും അവർക്ക് തിരിച്ചു എന്നോടും സ്നേഹം തന്നെയാണ്. കുട്ടികൾ എന്നോട് വന്ന് സംസാരിക്കാറുണ്ട്, അതേപോലെ തന്നെ അധ്യാപകരും. എന്നാൽ എന്നോട് സംസാരിക്കാൻ വരുന്ന അധ്യാപകരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയാണ്. പരിചയത്തിന്റെ പേരിൽ വിവരങ്ങൾ അന്വേഷിക്കുന്ന സഭയിലെ അംഗങ്ങളെയും അവർ സഭയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രവരി 14-ന് വൗച്ചർ നമ്പർ 45 പ്രകാരം എനിക്ക് തിരിച്ചു തന്ന 11 ലക്ഷം രൂപ എന്റെ കയ്യിൽ നിന്ന് ആ വര്‍ഷം ജൂലൈ 3-ന് തിരികെ വാങ്ങി. ആ പണം അന്നത്തെ ഭരണസമിതി തിരിച്ചു കൊടുത്തത് ധന്യ ഷിബു എന്ന മുൻ സ്കൂൾ ജീവനക്കാരിക്ക് ആയിരുന്നു. കഴിഞ്ഞ ആഴ്ച മാളയിൽ വച്ച് സഭ നടത്തിയ പൊതുസമ്മേളനത്തിൽ അവര് അത് സമ്മതിക്കുകയും ചെയ്തു. ഭരണസമിതിയിലെ അംഗങ്ങൾ തമ്മിലുള്ള വാശിക്കും വൈരാഗ്യത്തിനുമാണ് ഇവർ എന്റെ ജീവിതം തകർക്കുന്നത്. എന്റെ മക്കളെ വളർത്താൻ സ്ഥിരവരുമാനം ഉള്ള ഒരു ജോലി കിട്ടുമെന്ന് കരുതി അതിനു വേണ്ടി കിടപ്പാടം വരെ പണയപ്പെടുത്തി. ഇനി എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ഈ സ്കൂളിന്റെ മുന്നിൽ കിടന്ന് ഞാൻ മരിക്കുകയേയുള്ളു”.

കോഴ മാനേജ്മെന്റിന്, ശമ്പളം സര്‍ക്കാര്‍ വക

ബിന്ദുവിന് നീതി തേടിയുള്ള സമരത്തിൽ ഒപ്പം നിൽക്കുന്ന സമര സമിതി പ്രവർത്തകനായ പ്രേംകുമർ അഴിമുഖത്തോട് പറഞ്ഞത്, അടിമുടി അഴിമതി നിറഞ്ഞ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ കുറിച്ചാണ്. അവിടെ നടക്കുന്ന സാമ്പത്തിക ഉപചാപങ്ങളുടെയും അഴിമതിയുടെയും ഒരു ഇരയാണ് ഇപ്പോൾ സമര രംഗത്തുള്ള ബിന്ദു എന്നദ്ദേഹം ചൂണ്ടികാണിക്കുന്നു. “പാലിശേരി ശ്രീ നാരായണ ഗുരുദേവ സഭയുടെ ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമാണ്. ഓരോ ഭരണസമിതികളും കാലാവധി കഴിഞ്ഞ് പുറത്തു പോകുന്നത് വൻ അഴിമതി ആരോപണങ്ങളുമായാണ്. എന്നാൽ നാളിതുവരെ ഒരാൾക്കു പോലുമെതിരെ നിയമനടപടികൾ ഉണ്ടായിട്ടില്ല. അത് തന്നെയാണ് ശ്രീ നാരായണ ഗുരുവിന്റെ പേരിലുള്ള ഒരു സഭയെ ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ നടത്താൻ ഇവർക്ക് ധൈര്യം കൊടുക്കുന്നത്. കോഴ കൊടുത്ത് ജോലിക്ക് കയറുന്നവർ മാറി മാറി വരുന്ന ഓരോ ഭരണ സമിതിയ്ക്കും പണം കൊടുത്തു കൊണ്ടേയിരിക്കണം എന്ന മട്ടിലാണ് ഇവിടെ കാര്യങ്ങൾ. ഓരോ ഭരണസമിതി വരുമ്പോഴും വൻ തുക കോഴ വാങ്ങി അവർക്ക് താത്പര്യമുള്ള ആളുകളെ നിയമിക്കുന്നു. സർക്കാർ ശമ്പളത്തിന് മെറിറ്റ് എന്ന മാനദണ്ഡം എത്ര പരസ്യമായാണ് അട്ടിമറിക്കപ്പെടുന്നത്? വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണു വച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു. പാലിശ്ശേരി സ്കൂളിൽ തന്നെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സുനിജ ജയരാജ് എന്നൊരു ടീച്ചർ തനിക്ക് ജോലി വേണ്ടെന്നും പോലീസ് സ്റ്റേഷനിലെ ഒത്തു തീർപ്പിൽ മാനേജ്മെന്റ് കൊടുക്കാം എന്ന് സമ്മതിച്ച കോഴപ്പണമായ പതിനഞ്ചു ലക്ഷവും അതിന്റെ പലിശയും വേണ്ട എന്ന് പറഞ്ഞ് കേസിനു പോയിരുന്നു. ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ചാണ് അതിൽ കോഴപ്പണം മാത്രം തിരിച്ചു കൊടുക്കാൻ ഉത്തരവായത്. ആ കേസിൽ സ്കൂൾ മാനേജ്മെന്റിന് എതിരെ അറസ്റ്റ് വാറന്റ് ഉൾപ്പെടെ ഉണ്ടായിരുന്നു. അങ്ങനെ പതിനഞ്ചു ലക്ഷം കേസിനു പോയി തിരിച്ചു വാങ്ങിയ സുനിജഭരണ സമിതി മാറിയപ്പോൾ വീണ്ടും അതേ തുക കോഴ കൊടുത്ത് പാലിശ്ശേരി സ്കൂളിലേക്ക് തന്നെ വന്നു. ഇത്തരത്തിൽ ഭരണസമിതിയിലെ അംഗങ്ങളുടെ ഏജന്റ് ആയി പ്രവർത്തിച്ച് നിയമന സംവിധാങ്ങൾ അട്ടിമറിക്കുന്നവരും ഇതിലുണ്ട്. ബിന്ദുവിന്റെ പ്രശ്നവും കഴിഞ്ഞ ഭരണസമിതിയുടെ അഴിമതിയും രണ്ട് വിഷയങ്ങളാണ്. അവരുടെ സഹോദരൻ അഴിമതി കാണിച്ചു എന്ന് ആരോപണം ഉണ്ടെങ്കിൽ അത് അവർ അന്വേഷിക്കട്ടെ. അതിന്റെ പേരിൽ നിരാലംബയായ ഒരു വിധവയ്ക്ക് നീതി നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് ഉള്ളത്?“, അദ്ദേഹം ചോദിക്കുന്നു.

ഒപ്പം, സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി നടക്കുന്നതായും അദ്ദേഹം പറയുന്നു: “പാലിശ്ശേരി എസ്എന്‍ഡിപി സ്കൂളിൽ ഡിവിഷൻ ഫാൾ മൂലം മൂന്ന് അധ്യാപകരെ പ്രൊട്ടക്ഷൻ കൊടുത്ത് മാറ്റി. അതിനു ശേഷം അറുപതു ലക്ഷത്തിന് രണ്ട് അധ്യാപക തസ്തികകൾ വിറ്റു. പിന്നെ 40 ലക്ഷത്തിന് ഒരു UPSA തസ്തിക ലേലത്തിൽ വച്ച് ഒക്ടോബർ 29-ന് ഇന്റർവ്യൂവും നിശ്ചയിച്ചു. ഞങ്ങൾ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ആ നിയമനം തടഞ്ഞിരിക്കുകയാണ് ഇപ്പോൾ. ‘നവകേരളം’ സൃഷ്ടിക്കുമ്പോൾ എയ്ഡഡ് സ്കൂൾ, കോളേജ് നിയമനങ്ങൾ പിഎസ്സിക്ക് വിടുക. കോടികളുടെ കോഴപ്പണം മാനേജ്മെന്റിനും ശമ്പളം /പെൻഷൻ ബാധ്യതകൾ സർക്കാരിനും. ഇങ്ങനെ എത്ര നാൾ കേരളത്തിനു മുന്നോട്ട് പോവാൻ കഴിയും? ലക്ഷങ്ങൾ കോഴ കൊടുത്ത് അധ്യാപക ജോലി വാങ്ങിക്കും, ജനങ്ങളുടെ നികുതിപ്പണം സർക്കാർ ശമ്പളമായി വാങ്ങിക്കും, ഒരു മാസത്തെ വേതനം പോലും സർക്കാരിന് കൊടുക്കില്ല. കോഴ കൊടുത്ത് ജോലിക്ക് കയറി പഠിപ്പിക്കൽ ഗുണം കൊണ്ട് ഡിവിഷൻ കുറഞ്ഞ് ജോലി പോകുമ്പോ, പിഎസ്സി എഴുതി ജോലി കാത്തിരിക്കുന്നവരെ മണ്ടൻമാരാക്കി ഇവർ പ്രൊട്ടെക്ഷനിൽ ജോലി നേടി പോകും. എല്ലാ എയ്ഡഡ് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്നത് ഇതു തന്നെയാണ്. ഇവിടെ ബിന്ദുവിന്റെ കാര്യത്തിൽ നടന്ന അന്യായത്തിൽ പോലും ഫലപ്രദമായി ഇടപെട്ടിട്ടുള്ള ഒരേ ഒരു രാഷ്ട്രീയ പാർട്ടി സിപിഐ മാത്രമാണ്. മറ്റുള്ള രാഷ്ട്രീയ കക്ഷികൾ ഈ സമരത്തിന് നേരെ മുഖം തിരിച്ചു നിൽക്കാൻ കാരണം ഈ പ്രദേശത്തെ എസ്എന്‍ഡിപി വോട്ടുബാങ്കാണ്. ഞങ്ങൾ കുറച്ചു പേർ ബിന്ദുവിന്റെ ഈ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാവും”.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ ഇപ്പോൾ ഇടപെട്ടിട്ടുണ്ട്. പാലിശ്ശേരി ശ്രീനാരായണ ഗുരുദേവ സഭ സ്ക്കൂൾ മാനേജ്മെൻറിനെതിരെ വഞ്ചനാ കുറ്റത്തിന് മാള പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. IPC സെക്ഷന്‍ 420, 34, 406 വകുപ്പുകളിലാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

This post was last modified on November 5, 2018 11:36 am