X

ശ്രീനാരായണ ഗുരു സമാധിക്ക് സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകള്‍ക്ക് അവധി നല്‍കില്ല; എതിര്‍പ്പുമായി സമുദായംഗങ്ങള്‍

അവധിക്കു പകരം ശ്രീനാരായണ ഗുരുവിനെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുമെന്ന് ഫെഡറേഷന്‍

സംസ്ഥാനത്തെ 1,200 സ്‌കൂളുകള്‍ക്ക് നാളെ അവധി ദിനമായിരിക്കുകയില്ല. ശ്രീനാരയണ ഗുരു സമാധി ദിനമായ നാളെ പൊതു അവധി ദിനമായിരിക്കെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്റെ തീരുമാനം. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ തികയുന്നില്ലെന്ന ന്യായമാണ് ഫെഡറേഷന്‍ അധികൃതര്‍ മുന്നോട്ട് വക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഗുരുസമാധി ദിനത്തില്‍ അവധിയായിരിക്കെ ഫെഡറേഷന്റെ തീരുമാനം വ്യാപക എതിര്‍പ്പുകള്‍ക്ക് കാരണമാവുന്നുണ്ട്. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാനില്ലെന്നും തീരുമാനം സദുദ്ദേശപരമാണെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് കതിരൂര്‍ അഴിമുഖത്തോട് പറഞ്ഞു. അവധി നല്‍കുന്നതിന് പകരം സമാധി ദിനത്തില്‍ പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്ത് ശ്രീനാരായണ ഗുരുവിനെക്കുറിച്ചും അദ്ദേഹം നടപ്പാക്കിയ നവോത്ഥാന ആശയങ്ങളെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുമെന്നും രാംദാസ് പറഞ്ഞു.

‘ ഈ തീരുമാനം ഇപ്പോള്‍ എടുത്തതല്ല. കഴിഞ്ഞ വര്‍ഷം തന്നെ ഈ അധ്യയന വര്‍ഷം മുതല്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കുമെന്ന് പറഞ്ഞിരുന്നു. കേരള എഡ്യുക്കേഷന്‍ റൂള്‍ പ്രകാരം 210 പ്രവര്‍ത്തി ദിനങ്ങള്‍ വേണം. എന്നാല്‍ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ലഭിക്കുന്നത് 190 പ്രവൃത്തി ദിവസങ്ങളാണ്. അതില്‍ നിന്നാണ് ഹര്‍ത്താല്‍ പോലുള്ള അവദികളും മറ്റ് പ്രാദേശിക അവധികളും പോവുന്നത്. പ്രാദേശിക ഹര്‍ത്താലുകളടക്കം ഈ അക്കാദമിക വര്‍ഷത്തില്‍ ഇപ്പോള്‍ തന്നെ പതിനഞ്ചോളം ഹര്‍ത്താലുകള്‍ കഴിഞ്ഞു. അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷം 165-170 പ്രവൃത്തി ദിവസങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. കൃത്യമായി പാഠഭാഗങ്ങള്‍ തീര്‍ക്കാനോ പരീക്ഷയെ നേരിടാന്‍ അവരെ പ്രാപ്തരാക്കാനോ ഉള്ള സമയം ലഭിക്കുന്നില്ല. അതുകൊണ്ട് കെ.ഇ.ആര്‍. പ്രകാരം 210 അധ്യയന ദിനങ്ങള്‍ ലഭിക്കാനായി മഹാന്‍മാരുടെ ജയന്തി,സമാധി ദിനങ്ങള്‍ക്ക് പരമാവധി അവധികള്‍ കുറക്കുക എന്ന് തീരുമാനിച്ചത്. മറിച്ച്, അന്നേ ദിവസം ആ മഹത് വ്യക്തികളെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുന്നതിനുള്ള ക്ലാസുകള്‍ ആ ദിവസങ്ങളില്‍ നല്‍കും. നാളെ ശ്രീനാരയണ ഗുരു സമാധിയാണ്. പ്രത്യേക അസംബ്ലി വിളിച്ച് ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസ് കുട്ടികള്‍ക്ക് നല്‍കും.

എന്തിനാണ് അവധി ദിനങ്ങളെ ജീവനക്കാരും മറ്റുള്ളവരും ഇങ്ങനെ പ്രണയിക്കുന്നത്? നഗരത്തില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം അധ്യയന ദിനങ്ങളാണ്. കാരണം അവര്‍ക്കും തുറന്നയിടങ്ങളും കളിസ്ഥലങ്ങളും കിട്ടും. നഗരത്തിലെ കുട്ടികള്‍ അവരുടെ അടച്ചിട്ട സ്വീകരണ മുറിയില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോവുമ്പോഴാണ് അവരുടെ ദിനങ്ങള്‍ കുറച്ചുകൂടി നന്നാവുക. കേരളം മുഴുവന്‍ ഞങ്ങളുടെ ഫെഡറേഷന് കീഴില്‍ സ്‌കൂളുകളുണ്ട്. 1200ഓളം സ്‌കൂളുകളുണ്ട്. എല്ലാ സ്‌കൂളുകളിലേക്കും ഈ സന്ദേശം കൈമാറിയിട്ടുണ്ട്. ഓണ അവധി വെട്ടിച്ചുരുക്കാന്‍ ഞങ്ങള്‍ ആദ്യം തീരുമാനിച്ചിരുന്നു. പക്ഷെ അതിനിടയില്‍ ശനി,ഞായര്‍ ദിവസങ്ങള്‍ വന്നതുകൊണ്ട് മാത്രമാണ് അത് നടപ്പാക്കാതിരുന്നത്. ശ്രീനാരയണ ഗുരുവിന്റെ ജയന്തി ദിനം അവധിയായിരുന്നുതാനും. മന്നത്ത് പത്മനാഭന്റെ ജയന്തി അവധിയാണ്. എന്നാല്‍ എത്ര കുട്ടികള്‍ക്ക് അദ്ദേഹം ആരായിരുന്നു എന്നറിയാം? അപ്പോള്‍ ആ ദിനത്തില്‍ മന്നത്ത് പത്മനാഭന്‍ ആരായിരുന്നുവെന്നും അദ്ദേഹം ഐക്യ കേരള പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ എന്തായിരുന്നുവെന്നും ബോധവല്‍ക്കരണ ക്ലാസ് നല്‍കുന്നതാണ് ഏറ്റവും ഉചിതമായത്.

ഞങ്ങളുടെ അസോസിയേഷനാണ് കേരളത്തില്‍ ചില വിപ്ലവകരമായ തീരുമാനങ്ങളെടുത്തത്. കേരളത്തിലെ അധ്യാപികമാര്‍ക്ക് ആര്‍ത്തവ ദിനത്തില്‍ അവധി നല്‍കുക, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടേയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും മക്കള്‍ക്ക് ഞങ്ങളുടെ സ്‌കൂളുകളില്‍ പ്രവേശനം നല്‍കേണ്ടതില്ല അവര്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കണം, ട്രാന്‍സ്ജന്‍ഡേഴ്‌സിന് പ്രവേശനം നല്‍കുക തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങള്‍ ഞങ്ങളെടുത്തിട്ടുണ്ട്. പുതിയ തീരുമാനത്തില്‍ പരാതി ഉന്നയിച്ച എസ്.എന്‍.ഡി.പി. യൂണിയന്‍ അംഗങ്ങളോട് ഈ തീരുമാനത്തിന് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാനം വിവാദമാക്കേണ്ട ആവശ്യമില്ല. കാരണം നാളെ ലക്ഷക്കണക്കിന് കുട്ടികള്‍ ഗുരുദേവനെക്കുറിച്ച് അറിയാന്‍ പോവുകയാണ്. ‘കുട്ടികളുടെ ശ്രീനാരയണ ഗുരു’ എന്ന പുസ്തകത്തെ ആസ്പദമാക്കി അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കും. തുടര്‍ന്നും ഈ തീരുമാനം നടപ്പാക്കും.’ രാംദാസ് കതിരൂര്‍ പറഞ്ഞു.

എന്നാല്‍ തീരുമാനത്തിനെതിരെ നിരവധി സമുദായാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ വിശ്വാസ പ്രശ്‌നമാണ്. ഗുരു സമുദായാംഗങ്ങളെ സംബന്ധിച്ച് നവോഥാന നായകന്‍ മാത്രമല്ല, ഞങ്ങളുടെ ദൈവമാണ്. ആ ദിവസം അവധി നല്‍കാതെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം’ ഈഴവ സമുദായാംഗവും നാളെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സ്‌കൂളിലെ കുട്ടിയുടെ രക്ഷിതാവുമായ രത്‌നാകരന്‍ പ്രതികരിച്ചു.

 

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on September 20, 2017 7:04 pm