X

“ക്യാമ്പുകളിൽ ആർഎസ്എസ്സുകാരെ തടയുന്നു; പ്രധാനമന്ത്രി ആർഎസ്എസ്സുകാരനാണെന്നത് മറക്കരുത്”: ശ്രീധരൻ പിള്ള

ക്യാമ്പുകളെ കലാപഭൂമിയാക്കരുതെന്നും ശ്രീധരൻ പിള്ള

സംസ്ഥാനത്തെ ക്യാമ്പുകളിൽ ആർഎസ്എസ്സുകാർക്ക് പ്രവേശനം നൽകുന്നില്ലെന്ന പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ആർഎസ്എസ്സുകാരുടെ സഹായം വേണ്ട എന്നാണെങ്കിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആർഎസ്എസ്സുകാരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളെ കലാപഭൂമിയാക്കരുതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന്റെ കാരണമെന്താണെന്നും മുഖ്യമന്ത്രി ആലോചിക്കണം.

കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെത്താത്തത് ഇവിടുത്തെ സാഹചര്യം സംസ്ഥാന സർക്കാർ അദ്ദേഹത്തെ അറിയിക്കാത്തതു കൊണ്ടാണെന്ന് പിള്ള ആരോപിച്ചു. മഹാരാഷ്ട്രയിലും കർണാടകത്തിലുമെല്ലാം സന്ദർശനം നടത്തിയ അമിത് ഷാ കേരളത്തിൽ വരാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് പിള്ളയുടെ പ്രതികരണം.

ക്യാമ്പുകളെല്ലാം സിപിഎം നിയന്ത്രണത്തിലാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വലിയ വീഴ്ച വന്നിട്ടുണ്ട്. കവളപ്പാറയിൽ തെരച്ചിൽ നടത്തുന്നതിന് ആധുനിക സൗകര്യങ്ങളൊന്നും ഇല്ല. റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അടയാളങ്ങളോടു കൂടി ക്യാമ്പുകൾ സന്ദർശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ക്യാമ്പുകളിൽ ഒരാളുടെയും കക്ഷിരാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംഘർഷങ്ങൾക്ക് കാരണമാകുമെന്നതാണ് കാര്യം. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം വന്നിരിക്കുന്നത്.

This post was last modified on August 14, 2019 11:12 pm