X

പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയില്ല; ബിജെപിക്ക് തിരിച്ചടി

കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത്.

കേന്ദ്രമന്ത്രിയായിരുന്ന പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതിയില്‍ നടപടിയില്ല. എസ് പിക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് യതീഷ് ചന്ദ്രയ്‌ക്കെതിരായ പരാതി തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലില്‍ വച്ചാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുക്കുകയും തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാകുകയുമായിരുന്നു. ഈ സംഭവത്തെ ബിജെപി സംസ്ഥാന നേതൃത്വം അഭിമാനപ്രശ്‌നമായാണ് കണക്കാക്കിയത്. യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങളും അവര്‍ നടത്തി. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നല്‍കി. സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു.

അതേസമയം തങ്ങളുടെ പരാതി തള്ളിയതിനെക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും പ്രതികരിച്ചത്. പൊന്‍രാധകൃഷ്ണനെ യതീഷ് ചന്ദ്ര തടഞ്ഞപ്പോള്‍ എ എന്‍ രാധാകൃഷ്ണനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

also read:“കടല്‍ മണ്ണുകൊണ്ട് കുട്ടനാട്ടില്‍ ബണ്ട് കെട്ടിയാല്‍ നില്‍ക്കുമോ?” തോമസ് ഐസകിനെതിരെ ജി സുധാകരന്‍