X

ഫെയര്‍വെല്‍ ഡേ ആഘോഷിച്ചത് കാമ്പസിനുള്ളില്‍ അപകടകരമായ വാഹന റേസിംഗ് നടത്തി; ഏഴു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

എടത്വ സെന്റ്. അലോഷ്യസ് കോളേജിലാണ് സംഭവം

കോളേജ് ക്യാമ്പസില്‍ അപകടകരമാം വിധം കാര്‍ റേസിംഗ് നടത്തിയ ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ എടത്വ സെന്റ്. അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 26 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ആഢംബര ബൈക്കുകള്‍, ഓപ്പണ്‍ ജീപ്പ്, കാര്‍, ബുള്ളറ്റ് എന്നിങ്ങനെ ആറോളം വാഹനങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ യാത്രയയ്പ്പ് ദിവസത്തില്‍ കാമ്പസില്‍ എത്തിയത്. വാഹനങ്ങള്‍ കയറ്റി വിടാതെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞെങ്കിലും ഇത് മറികടന്നാണ് വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളില്‍ കടന്നത്. തുടര്‍ന്നാണ് അപകടകരമാം വിധം റേസിംഗ് നടത്തിയത്. റേസിംഗിനിടയില്‍ രണ്ടു പേര്‍ വാഹനത്തില്‍ നിന്നു തെറിച്ചു വീഴുകയും ചെയ്തിരുന്നു. വീണ രണ്ടുപേരും അത്ഭതകരമായാണ് ജീപ്പിന്റെ അടിയില്‍പ്പെടാതെ രക്ഷപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. മറ്റ് വിദ്യാര്‍ത്ഥികള്‍ റേസിംഗ് മൊബൈലില്‍ വീഡിയോ എടുക്കുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഇവ പുറത്തു വന്നതോടെയാണ് റേസിംഗ് നടന്നതിനെക്കുറിച്ച് എല്ലാവരും അറിയിരുന്നത്.

കോളേജ് അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഏഴ് വിദ്യാര്‍ത്ഥികളെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് നടത്തിയത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും വിളിച്ചു വരുത്തി കോളേജില്‍വച്ച് പ്രിന്‍സിപ്പാള്‍ യോഗം ചേര്‍ന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. വിഷയം ജില്ല കളക്ടറുടെ ശ്രദ്ധയിലും എത്തിയിരുന്നു. മാതൃകപരമായ നടപടിയെടുക്കാനാണ് കളക്ടറുടെ നിര്‍ദേശം.

This post was last modified on March 6, 2019 12:39 pm